മകന് നീതി കിട്ടില്ലേ? പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ അച്ഛനും അമ്മയും, ഗ്രീഷ്മയുടെ ജാമ്യത്തിനെതിരെ അപ്പീലിന്
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിനെതിരെ ഷാരോണിന്റെ കുടുംബം രംഗത്ത്. ഹൈക്കോടതി ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നും മകന് നീതി കിട്ടുമെന്ന് തോന്നുന്നില്ലെന്നും ഷാരോണിന്റെ അച്ഛന്‍ വണ്‍ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.
''21 വയസ്സുളള പെണ്‍കുട്ടിയെ എന്തിന് ജയിലിലിട്ടിരിക്കുന്നു എന്നാണ് കോടതി ചോദിച്ചത്. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് 23 വയസ്സുളള മകനെയാണ്. അത് ഹൈക്കോടതി കണ്ടില്ല. സുപ്രീം കോടതിയില്‍ പോകാനാണ് തീരുമാനം. കേസില്‍ തിരിമറി നടന്നതായി സംശയിക്കുന്നു. മകന് നീതി കിട്ടണം'', ഷാരോണിന്റെ അച്ഛന്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞു.

''മകന് നീതി കിട്ടുമെന്ന് ഈ നിമിഷം വരെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതോടെ അതില്ലാതായി. അവള്‍ ഒളിവില്‍ പോകില്ലെന്ന് എന്താണ് ഉറപ്പ്. അവള്‍ ക്രിമിനല്‍ മൈന്‍ഡുള്ള പെണ്ണാണ്. ഒരു ദിവസം കൊണ്ട് ചെയ്തതല്ല കൊലപാതകം. ആലോചിച്ച് ചെയ്തതാണ്. അങ്ങനെ നിഗൂഢതയുളള അവള്‍ രക്ഷപ്പെടാനുളള മാര്‍ഗം കണ്ടെത്തും. ഞങ്ങളുടെ മകന്‍ അനുവദിച്ച വേദനയ്ക്ക് നീതി കിട്ടില്ലേ'' എന്ന് ഷാരോണിന്റെ അമ്മ ചോദിക്കുന്നു.
''23 വയസ്സുവരെ മകനെ കഷ്ടപ്പെട്ട് വളര്‍ത്തിയതാണ്. വീടും പുരയിടവും പണയം വെച്ച് പത്ത് ലക്ഷത്തോളം ലോണ്‍ എടുത്താണ് മക്കളെ രണ്ട് പേരെയും പഠിപ്പിച്ചത്. വീട് ജപ്തിയിലാണ്. അതിനെക്കുറിച്ചൊന്നും ഓര്‍ക്കുന്നില്ല. മകന് നീതി കിട്ടണം എന്ന് മാത്രമേ ഉളളൂ. ജാമ്യം കൊടുത്തതോടെ ഇനി 5 വര്‍ഷത്തേക്ക് കേസില്‍ ഒരു വഴിത്തിരിവും ഉണ്ടാകില്ല. ഇനി മുഖ്യമന്ത്രിയെ കാണും''. ജാമ്യം റദ്ദാക്കാനുളള അപ്പീല്‍ സുപ്രീം കോടതിയില്‍ കൊടുക്കാനാണ് തീരുമാനമെന്നും ഷാരോണിന്റെ അച്ഛന്‍ പറയുന്നു. ആത്മാർത്ഥമായി അവളെ സ്നേഹിച്ചു എന്നൊരു കുറ്റം മാത്രമേ മകൻ ചെയ്തിട്ടുളളൂ എന്ന് ഷാരോണിന്റെ കുടുംബം കണ്ണീരോടെ പറയുന്നു.
ചൊവ്വാഴ്ചയാണ് ഷാരോണ്‍ രാജ് വധക്കേസിലെ പ്രതിയായ ഗ്രീഷ്മ ജയില്‍ മോചിതയായത്. രാത്രിയോടെ നടപടികള്‍ പൂര്‍ത്തിയാക്കി ഗ്രീഷ്മ ജയിലില്‍ നിന്ന് ഇറങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഗ്രീഷ്മ തയ്യാറായില്ല. കാമുകനായ ഷാരോണിനെ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി എന്നാണ് കേസ്.












Click it and Unblock the Notifications