ഗ്രീഷ്മയുടെ അക്കാദമിക മികവിൽ ഞെട്ടി പോലീസ്; വഴി തെറ്റിക്കാൻ ഗൂഗിളിൽ ഗവേഷണം,ബന്ധുക്കളേയും പഠിപ്പിച്ചു
തിരുവനന്തപുരം: പാറശാലയിൽ ഡിഗ്രി വിദ്യാർത്ഥി ഷാരോണിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പെൺ സുഹൃത്ത് ഗ്രീഷ്മയുടെ മാതാവിനേയും അമ്മാവനേയും അറസ്റ്റ് ചെയ്ത് പോലീസ്. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിനാണ് ഇരുവരേയും പ്രതി ചേർച്ചത്. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധ മൊഴികൾ നൽകിയതാണ് ഇരുവരേയും കുടുക്കിയത്.

ഷാരോണിന് നൽകാനുള്ള കഷായത്തിൽ കളനാശിനി കലക്കാൻ ഗ്രീഷ്മയെ സിന്ധു സഹായിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. തുടക്കത്തിൽ കൊലപാതകത്തിന് പിന്നിൽ ഗ്രീഷ്മ മാത്രമാണ് കൊലയ്ക്ക് പിന്നിൽ എന്നായിരുന്നു പോലീസ് കരുതിയിരുന്നത്. ആരും സഹായിച്ചില്ലെന്ന് ഗ്രീഷ്മയും മൊഴി നൽകിയിരുന്നു.

അവസാനമായി ഷാരോൺ ഗ്രീഷ്മയുടെ വീട്ടിൽ പോയ ദിവസം ഗ്രീഷ്മയുടെ അമ്മ സിന്ധു വീട്ടിലുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആരുമില്ലാത്ത നേരത്താണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചതെന്ന് പോലീസ് കണക്ക് കൂട്ടി. എന്നാൽ സിന്ധു അധിക ദൂരം പോയിരുന്നില്ലെന്ന് മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പോലീസിന് വ്യക്തമായി.

ഷാരോണിന് നൽകിയ വിഷക്കുപ്പി കഴുകി വൃത്തിയാക്കിയ ശേഷം പറമ്പിലേക്ക് എറിഞ്ഞുവെന്നായിരുന്നു ഗ്രീഷ്മ പോലീസിന് മൊഴി നൽകിയത്. എന്നാൽ ഈ കുപ്പി അമ്മാവൻ നിർമൽ ആണ് എടുത്ത് മാറ്റിയതെന്ന് പോലീസ് കണ്ടെത്തി. അതേസമയം അന്വേഷണത്തെ വഴി തെറ്റിക്കാൻ ഗ്രീഷ്മ തുടക്കം മുതൽ തന്നെ കൃത്യതയോടെയാണ് നീങ്ങിയതെന്നും പോലീസ് പറയുന്നു.

ആദ്യ ഘട്ട ചോദ്യം ചെയ്യലിലെല്ലാം ഷാരോണിനെ ആത്മാർത്ഥമായി സ്നേഹിച്ചയാളാണ് താൻ എന്ന നിലയ്ക്കുള്ള ഉത്തരങ്ങളും വൈകാരിക പ്രകടനങ്ങളുമായിരുന്നു ഗ്രീഷ്മ നടത്തിയിരുന്നു. സംശയം തോന്നാതിരിക്കാൻ ഗൂഗിളിൽ തിരഞ്ഞെതായും പോലീസ് പറയുന്നു. സ്വയം പഠിക്കുക മാത്രമല്ല പോലീസ് ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാൻ അമ്മയേയും അമ്മാവനേയും ഗ്രീഷ്മ പഠിപ്പിച്ച് വെച്ചിട്ടുണ്ട്.

ഗ്രീഷ്മയുടെ ആസൂത്രണവും അക്കാദിമ മികവുമെല്ലാം പോലീസിനേയും ഞെട്ടിച്ചിട്ടുണ്ട്. പഠിക്കാൻ മിടുക്കിയായ കലയിൽ താത്പര്യമുള്ള ഗ്രീഷ്മയെ കുറിച്ച് നാട്ടുകാർക്കെല്ലാം നല്ലത് മാത്രമാണ് പറയാനുള്ളത്. ബി എ ഇംഗ്ലീഷിൽ റാങ്കുകാരിയായ ഗ്രീഷ്മ നൃത്തരംഗത്തും ഏറെ സജീവമായിരുന്നു. കോളേജിലും യൂനിവേഴ്സിറ്റി തല മത്സരങ്ങളിലുമെല്ലാം പങ്കെടുക്കാറുണ്ട്. നാട്ടിലെ ക്ലബ്ബുകളിൽ എല്ലാം സജീവമായി തന്നെ പരിപാടികളിൽ പങ്കെടുക്കാറുണ്ടായിരുന്നത്രേ.

വിഷക്കുറ്റി കണ്ടെടുത്തു
ഷാരോൺ കൊലക്കേസിൽ നിർണായക തെളിവായ വിഷക്കുപ്പി ഗ്രീഷ്മയുടെ വീട്ടുവളപ്പിൽ വെച്ച് കണ്ടെത്തി. തെളിവെടുപ്പിനിടെ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ ആണ് കുപ്പി ഉപേക്ഷിച്ച സ്ഥലം കാണിച്ച് കൊടുത്തത്.കുപ്പി രാസപരിശോധനയ്ക്ക് ഉടൻ അയക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം പ്രതികളെ വീട്ടിലെത്തിച്ച സമയത്ത് പ്രദേശത്ത് വലിയ ജനക്കൂട്ടമാണ് തടിച്ച് കൂടിയത്. ഉടൻ ഒന്നാം പ്രതിയായ ഗ്രീഷ്മയേയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications