തിരുവനന്തപുരത്ത് എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; എംഎൽഎ എം വിൻസന്റിനെ കൈയ്യേറ്റം ചെയ്‌തു
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലും ശ്രീകാര്യം പോലീസ് സ്‌റ്റേഷനിലും എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മണിക്കൂറുകളോളമാണ് ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷം നടന്നത്. കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു നേതാവിനെ മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ശ്രീകാര്യം പോലീസ് സ്‌റ്റേഷൻ മാർച്ച് നടത്തിയ കെഎസ്‌യു പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി എത്തിയ എംഎൽഎ എം വിൻസന്റിനും സംഘർഷത്തിൽ പരിക്കേറ്റു.
പോലീസുകാർക്ക് മുൻപിൽ വച്ചാണ് എംഎൽഎക്കെതിരെ കയ്യേറ്റമുണ്ടായത്. ഏറ്റുമുട്ടലിൽ ഒരു കെഎസ്‍യു പ്രവർത്തകനും പോലീസുകാരനും കൂടി പരിക്കേറ്റിട്ടുണ്ട്. അര്‍ധരാത്രി കെഎസ്‌യു നടത്തിയ പോലീസ് സ്‌റ്റേഷൻ ഉപരോധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം ക്യാമ്പസിലെ മുറിയിലിട്ട് എസ്എഫ്ഐ മര്‍ദിച്ചെന്ന് ആരോപിച്ചായിരുന്നു കെഎസ്‌യു പ്രവർത്തകരുടെ ഉപരോധം.

സംഭവത്തിൽ കുറ്റക്കാരായ എസ്എഫ്ഐ പ്രവർത്തകരെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാത്രി പതിനൊന്നരയോടെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ശ്രീകാര്യം പോലീസ് സ്‌റ്റേഷൻ ഉപരോധിക്കുകയായിരുന്നു. ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു സ്‌റ്റേഷനിൽ ഉപരോധ സമരം നടന്നത്.
എന്നാൽ ഈ സമരത്തിനെതിരെ എസ്എഫ്ഐ രംഗത്ത് വരികയായിരുന്നു. കെഎസ്‌യുവിന്റേത് തട്ടിപ്പ് സമരം ആയിരുന്നുവെന്ന് അവർ ആരോപിച്ചു. ഇതിന് പിന്നാലെ ശ്രീകാര്യം പോലീസ് സ്‌റ്റേഷനിലേക്ക് എസ്എഫ്ഐ പ്രവർത്തകരും കൂട്ടമായി എത്തുകയായിരുന്നു. ഇതോടെ അവിടെ വച്ച് ഇരു വിഭാഗങ്ങളും തമ്മിൽ പോർവിളിയും ഒടുവിൽ അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
ഈ സമയമാണ് കോവളം എംഎൽഎയായ എം വിൻസന്റ് സ്ഥലത്തേക്ക് എത്തിയത്. കാറിൽ നിന്നിറങ്ങിയ വിന്സന്റിനെ എസ്എഫ്ഐ പ്രവർത്തകർ കൈയ്യേറ്റം ചെയ്യുകയായിരുന്നു. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. സ്‌റ്റേഷന് മുൻപിൽ നടന്ന കല്ലേറിൽ പരിക്കേറ്റ പോലീസുകാരനെ ഇതിനിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
കെഎസ്‌യുവിന്റെ മാർ ഇവാനിയോസ് കോളജ് യൂണിറ്റ് സെക്രട്ടറി ആദിനാഥിനും സിപിഒ സന്തോഷിനുമാണ് പരിക്കേറ്റത്. എന്നാൽ കാര്യവട്ടം ക്യാംപസിലെ സംഘർഷം ആസൂത്രിതമായിരുന്നു എന്നാണ് എസ്എഫ്ഐ ആരോപണം. കെഎസ്‌യുവും കോൺഗ്രസും മനപൂർവം പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയാണ് എന്നാണ് എസ്എഫ്ഐ നേതൃത്വം ആരോപിക്കുന്നത്.
പുലർച്ചെ രണ്ട് മണി വരെ ശ്രീകാര്യം പോലീസ് സ്‌റ്റേഷൻ പരിസരം സംഘർഷ ഭരിതമായിരുന്നു. കാര്യങ്ങൾ കൈവിട്ടുപോവുമെന്ന് തോന്നിയതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെടുകയായിരുന്നു. കഴക്കൂട്ടം അസിസ്‌റ്റന്റ് കമ്മിഷണറും ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്‌റ്റന്റ് കമ്മിഷണറും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ഒടുവിൽ രണ്ട് കൂട്ടരുടെയും പരാതിയിൽ കേസെടുക്കാമെന്ന ഉറപ്പിലാണ് ഇവർ പിരിഞ്ഞു പോയത്.












Click it and Unblock the Notifications