അര്‍ജുനെ ഇന്ന് കണ്ടെത്താനായേക്കും എന്ന് അഷ്‌റഫ് എംഎല്‍എ; തിരച്ചിലില്‍ സംതൃപ്തരെന്ന് കുടുംബം
മംഗലാപുരം: ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ ഇന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കും എന്ന പ്രതീക്ഷയുണ്ട് എന്ന് എ കെ എം അഷ്‌റഫ് എം എല്‍ എ. അത്യാധുനിക സംവിധാനമുള്ള ഉപകരണമായ ബൂം ലെങ്ത് വളരെ പെട്ടെന്ന് എത്തും എന്നും ഇന്ന് തന്നെ അര്‍ജുനെ കണ്ടെത്താനാകും എന്നാണ് പ്രതീക്ഷ എന്നും എ കെ എം അഷ്‌റഫ് പറഞ്ഞു.
'എല്ലാ ദിവസത്തേയും പോലെ പ്രാര്‍ത്ഥിച്ച് നില്‍ക്കുകയാണ്. ഇന്ന് അര്‍ജുനെ കണ്ടെത്താനാകും എന്നാണ് പ്രതീക്ഷ. ഗംഗാവലി പുഴയിലെ തിരച്ചിലില്‍ അര്‍ജുനെ കണ്ടെത്താനാകും എന്ന ശുഭപ്രതീക്ഷയുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുള്ള കാര്യം സതീഷ് സെയ്ല്‍ എംഎല്‍എ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ചിത്രീകരിക്കാനുള്ള അനുമതി മുഖ്യമന്ത്രി തന്നിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.

അതേസമയം പുഴയോട് ചേര്‍ന്നുള്ള അടിഭാഗത്തില്‍ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തുന്നത് എന്നും നിലവിലെ തിരച്ചിലില്‍ സംതൃപ്തിയുണ്ട് എന്നും അര്‍ജുന്റെ ബന്ധു ജിതിന്‍ പറഞ്ഞു. ചൊവ്വാഴ്ചത്തെ പരിശോധനയില്‍ പുഴയ്ക്ക് നടുവിലെ മണ്‍കൂനയില്‍നിന്ന് റഡാര്‍ സിഗ്‌നല്‍ ലഭിച്ചിരുന്നു. സോണാര്‍ ഉപയോഗിച്ചുള്ള പരിശോധനയിലും ഇവിടെ നിന്ന് സിഗ്നല്‍ ലഭിച്ചിരുന്നു.
ഇവിടം കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തുന്നത്. അതിനിടെ ഇന്ന് രാവിലെ എത്തിക്കുമെന്ന് അറിയിച്ചിരുന്ന ബൂം ലെങ്ത് യന്ത്രമെത്തുന്നത് വൈകിയത് തിരിച്ചടിയായി. 60 അടിവരെ ആഴത്തില്‍ തിരച്ചില്‍ നടത്താന്‍ സാധിക്കുന്ന യന്ത്രം കൊണ്ടുവരുന്ന വാഹനത്തിന് തകരാര്‍ സംഭവിച്ചതിനാല്‍ ഉച്ചയോടെ മാത്രമേ ഈ യന്ത്രമെത്തുകയുള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്.
ഷിരൂരില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ എത്തിയപ്പോഴാണ് വാഹനത്തിന് തകരാര്‍ സംഭവിച്ചത്. ഹുബ്ബള്ളി കാര്‍വാര്‍ പാതയില്‍ യെല്ലാപുരയില്‍ വെച്ച് വാഹനത്തിന്റെ ടയര്‍ പഞ്ചറായി. കൂടാതെ ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്റ് ബറീഡ് ഒബ്ജക്ട് ഡിക്റ്റക്ഷന്‍ സിസ്റ്റം ബുധനാഴ്ച ഉപയോഗിക്കാന്‍ സാധിക്കില്ല എന്നാണ് വിവരം. ഇതിന്റെ ബാറ്ററി ഡല്‍ഹിയില്‍ നിന്ന് എത്താന്‍ വൈകുകയാണ്.
ബാറ്ററി വിമാനത്തില്‍ കൊണ്ടുവരാന്‍ അനുമതി ലഭിച്ചിരുന്നില്ല. അതിനാല്‍ ബാറ്ററി ഇപ്പോള്‍ ട്രെയിനിലാണ് കൊണ്ടുവരുന്നത്. രാജധാനി എക്സ്പ്രസില്‍ കൊണ്ടുവരുന്ന ബാറ്ററി വ്യാഴാഴ്ച ഉച്ചയോടെയേ ഷിരൂരില്‍ എത്തൂ. അങ്ങനെയെങ്കില്‍ ആധുനിക സജ്ജീകരണങ്ങള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതില്‍ നാളെ മുതല്‍ മാത്രമെ തുടങ്ങാനാകൂ എന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications