എസ്‌ഐആറിന് വേണ്ട രേഖകള്‍ ഇതാണ്; ഉദ്യോഗസ്ഥര്‍ വീട്ടിലെത്തും, ഫെബ്രുവരി 7ന് അന്തിമ പട്ടിക
കൊച്ചി: രണ്ടാംഘട്ട എസ്‌ഐആറിന് ഒരുങ്ങുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആദ്യഘട്ടം ബിഹാറില്‍ നടപ്പാക്കിയ ശേഷമാണ് രണ്ടാംഘട്ടം 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നടപ്പാക്കുന്നത്. മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളും ഒമ്പത് സംസ്ഥാനങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുക. നവംബര്‍ നാല് മുതല്‍ തുടങ്ങുന്ന നടപടികള്‍ ഫെബ്രുവരി ഒമ്പതിന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കുന്നതോടെയാണ് അവസാനിക്കുക.
നിലവില്‍ വോട്ടര്‍ പട്ടിക മരവിപ്പിച്ചിട്ടുണ്ട്. ഇനി പുതിയ വോട്ടര്‍ പട്ടിക പുറത്തിറക്കും. ഇതുപ്രകാരമായിരിക്കും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ നാല് മുതല്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി രേഖകള്‍ പരിശോധിക്കും. 2002ലെ എസ്‌ഐആറില്‍ പരിശോധന കഴിഞ്ഞവര്‍ക്ക് ഒരു ഫോറം പൂരിപ്പിക്കേണ്ട നടപടിയേ ഉണ്ടാകൂ. ബാക്കിയുള്ളവര്‍ക്ക് കൃത്യമായ രേഖ കാണിക്കേണ്ടി വരും.

കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവയ്ക്ക് പുറമെ, കേരളം, തമിഴ്‌നാട്, ഗോവ, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും എസ്‌ഐആര്‍ നടക്കുന്നുണ്ട്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍ എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.
നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെയാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുകയും രേഖകള്‍ പരിശോധിക്കുകയും ഫോറം പൂരിപ്പിച്ചുകൊടുക്കുകയും ചെയ്യുക. ഡിസംബര്‍ ഒമ്പതിന് കരട് വോട്ടര്‍ പട്ടിക പുറത്തിറക്കും. ഇതില്‍ ആക്ഷേപമുള്ളവര്‍ക്ക് പരാതി ഉന്നയിക്കാന്‍ സമയമുണ്ട്. പരാതികള്‍ പരിഹരിച്ച ശേഷം ഫെബ്രുവരിന് ഏഴിന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കും. ഇതുപ്രകാരമായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പ്.
അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമായ അസം രണ്ടാംഘട്ട എസ്‌ഐആറില്‍ ഉള്‍പ്പെട്ടിട്ടില്ല. അവിടെ നേരത്തെ എന്‍ആര്‍സി നടപ്പാക്കിയരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും ക്രമക്കേടുകളും ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജികളുണ്ട്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവ് വന്ന ശേഷമാകും അസമിലെ എസ്‌ഐആര്‍. അസമിന് വേണ്ടി മാത്രമായി പ്രത്യേക എസ്‌ഐആര്‍ ഉത്തരവിറക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
എസ്‌ഐആറിന് ആവശ്യമുള്ള രേഖകള്‍; താഴെ പറയുന്നതില്‍ ഏതെങ്കിലും രേഖ മതിയാകും
1 ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷര്‍ക്കാര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ ഉത്തരവുമായി ബന്ധപ്പെട്ട രേഖ, തിരിച്ചറിയല്‍ കാര്‍ഡ്.
2 സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, പോസ്റ്റ് ഓഫീസ്, എല്‍ഐസി, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവര്‍ 1987 ജൂലൈ 1ന് മുമ്പ് നല്‍കിയ രേഖ, തിരിച്ചറിയല്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്.
3 ജനന സര്‍ട്ടിഫിക്കറ്റ്.
4 പാസ്‌പോര്‍ട്ട്.
5 എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്.
6 സ്ഥിരതാമസ രേഖ.
7 വനാവകാശ സര്‍ട്ടിഫിക്കറ്റ്.
8 ജാതി സര്‍ട്ടിഫിക്കറ്റ്.
9 എന്‍ആര്‍സിയില്‍ ഉള്‍പ്പെട്ടു എന്ന രേഖ.
10 ഭൂമി-വീട് അനുവദിച്ച രേഖ.
11 ആധാര്‍.
12 ബിഹാര്‍ എസ്‌ഐആറിലെ വോട്ടര്‍പട്ടികയുടെ 2025 ജൂലൈ ഒന്നിലെ എക്‌സ്ട്രാക്ട്.
2002ലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് ആദ്യം പരിശോധിക്കുക. പേരുള്ളവര്‍ എന്യൂമറേറ്റര്‍മാര്‍ നല്‍കുന്ന ഫോറം പൂരിപ്പിച്ചു നല്‍കിയാല്‍ മതിയാകും. അതായത്, പട്ടികയില്‍ പേരുള്ളതിന്റെ രേഖ മതിയാകും. പേരില്ലാത്തവര്‍, മാതാപിതാക്കളുടെ പേരുണ്ടോ എന്ന് നോക്കുക. മാതാപിതാക്കളുടെ പേരും ഇല്ലാത്തവര്‍ 12 രേഖയില്‍ ഒന്ന് നല്‍കണം. 1987 ജൂലൈ ഒന്നിന് മുമ്പ് ജനിച്ചവര്‍ ജനന തിയ്യതി, സ്ഥലം തെളിയിക്കുന്ന രേഖ നല്‍കണം. 1987 ജൂലൈ ഒന്നിനും 2004 ഡിസംബര്‍ രണ്ടിനുമിടയില്‍ ജനിച്ചവര്‍ ജനന തിയ്യതി, സ്ഥലം എന്നിവയുടെ രേഖയ്ക്ക് പുറമെ മാതാപിതാക്കളില്‍ ഏതെങ്കിലും ഒരാളുടെ സമാനമായ രേഖ നല്‍കണം.












Click it and Unblock the Notifications