ഷഹനയ്ക്ക് പിന്നാലെ കോഴിക്കോട്ടെ ഷബ്നയും; സ്ത്രീധന സമ്പ്രദായം അപമാനകരവും വേദനാജനകവും: കെസി വേണുഗോപാല്‍
തിരുവനന്തപുരം: കേരളത്തിൽ പല രൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുകയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറിയും എം പിയുമായ കെസി വേണുഗോപാല്‍. തിരുവനന്തപുരത്തെ ഡോക്ടർ ഷഹനയുടെ ആത്മഹത്യക്ക് പിന്നാലെ കോഴിക്കോട് ഓർക്കാട്ടേരിയിൽ ഷെബിനയെന്ന യുവതി ഭർതൃവീട്ടുകാരുടെ പീഡനം മൂലം ജീവനൊടുക്കിയെന്ന വാർത്ത കഴിഞ്ഞ ദിവസം കണ്ടു. സാമൂഹ്യവിപത്തായി കണ്ട് അഭിസംബോധന ചെയ്യേണ്ട ഗൗരവതരമായ വിഷയമാണ് സ്ത്രീധനവും ഗാര്‍ഹിക പീഡനവുമെന്നും അദ്ദേഹം പറയുന്നു.
ഇത്തരം പ്രവണതകള്‍ ഇല്ലാതാകാന്‍ നാട്ടിലെ നിയമസംവിധാനം കൂടുതൽ കർക്കശമാകണം. സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്നും കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കേരളത്തിൽ പല രൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുകയാണ്. രാജ്യത്ത് സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ട് ആറു പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു. പക്ഷേ, ഇപ്പോഴും നമ്മുടെ നാട്ടിൽ ദുരാചാരത്തിന്റെ പേരിൽ പീഡനവും ജീവഹാനിയും തുടരുന്നുവെന്നത് അപമാനകരവും വേദനാജനകവുമാണ്.
കേരളത്തിൽ പല രൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുകയാണ്. ഡോ. ഷഹനയുടെ ആത്മഹത്യ അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് കരുതി. എന്നാൽ കോഴിക്കോട് ഓർക്കാട്ടേരിയിൽ ഷെബിനയെന്ന യുവതി ഭർതൃവീട്ടുകാരുടെ പീഡനം മൂലം ജീവനൊടുക്കിയെന്ന വാർത്ത കഴിഞ്ഞ ദിവസം കണ്ടു. എങ്ങോട്ടേക്കാണ് ഈ നാട് പോകുന്നത്? പൊലീസിനെയും നിയമസംവിധാനത്തെയുമൊന്നും ഭയമില്ലാത്തവരുടെ കൂടി നാടായി കേരളം മാറിയിരിക്കുന്നു.
സാമൂഹ്യവിപത്തായി കണ്ട് അഭിസംബോധന ചെയ്യേണ്ട ഗൗരവതരമായ വിഷയമാണ് സ്ത്രീധനവും ഗാര്‍ഹിക പീഡനവും. കുടുംബത്തിന്‍റെ നിലയും വിലയും കാണിക്കാനുള്ള ഒന്നല്ല വിവാഹം. നൽകിയ സ്ത്രീധനത്തിന്റെ കണക്കാകരുത് കുടുംബത്തിന്‍റെ മഹിമയുടെ അളവുകോല്‍. അങ്ങനെ ചിന്തിക്കുന്നവര്‍ പെണ്‍കുട്ടികളെ വില്‍പ്പനചരക്കാക്കി മാറ്റുകയാണ് എന്നോര്‍ക്കണം.
വിവാഹത്തെയും കുടുംബജീവിതത്തെയും ആ വിധത്തിലുള്ള വ്യാപാര കരാറായി തരംതാഴ്ത്തരുത്. ഭര്‍ത്താവിന്‍റെ വീട്ടില്‍ ശാരീരികവും മാനസികവുമായ പീഡനവും സഹിച്ച് കഴിയേണ്ടവളാണ് ഭാര്യ എന്ന ചിന്ത പെണ്‍കുട്ടികളുടെ മനസ്സില്‍ അടിച്ചേല്‍പ്പിക്കരുത്. ഇവ രണ്ടും പുരുഷാധിപത്യ ചിന്താഗതിയുടെ പ്രകടനങ്ങളാണ്.
നാട്ടിലെ നിയമസംവിധാനം കൂടുതൽ കർക്കശമാകണം. സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തണം.












Click it and Unblock the Notifications