സെൻട്രൽ വിസ്ത അടക്കം മുഴുവൻ പ്രവൃത്തികളും നിർത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ടിഎൻ പ്രതാപൻ എംപി
ദില്ലി; അടിയന്തിരമായി കേന്ദ്രസർക്കാർ ഇടപെടേണ്ട വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് ടിഎൻ പ്രതാപൻ എംപി. സെൻട്രൽ വിസ്ത പദ്ധതി അടക്കം മുഴുവൻ നിർമ്മാണ പ്രവർത്തികളും നിർത്തിവെച്ച് ആ തുക ജനക്ഷേമത്തിന് വേണ്ടി വിനിയോഗിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും കത്തിൽ പ്രതാപൻ പറഞ്ഞു.

കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ കെടുതികൾ സൃഷ്ടിച്ചിട്ടുള്ളത്. ആരോഗ്യ രംഗത്തും സാമ്പത്തിക രംഗത്തും രാജ്യത്തിനുണ്ടായിട്ടുള്ള തകർച്ചയെ മറികടക്കാൻ നമ്മുടെ കൈവശമുള്ള സൗകര്യങ്ങൾക്കൊണ്ട് കഴിയില്ലെന്നായിരുന്നു.ഈ അവസരത്തിൽ സൗദി അറേബ്യ, യു എ ഇ, പാകിസ്ഥാൻ, ചൈന, അമേരിക്ക, ജർമനി എന്നിങ്ങനെ വിവിധ രാജ്യങ്ങൾ സഹായഹസ്തവുമായി എത്തിയത് ആശ്വാസകരമാണ്. അത് നന്ദിപൂർവ്വം നാം എന്നും ഓർക്കും.
എന്നാൽ തീരെ അടിയന്തിര പ്രാധാന്യമില്ലാത്ത പദ്ധതികളുടെ പേരിൽ ഇപ്പോഴും കോടിക്കണക്കിന് രൂപയാണ് കേന്ദ്രം ചെലവിടുന്നത്. സെൻട്രൽ വിസ്ത പദ്ധതിക്ക് വേണ്ടി 20000 കോടി രൂപയാണ് പൊതുഖജനാവിൽ നിന്ന് പോകുന്നത്. അതുപോലെ ആഡംബര വിമാനങ്ങൾ വാങ്ങുന്ന വകയിലും പ്രതിമകളുണ്ടാക്കുന്ന വകയിലുമൊക്കെയായി പൊതു ഖജനാവിൽ നിന്ന് ചെലവാക്കുന്ന കാശിന് കൈയ്യും കണക്കുമില്ല.
ഇത്തരം എല്ലാ പദ്ധതികളും അടിയന്തിരമായി നിർത്തിവെക്കാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ട്. ഫെഡറൽ സംവിധാനം കേന്ദ്ര സർക്കാർ ഇപ്പോൾ ശക്തിപ്പെടുത്തേണ്ടത് സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക പാക്കേജുകൾ നൽകിയാണ്. വാക്സിനേഷൻ പരിപൂർണ്ണമായി സൗജന്യമായി നടപ്പിലാക്കാൻ നമുക്ക് ഉത്തരവാദിത്തമുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇന്നുവരെ കാശ് കൊടുത്ത് വാക്സിനേറ്റ് ചെയ്യേണ്ട ഗതികേട് നമുക്കുണ്ടായിട്ടില്ല.
കോവിഡ് വ്യാപിക്കുന്നതിലും വേഗത്തിൽ നമ്മുടെ ജനത പട്ടിണിയിൽ അകപ്പെടുന്നു. അവർക്ക് ഓക്സിജനും, വാക്സിനും, ഭക്ഷണവും, കുടിവെള്ളവും, മരുന്നുമൊക്കെ സൗജന്യമായും അല്ലെങ്കിൽ സൗജന്യ നിരക്കിൽ നൽകാൻ കേന്ദ്രം മുന്നോട്ട് വരണം. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ എത്രയോ തവണ മുന്നറിയിപ്പു നൽകിയിട്ടും ഇരുപത്തിയൊന്ന് ദിവസത്തിനുള്ളിൽ കൊണ്ട് ശരിയാക്കിത്തരാം എന്ന് അഹങ്കരിച്ചതിന്റെ ഫലമാണ് ഇപ്പോൾ രാജ്യം അനുഭവിക്കുന്നത്.
ഇത്തരം വിഷമഘട്ടങ്ങളിൽ ജനങ്ങൾ അവരുടെ ഭരണകൂടത്തെയും ഭരണാധികാരിയെയും വിലയിരുത്തും. പ്രധാനമന്ത്രി രാജ്യത്തെ തോൽപ്പിച്ചിരിക്കുകയാണെന്നും പ്രതാപൻ കത്തിൽ പറഞ്ഞു.












Click it and Unblock the Notifications