ഗൗരിയമ്മയെ പോലൊരു നേതാവിനെ നിയന്ത്രിക്കാന്‍ എനിക്ക് പറ്റില്ല; അന്ന് വക്കം പുരുഷോത്തമന്‍ പറഞ്ഞത്
കൊല്ലം: കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍. കെആര്‍ ഗൗരിയമ്മയുമായുള്ള നിയമസഭ കാലത്തെ ചില ഓര്‍മ്മകളും ഷിബു ബേബി ജോണ്‍ പങ്കുവച്ചു. അന്ന് നിയമസഭ സ്പീക്കറായിരുന്ന വക്കം പുരുഷോത്തമന്‍ കെ ആര്‍ ഗൗരിയമ്മയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളും ഷിബു ബേബി ജോണ്‍ വെളിപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷിബു ബേബി ജോണ്‍ ഇക്കാര്യം കുറിച്ചത്.

ആദ്യമായി എംഎല്‍എ ആയി
ഗൗരിയമ്മ കൃഷി മന്ത്രിയും സാക്ഷാല്‍ വക്കം പുരുഷോത്തമന്‍ നിയമസഭാ സ്പീക്കറുമായിരുന്ന 2001 കാലഘട്ടത്തിലാണ് ഞാന്‍ ആദ്യമായി എംഎല്‍എ ആയി എത്തുന്നത്. ആ നിയമസഭയിലെ ഏറ്റവും സീനിയര്‍ അംഗവും അന്ന് ഗൗരിയമ്മയായിരുന്നു.
ഏറ്റവും കര്‍ക്കശക്കാരനായ സ്പീക്കറായിരുന്നു ശ്രീ. വക്കം പുരുഷോത്തമന്‍.

സമയക്രമം പാലിക്കാന്‍
സമയകൃത്യത അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. കൃത്യസമയത്ത് തന്നെ സഭ ആരംഭിക്കുകയും കൃത്യ സമയത്ത് സഭ പിരിയുകയും ചെയ്യും. ഒന്നരയ്ക്ക് സഭ പിരിയണമെന്നാണ് സമയപരിധിയെങ്കില്‍ കൃത്യം 1.20 ആകുമ്പോള്‍ നടപടി ക്രമങ്ങളൊക്കെ അവസാനിച്ച് സഭ പിരിയും.
പ്രഭാഷണം ആരംഭിച്ചാല്‍ നിര്‍ത്താന്‍ പ്രയാസമുള്ള വാഗ്മികളെയെല്ലാം വടിയെടുക്കുന്ന ഹെഡ്മാസ്റ്ററെ പോലെ കൃത്യമായി നിയന്ത്രിച്ച് സമയക്രമം പാലിക്കാന്‍ വക്കത്തിന് കഴിഞ്ഞിരുന്നു.

സ്പീക്കര്‍ ഇടപെടും
എല്ലാ എംഎല്‍എമാരും ഒരു മിനിട്ട് പോലും അധികരിയ്ക്കാതെ ഉള്ള സമയത്തില്‍ പ്രസംഗിച്ചു തീര്‍ക്കണം. മന്ത്രിമാര്‍ക്ക് മറുപടി നല്‍കാന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന സമയം കഴിഞ്ഞു പോകരുത്, സമയമാകുമ്പോള്‍ സ്പീക്കര്‍ ഇടപെടും. (നിയമസഭാ പ്രവര്‍ത്തനങ്ങളിലെ അന്നത്തെ ആ ചിട്ട ഞാന്‍ ഇന്നും ബഹുമാനത്തോടെയാണ് കാണുന്നത്.)

സ്പീക്കറെ ഡയസില്‍ കാണാറില്ല
പക്ഷെ ഗൗരിയമ്മയുടെ മറുപടി പ്രസംഗമുള്ള ദിവസങ്ങളിലൊന്നും സ്പീക്കറെ ഡയസില്‍ കാണാറില്ല. ഡെപ്യൂട്ടി സ്പീക്കറായിരുന്ന ശ്രീ. സുന്ദരന്‍ നാടാരെ ചുമതലയേല്‍പ്പിച്ചിട്ട് അദ്ദേഹം ഡയസില്‍ നിന്നും മാറും. ഇത് പലവട്ടം ശ്രദ്ധിച്ചപ്പോള്‍ ഞാനാരിക്കല്‍ സ്വകാര്യ സംഭാഷണത്തിനിടെ ഇക്കാര്യം അദ്ദേഹത്തോട് ചോദിച്ചു.

മറുപടി ഇങ്ങനെ
അതിനദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു. '' ഗൗരിയമ്മയെ പോലൊരു സീനിയര്‍ നേതാവിനെ നിയന്ത്രിക്കാന്‍ എനിക്ക് പറ്റില്ല. എന്നാല്‍ ഡയസിലിരിക്കുമ്പോള്‍ ഞാന്‍ അവരെ നിയന്ത്രിക്കാതിരുന്നാല്‍ അത് തെറ്റായൊരു മാതൃകയുമാകും. അതു കൊണ്ടാണ് അവര്‍ മറുപടി പറയുമ്പോള്‍ ഞാന്‍ ചേംബറിലേക്ക് മടങ്ങുന്നത്.''
Recommended Video

ഗൗരിയമ്മ ഒന്നേയുള്ളു
രാഷ്ട്രീയ ഭേദമന്യേ ഏവരും ബഹുമാനിച്ചിരുന്ന നേതാവായിരുന്നു ഗൗരിയമ്മ. സഭാധ്യക്ഷന് പോലും നിയന്ത്രിച്ചാല്‍ തെറ്റായിപ്പോകുമോ എന്ന് ശങ്ക തോന്നുന്ന വ്യക്തിത്വത്തിനുടമ. കേരള ചരിത്രത്തില്‍ അങ്ങനെയൊരു ഗൗരിയമ്മ ഒന്നേയുള്ളു.












Click it and Unblock the Notifications