മഹാരാഷ്ട്ര താമസിച്ചില്ല; കേരളം എന്തുകൊണ്ട് ഇതുവരേയും കപ്പല്‍ കമ്പനിക്കെതിരെ കേസെടുത്തില്ല: കെസി വേണുഗോപാല്‍
കൊച്ചി പുറംകടലിലെ കപ്പലപകടത്തില്‍ കപ്പല്‍ കമ്പനിക്കെതിരെ കേസ് എടുക്കാത്തത്തില്‍ വിമർശനം ഉയർത്തി എ ഐ സി സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാല്‍. മഹാരാഷ്ട്രയിൽ 2010 ൽ സമാനമായ ഒരു കപ്പൽ അപകടം ഉണ്ടായപ്പോൾ തൊട്ടടുത്ത ദിവസം സർക്കാർ കേസെടുക്കുകയും ഭീമമായ ഒരു നഷ്ടപരിഹാരം നല്കാൻ ആ കമ്പനി ബാധ്യസ്ഥമാകുകയും ചെയ്തു. കേരളത്തിലാകട്ടെ കപ്പൽ അപകടം ഉണ്ടായി 15 ദിവസം പിന്നിട്ടിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം രണ്ടാം തീയ്യതി തന്നെ എന്തുകൊണ്ട് സർക്കാർ ഈ വിഷയത്തിൽ കേസെടുക്കാൻ തയ്യാറാകുന്നില്ലെന്ന് ഞാൻ ചോദിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾക്ക് അവരുടെ തൊഴിൽ ചെയ്യാൻ കഴിയാത്തത് കൊണ്ട് ഭീമമായ നഷ്ടം തീരദേശ മേഖലയിൽ ഉണ്ടാകാൻ ഇടയാക്കിയ ഒരു ദുരന്തമായി ഇത് മാറിയിരിക്കുകയാണ്. അതിനോടൊപ്പം വലിയ പാരിസ്ഥിതിക ആഘാതവും ഈ അപകടം കാരണം ഉണ്ടായിരിക്കുന്നു. ഈ കാരണങ്ങൾ കണക്കിലെടുത്തുകൊണ്ട് കപ്പൽ നിർമ്മാണ കമ്പനിയെ പ്രതിയാക്കി കേസെടുക്കാൻ എന്തുകൊണ്ട് സർക്കാർ തയ്യാറാകുന്നില്ലെന്ന ചോദ്യം പ്രസക്തമാണ്.

ഇത്തരമൊരു അപകടമുണ്ടായി ഇത്രയും ദിവസമായിട്ടും ആ കമ്പനി രംഗത്ത് വരുന്നേയില്ല. എന്തൊക്കെയാണ് കാർഗോയിൽ ഉണ്ടായിരുന്നതെന്ന് വെളിപ്പെടുത്തുന്ന കാർഗോ മാനിഫെസ്റ്റോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കപ്പലിലെ വോയിസ് ഡാറ്റ റിക്കോർഡറിലേ വിവരങ്ങൾ ഇതുവരെ നമ്മുക്ക് ലഭിച്ചിട്ടില്ല. കേരളത്തിന് കേസെടുക്കാൻ അവകാശമില്ലെന്ന് വാദിക്കുകയാണ് സർക്കാർ. എന്നാൽ ഈ പ്രചാരണം തെറ്റാണ്. 2016 ലെ സ്‌പെഷ്യൽ ഗസറ്റ് അനുസരിച്ച് 200 നോട്ടിക്കൽ മൈലിനുള്ളിൽ വരെ കേസെടുക്കാൻ സർക്കാരിന് അനുവാദമുണ്ട്. സ്ഥലം എസ് എച്ച് ഒ ആണ് ഈ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്യേണ്ടത്.
കപ്പൽ നിർമ്മാണ കമ്പനി കുറ്റം ചെയ്തിട്ടുണ്ടോയെന്ന് അന്വേഷണത്തിലാണല്ലോ തെളിയേണ്ടത്. സ്ഥലം എസ് എച്ച് ഒയ്ക്ക് വിഷയത്തിൽ കേസെടുക്കാൻ എന്തായിരുന്നു തടസ്സം? മുഖ്യമന്ത്രിയും ഷിപ്പിംഗ് സെക്രട്ടറിയും കേരള ചീഫ് സെക്രട്ടറിയും മാത്രം രഹസ്യ സ്വഭാവത്തോടെയുള്ള യോഗം ചേർന്ന് തീരുമാനമെടുത്തിരിക്കുന്നു. മിനിറ്റ്സിൽ രേഖപ്പെടുത്തിയത്, വിഴിഞ്ഞം തുറമുഖത്തിന് വളരെ വേണ്ടപ്പെട്ടതാണ്കപ്പൽ കമ്പനി. അതിനാൽ അവർക്കെതിരെ കേസെടുത്ത് മുന്നോട്ട് പോകേണ്ട കാര്യമില്ല എന്നാണ്. എന്ത് അധികാരത്തിന്റെ പുറത്താണ് മുഖ്യമന്ത്രി ഇത് ചെയ്‌തത്? ക്രിമിനൽ മെന്റാലിറ്റിയോടും ലാഘവത്തോടും കൂടിയാണ് സർക്കാർ ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ഇതിൽ ദുരൂഹതയുണ്ട്. ആരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം? കേരളസമൂഹത്തോട് ഉത്തരം പറയാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കെസി വേണുഗോപാല്‍ പറയുന്നു.
