അഞ്ച് വർഷത്തിനിടെ 60 പേർ പീഡിപ്പിച്ചു; 18കാരിയുടെ വെളിപ്പെടുത്തൽ, 5 പേർ അറസ്റ്റിൽ
പത്തനംതിട്ട: 18 കാരിയായ വിദ്യാർത്ഥിനിയെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അറുപതിലേറെ പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പരാതി. സി ഡബ്ല്യു സി ക്ക് നൽകിയ പരാതിയിലാണ് വെളിപ്പെടുത്തൽ. പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ 40 പ്രതികൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ രണ്ട് കേസുകളിലായി 5 പേരെ അറസ്റ്റ് ചെയ്തു.
പെൺകുട്ടിക്ക് 13 വയസ്സുള്ളപ്പോൾ മുതൽ കഴിഞ്ഞ 5 വർഷത്തിനിടെ 60ലേറെ പ്രതികൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് വിവരം. ചൂഷണത്തിന് ഇരയായ കാര്യം പെൺകുട്ടി വെളിപ്പെടുത്താൻ തയ്യാറായതോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഗ്രാമീണ മേഖലകളിലെ സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന മഹിളാ സമഖ്യ പദ്ധതി പ്രവർത്തകരോടാണ് പെൺകുട്ടി പ്രശ്നങ്ങൾ സൂചിപ്പിച്ചത്. ഗൗരവം മനസ്സിലാക്കിയ പ്രവർത്തകർ ശിശു ക്ഷേമ സമിതിയെ അറിയിച്ചു. പെൺകുട്ടിയുടെ മാതാവും ഹാജരായി.
കുട്ടിക്ക് 13 വയസ്സുള്ള സമയത്ത് സുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാളുടെ സുഹൃത്തുക്കൾ ദുരുപയോഗം ചെയ്തു. പ്രായപൂർത്തിയാകും മുൻപ് കുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രതികളിൽ ചിലർ കൈവശപ്പെടുത്തി. കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി. 62 പ്രതികളുടെ പേര് കുട്ടി വെളിപ്പെടുത്തിയതായാണ് സൂചന. ഉന്നത പോലീസ് അധികൃതരുടെ മേൽനോട്ടത്തിൽ എസ് എച്ച് ഒ മാരുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽ കേസ് അന്വേഷിക്കും.












Click it and Unblock the Notifications