റോഡിനുവേണ്ടി നടന്‍ ഗുരുവായൂര്‍ ശിവജിയുടെ ശയന പ്രദക്ഷണം
ഗുരുവായൂര്‍: ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഗുരുവായൂര്‍ ശിവജിയുടെ നേതൃത്വത്തില്‍ റോഡില്‍ നടന്ന ശയന പ്രദക്ഷിണം ശ്രദ്ധേയമായി. രാവിലെ 10.30ന് ഗുരുവായൂര്‍ കിഴക്കേനടയില്‍ മഞ്ജുളാല്‍ പരിസരത്തുനിന്നുമാണ് ശയന പ്രദക്ഷണം ആരംഭിച്ചത്. ശിവജിക്ക് പിന്തുണയുമായി മകന്‍ സൂര്യലാല്‍, ഓട്ടോറിക്ഷ ഡ്രൈവര്‍ യൂനസ്, സാമൂഹ്യപ്രവര്‍ത്തകന്‍ ഷൈജന്‍ എന്നിവരും ശയന പ്രദക്ഷിണം നടത്തി.
അഴുക്കുചാല്‍ പദ്ധതിക്കായി പൊളിച്ചിട്ട റോഡുകള്‍ മഴ തുടങ്ങിയതോടെ ശോചനീയമായ അവസ്ഥയിലെത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പതിനഞ്ചുദിവസത്തിനകം ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാന്‍ ഭരണാധികാരികളും നഗരസഭയും തയ്യാറായില്ലെങ്കില്‍ ജീവന്‍ വെടിയാനും ഒരുക്കമാണെന്ന് ശിവജി പറഞ്ഞു.

ശിവജിയുടെ ശയന പ്രദക്ഷണം ഔട്ടര്‍ റിംഗ്‌റോഡിലെ പാര്‍ക്കിനു മുമ്പിലെത്തിയതോടെ അദ്ദേഹത്തിനു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തെ ആംബുലന്‍സില്‍ കയറ്റി. ശിവജിയുടെ പ്രതിഷേധ സമരത്തിന് പിന്തുണ അര്‍പ്പിച്ച് സാമൂഹ്യ രാഷ്ട്രീയ രംഗത്തെ ഒട്ടേറെപേര്‍ പരിപാടിക്കെത്തിയിരുന്നു.
നടന്‍ വി.കെ. ശ്രീരാമനാണ് ശയനപ്രദക്ഷിണം ഉദ്ഘാടനം ചെയ്തത്. ഇദ്ദേഹത്തെ കൂടാതെ നടന്‍ സന്തോഷ്, നഗരസഭ പ്രതിപക്ഷനേതാവ് കെ.പി.എ. റഷീദ്, ഉമ പ്രേമന്‍, ഡോ. കെ.ബി. സുരേഷ്, ശിവജിയുടെ ഭാര്യ ലില്ലി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. വിവിധ സംഘടനകളും, ഓട്ടോ തൊഴിലാളികളും, കോളേജ് വിദ്യാര്‍ത്ഥികളും സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സ്ഥലത്തെത്തിയിരുന്നു.












Click it and Unblock the Notifications