മത്സ്യത്തൊഴിലാളികൾക്ക് കോടികളുടെ നഷ്ടമുണ്ടായി. കമ്പനിയിൽ നിന്ന് കൃത്യമായ നഷ്ടപരിഹാരം നേടിക്കൊടുക്കാൻ സർക്കാരിന് താൽപ്പര്യമില്ല. കേരളത്തിലെ തീരപ്രദേശത്തെയും മത്സ്യത്തൊഴിലാളികളെയും വിറ്റ് കാശാക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. കേസ് കൊടുക്കുന്നത് നഷ്ടപരിഹാരം ലഭിക്കാൻ തടസ്സമാകുന്നത് എങ്ങനെയാണ്? മുൻ അനുഭവങ്ങൾ അങ്ങനെയല്ല. മഹാരാഷ്ട്രയിലും കൊല്ലത്തും കപ്പൽ അപകടമുണ്ടായപ്പോൾ കേസെടുത്ത് അന്വേഷണം നടത്തിയാണ് നഷ്ടപരിഹാരം നേടിയെടുത്തത്. ഒത്തുതീർപ്പ് രാഷ്ട്രീയത്തിലേക്ക് മാറിയിരിക്കുകയാണ് കേരള സർക്കാർ. നിയമപരമായ വഴികൾ കോൺഗ്രസ് തേടുന്നുണ്ട്. കോടതിയിൽ കേസ് നൽകിയിട്ടുണ്ടെന്നും എംപി കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് കമ്മീഷനും വിമർശനം
കേന്ദ്ര സർക്കാരിന്റെ തെരഞ്ഞെടുപ്പ് വിഭാഗമായി മാറുന്ന വിധമാണ് ഇലക്ഷൻ കമ്മീഷന്റെ കുറച്ച് കാലമായുള്ള പ്രവർത്തനരീതി. സിസിടിവി ഫൂട്ടേജ് എടുക്കാൻ പാടില്ലെന്ന തീരുമാനം എടുത്തത് എന്തിനാണ്? ഉത്തരമുണ്ടോ? ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് പകരം രാഷ്ട്രീയ വിമർശനങ്ങളിൽ പങ്കുചേരുന്ന ഇലക്ഷൻ കമ്മീഷനെയാണ് ഇവിടെ കാണുന്നത്. ചോദ്യങ്ങളുടെ അടിസ്ഥാനം ശരിയാണെന്ന് ഇത് തെളിയിക്കുന്നു. ബോധ്യപ്പെടുന്ന തെറ്റുകൾക്കെതിരായ പരസ്യവിമർശനങ്ങൾ കോൺഗ്രസ് തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
വഴിക്കടവ് ദുരന്തം
വഴിക്കടവിൽ നടന്നത് വളരെ ദൗർഭാഗ്യകരമായ സംഭവമാണ്. എന്തിന്റെ പേരിലാണ് ഇത്തരത്തിൽ മരണങ്ങൾ നടക്കുന്നത്? കഴിഞ്ഞ 9 വർഷമായി എൽഡിഎഫ് ഭരിക്കുന്നു. എത്ര പേരാണ് മനുഷ്യ-വന്യജീവി സംഘർഷത്തിൽ മരണപ്പെടുന്നത്! മനുഷ്യനെ വന്യമൃഗങ്ങൾക്ക് ഇട്ടുകൊടുക്കയാണ് സർക്കാർ. വന്യമൃഗങ്ങൾ കാട് വിട്ട് നാട്ടിലേക്ക് ഇറങ്ങി വരുന്ന സാഹചര്യത്തിന്റെ പരിണിതഫലമാണ് വഴിക്കടവിലെ സംഭവം. ഗൂഢാലോചനയുണ്ടെങ്കിൽ പോലീസ് അന്വേഷിക്കട്ടെ. തെരഞ്ഞെടുപ്പ് അവസാനിക്കാൻ കാത്തുനിൽക്കേണ്ട ആവശ്യമില്ല. മനുഷ്യ- വന്യജീവി സംഘർഷത്തിൽ മരണമുണ്ടായ ഇടങ്ങളിലെല്ലാം ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം ഗൂഢാലോചനയാണെന്നാണോ? അത് സർക്കാരിന്റെ അപക്വമായ പ്രസ്താവന മാത്രമാണ്. സർക്കാരിന്റെ അനാസ്ഥ ഉണ്ടായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്‌പരം പഴി ചാരുകയല്ല വേണ്ടത്. നടപടിയെടുക്കണമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications