മഹാരാജാസിനെ ഇനി മൃദുല നയിക്കും; ചരിത്രം രചിച്ച് എസ്എഫ്ഐ! ഉജ്ജ്വല വിജയം, ഏഴു വനിതകൾ...
ദളിത് വിദ്യാർത്ഥിനിയായ മൃദുലയാണ് എസ്എഫ്ഐയുടെ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്.
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് ചരിത്ര വിജയം. ചരിത്രത്തിലാദ്യമായി ഏഴ് വനിതകളെ എസ്എഫ്ഐ സ്ഥാനാർത്ഥികളായി നിർത്തിയതോടെയാണ് മഹാരാജാസ്
കോളേജിലെ തിരഞ്ഞെടുപ്പ് ദേശീയതലത്തിൽ വരെ ശ്രദ്ധനേടിയത്.
ദളിത് വിദ്യാർത്ഥിനിയായ മൃദുലയാണ് എസ്എഫ്ഐയുടെ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് ചെയർപേഴ്സൺ- ഷഹാന മൻസൂർ, യുയുസി- ഇർഫാന, വിവിധ വിഭാഗങ്ങളിലെ പ്രതിനിധികളായി സാരംഗി, ശ്രീലേഖ, സുനൈന ഷിനു, വിദ്യ എന്നിവരും വിജയിച്ചു. എസ്എഫ്ഐ പാനലിൽ മത്സരിച്ച എല്ലാ വനിതാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്.

യൂണിയൻ തിരഞ്ഞെടുപ്പിൽ ഒരു മൈനർ സീറ്റൊഴികെ എല്ലാ സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു. കെഎസ് യു, എബിവിപി, എംഎസ്എഫ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകളെ നിഷ്പ്രഭമാക്കിയായിരുന്നു എസ്എഫ്ഐയുടെ ചരിത്ര വിജയം. മഹാരാജാസിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ചെയർപേഴ്സണാണ് മൃദുല.
മഹാരാജാസിന് പുറമേ, ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടന്ന ആലുവ യുസി കോളേജിലും, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലും എസ്എഫ്ഐയ്ക്കാണ് വിജയം. മുഴുവൻ സീറ്റുകളും തൂത്തുവാരിയാണ് എസ്എഫ്ഐ ഇവിടങ്ങളിൽ വിജയിച്ചത്. എസ്എഫ്ഐയ്ക്ക് ചരിത്ര വിജയം സമ്മാനിച്ച പ്രവർത്തകരെയും വിദ്യാർത്ഥികളെയും സംസ്ഥാന സെക്രട്ടേറിയേറ്റ് അഭിവാദ്യം ചെയ്തു.












Click it and Unblock the Notifications