തിരഞ്ഞെടുപ്പിന് ശേഷം വര്‍ധിതവീര്യം; പ്രതിപക്ഷത്തോട് കരുതി പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷത്തോട് കരുതി പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ നടപടികളുടെ തുടര്‍ച്ചകള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എല്‍ ഡി എഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മുഖ്യമന്ത്രി ഇത്തരമൊരു നിര്‍ദേശം നല്‍കിയത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തിന് വര്‍ധിത വീര്യമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനാല്‍ പ്രതികരണങ്ങളില്‍ ജാഗ്രത പാലിക്കണം എന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സി പി എം തുടര്‍ച്ചയായി പ്രതിരോധത്തിലാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. നിയമസഭാ സമ്മേളനത്തില്‍ തുടര്‍ച്ചയായി പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ വിമര്‍ശനമുയര്‍ത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നിയമസഭയില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു.

ആഭ്യന്തര വകുപ്പ് മുതല്‍ ആരോഗ്യ വകുപ്പ് വരെ കുത്തഴിഞ്ഞ് കിടക്കുകയാണ് എന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. പലപ്പോഴും സഭാ സമ്മേളനം സംഘര്‍ഷ ഭരിതമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷത്തെ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത വേണമെന്ന് എല്‍ഡിഎഫ് അംഗങ്ങളോടുള്ള മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍. എസ്എഫ്‌ഐ വിവാദങ്ങളിലും സിപിഎം പ്രതിരോധത്തിലാണ്.
അതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന സിപിഎം ദക്ഷിണമേഖലാ റിപ്പോര്‍ട്ടിംഗില്‍ എഫ് എഫ് ഐക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. എസ് എഫ് ഐയിലെ ചില പ്രവണതകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി എന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.
കായംകുളം എം എസ് എം കോളേജില്‍ എഫ് എഫ് ഐ നേതാവ് ഉള്‍പ്പെട്ട വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവും സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുമായി ബന്ധപ്പെട്ട വിഷയങ്ങളും സിപിഎമ്മിനും എസ്എഫ്‌ഐക്കും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. യാതൊരു കാരണവശാലും അത്തരത്തിലുള്ള പ്രവൃത്തികളിലേക്ക് പോകരുതെന്ന് ഗോവിന്ദന്‍ നിര്‍ദേശം നല്‍കിയെന്നും വിവരമുണ്ട്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭാഗത്ത് നിന്നും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശനമുണ്ടായി. മത്സ്യവും വെള്ളവും പോലെയാണ് പാര്‍ട്ടിയും ജനങ്ങളുമെന്ന് യെച്ചൂരി ഓര്‍മ്മിപ്പിച്ചു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ തയ്യാറാകണം. ജനങ്ങളാണ് എല്ലാത്തിനും വലുതെന്ന ചിന്തയുണ്ടാകണമെന്നും കേരളത്തില്‍ ബിജെപിക്കുണ്ടായ മുന്നേറ്റം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ നിയമസഭയില്‍ എസ് എഫ് ഐയെ അനുകൂലിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി പി ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ ഐ എസ്എഫ് രംഗത്തെത്തി. നിരന്തരമായി സംഘര്‍ഷങ്ങളില്‍ ഭാഗമാകുന്നവരെ തള്ളിപ്പറയുന്നില്ലെന്നും രക്തസാക്ഷികളുടെ എണ്ണം പറഞ്ഞ് ന്യായീകരിക്കുകയാണെന്നും എ ഐ എസ് എഫ് പറഞ്ഞു.












Click it and Unblock the Notifications