കെ റെയില്‍ സമരത്തിന് പിന്നില്‍ വിവരദോഷികള്‍; സതീശന് പണിയൊന്നുമില്ലെങ്കില്‍ കുറ്റി പറിക്കട്ടയെന്ന് ഇപി ജയരാജന്‍
കണ്ണൂര്‍ : കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷത്തിന് ചുട്ടമറുപടിയുമായി മുന്‍ മന്ത്രി ഇ പി ജയരാജന്‍ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശന് വേറെ പണിയൊന്നുമില്ലെങ്കില്‍ കുറ്റി പറിക്കാന്‍ പോകട്ടയെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. സമരത്തിന് പിന്നില്‍ വിവരദോഷികളാമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. കെ റെയിലുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ നിന്നും ഒട്ടും പുറകോട്ടില്ലെന്ന് വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജയരാജന്റെ പ്രതികരണം .

കോണ്‍ഗ്രസ് നേതൃത്വം അറുവഷളന്മാരുടെ കയ്യിലാണ്. കിഫ്ബിയെ എതിര്‍ത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ തലയില്‍ മുണ്ടിട്ട് കിഫ്ബി ഓഫീസിന് മുന്നില്‍ പോയി ആനുകൂല്യത്തിന് ക്യൂ നില്‍ക്കുകയാണ്. കെ റെയില്‍ സമരത്തില്‍ ജനങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലീഗിന്റെ തണലില്‍ വളരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, സംസ്ഥാനത്ത് ലീഗ് ഇല്ലെങ്കില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിക്കില്ല. അങ്ങനെയുള്ള നാണം കെട്ട പാര്‍ട്ടിയോട് എന്ത് പറയാന്‍. കോണ്‍ഗ്രസ് വരാത്തത് കൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസ് തകര്‍ന്നുപോകില്ല. അവരോട് പോയി പണി നോക്കാന്‍ പറയണമെന്നും ജയരാജന്‍ വ്യക്തമാക്കി.

അതേസമയം, കെ റെയില്‍ സമരത്തില്‍ നിന്നും ഒട്ടും പിന്നോട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കിയത്. കല്ലുകള്‍ പിഴുതാല്‍ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്ത് ജയിലില്‍ അടയ്ക്കുമെന്നാണ് ഭീഷണി. സമരത്തിനിറങ്ങുന്ന സാധാരണക്കാരെ ജയിലില്‍ അടയ്ക്കുമെന്ന ഭീഷണി വിലപ്പോകില്ല. യു ഡി എഫ് നേതാക്കള്‍ നേരിട്ടിറങ്ങി കല്ലുകള്‍ പിഴുതെറിയും. കേസില്‍ പ്രതികളായി യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ജയിലില്‍ പോകുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, കെ-റെയില്‍ പദ്ധതിയ്‌ക്കെതിരായി കേരളത്തിലിടനീളം നടക്കുന്ന പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും പിന്നില്‍ തീവ്രവാദസംഘടനകളാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. പണം ഉള്‍പ്പെടെ ഇറക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരെ തിരിക്കുകയാണ്. കല്ല് ഊരിയാല്‍ വിവരമറിയും, ഒരു സംശയവും അക്കാര്യത്തില്‍ ഇല്ല. പ്രതിഷേധക്കാരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സജി ചെറിയാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. ചെങ്ങന്നൂരിലെ പ്രളയ സമയത്ത് തന്റെ കാര്‍ പ്രളയ ജലത്തില്‍ ഒലിച്ചുപോയി എന്നും പറഞ്ഞു ടിവി ക്യാമറകള്‍ക്ക് മുന്നില്‍ വാവിട്ടുകരഞ്ഞയാളാണ് സജി ചെറിയാന്‍ എന്ന എം എല്‍ എ. തന്റെ കാര്‍ നഷ്ടപ്പെട്ടപ്പോള്‍ ഇത്രമാത്രം ഹൃദയവേദനയുണ്ടായ മനുഷ്യനാണ് ഒരു ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വിഷമങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും തീവ്രവാദി പട്ടം ചാര്‍ത്തി കൊടുക്കുന്നത്. എന്തൊരാഭാസമാണിതെന്ന് കെ സുധാകരന്‍ പറഞ്ഞു.

സജി ചെറിയാനേ, താങ്കളുടെ വിഷം തുളുമ്പുന്ന വാക്കുകള്‍ക്ക് മറുപടി പറയേണ്ടത് എങ്ങനെയെന്ന് ഞങ്ങള്‍ക്കറിയില്ല. മുതലാളിക്ക് കമ്മീഷന്‍ എത്തിച്ചു കൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന താങ്കളേപ്പോലെയുള്ള അടിമകള്‍ക്ക് ഒരുനാളും നേരം വെളുക്കില്ല.
കിടപ്പാടം പിടിച്ചുപറിക്കാന്‍ നോക്കിയാല്‍ ഏതൊരാളും പ്രതിഷേധിക്കും. അവരെ തീവ്രവാദികളാക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധം കനക്കും. അത് നേരിടാനുള്ള കരുത്തൊന്നും നിങ്ങളുടെ പാര്‍ട്ടിക്കോ ഭരിക്കുന്ന സര്‍ക്കാറിനോ ഇല്ല. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനറിയാമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications