സിദ്ധീഖ് അന്ന് വളരെ പരിഹാസത്തോടെ പറഞ്ഞ വാക്കുകള്‍: ഇന്ന് കുരുക്കിയതും അന്നത്തെ ആ ബില്ല്
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ നടന്‍സിദ്ധീഖിനെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. കേസില്‍ ഹൈക്കോടതി മുന്‍കൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുമുണ്ട് പൊലീസ്. താരത്തിന്റെ എല്ലാ ഫോണ്‍ നമ്പറുകളും ഇപ്പോള്‍ സ്വിച്ച് ഓഫ് ആണ്. ഹൈക്കോടതി വിധിക്കെതിരായി സിദ്ധീഖ് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുമ്പോള്‍ അതിന് മുമ്പ് തന്നെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.
തികഞ്ഞ പ്രതീക്ഷയോടെയായിരുന്നു സിദ്ധീഖ് മുന്‍കൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. എന്നാല്‍ പരാതിയില്‍ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് വിലയിരുത്തിയ കോടതി മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയത് താരത്തിന് കനത്ത തിരിച്ചടിയായി. സര്‍ക്കാരിനായി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. നാരായണനും കേസില്‍ കക്ഷിചേര്‍ന്ന അതിജീവിതയ്ക്കായി അഡ്വ. ഹരീഷ് വാസുദേവനുമായിരുന്നു കോടതിയില്‍ ഹാജരായത്.

2016 ജനുവരിയില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.സിദ്ധീഖ് അഭിനയിച്ച 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യു തിരുവനന്തപുരത്തെ തിയറ്ററിൽ പ്രദർശിപ്പിച്ച വേളയിലാണ് അദ്ദേഹത്തെ കണ്ടത്. തുടർന്ന് തന്റെ മകന്‍ അഭിനയിക്കുന്ന തമിഴ് സിനിമയില്‍ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ച ചെയ്യാനായി ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു.
മോളേ എന്നാണ് സിദ്ധീഖ് വിളിച്ചത്. ഹോട്ടല്‍ മുറിയില്‍ എത്തിയ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ഒരു മണിക്കൂറിലേറെ മുറിയില്‍ പൂട്ടിയിട്ടു. ഈ കാര്യങ്ങള്‍ പുറത്തറിയിച്ചാലും തന്നെ ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തി. ഇതൊക്കെ എല്ലായിടത്തും നടക്കുന്നതാണെന്നും സഹകരിച്ചില്ലെങ്കിൽ ഭവിഷ്യത്തു നേരിടേണ്ടിവരുമെന്നും സിദ്ധീഖ് പറഞ്ഞതായും പരാതിയില്‍ പറയുന്നു.
തുടർന്ന് തന്റെ മുന്നില്‍ വെച്ച് തന്നെ മീനും തൈരും കൂട്ടി ഭക്ഷണം കഴിച്ചു. ഇതു വിരുദ്ധ ആഹാരമാണ്. അതാണ് തനിക്ക് ഇഷ്ടമെന്നും സിദ്ധീഖ് പറഞ്ഞു. സിദ്ധീഖിന്റെ അന്നത്തെ ഈ ഭക്ഷണം കഴിപ്പാണ് ഇന്നലെ ജാമ്യം നിഷേധിക്കപ്പെടുന്നതില്‍ നിർണ്ണായകമായത്. അന്ന് ആ റൂമിലേക്ക് ഓർഡർ ചെയ്തത് എന്തൊക്കെയാണെന്ന് പരിശോധിച്ചപ്പോള്‍ ഫിഷ്കറി മീൽസും തൈരുമാണെന്നു കണ്ടെത്തി. ഇത് കേസിലെ നിർണ്ണായക തെളിവായി മാറുകയും ചെയ്തു.
ഭക്ഷണം മുറിയില്‍ എത്തിച്ച വെയിറ്ററുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പരാതിക്കാരിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് സിദ്ധീഖിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. 2016-ല്‍ നടന്നതായിപ്പറയുന്ന കുറ്റകൃത്യത്തെക്കുറിച്ച് 2024-ലാണ് പരാതി പറയുന്നത്. 2019-ല്‍ ഫെയ്സ്ബുക്കിലൂടെ ചില ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ബലാത്സംഗത്തെക്കുറിച്ച് പറയുന്നില്ല. മാത്രവുമല്ല അനാവശ്യമായ ആരോപണം ഉന്നയിക്കാന്‍ മടിയില്ലാത്തയാളാണ് പരാതിക്കാരിയെന്നും സിദ്ധീഖിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല.












Click it and Unblock the Notifications