'പുഞ്ചിരിമട്ടത്തെ സ്ഥിതി ആപത്കരം; ചൂരൽമലയിലെ ഭൂരിഭാഗം സ്ഥലങ്ങളും താമസയോഗ്യം'; വിദഗ്ധസംഘം
ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടം ഇനി വാസയോഗ്യമല്ലെന്ന് മേഖലയിൽ പരിശോധന നടത്തിയ വിദഗ്ധ സംഘം. ചൂരൽമല ഭാഗത്തെ ഭൂരിഭാഗം സ്ഥലങ്ങളും താമസയോഗ്യമാണ്. ഇവിടെ ഇനി നിർമ്മാണ പ്രവർത്തനം വേണോ എന്നത് സർക്കാർ നയപരമായ തീരുമാനം എടുക്കേണ്ട കാര്യമാണെന്നും സംഘത്തെ നയിച്ച ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി പറഞ്ഞു. ദുരന്തമേഖലയായ പുഞ്ചിരിമട്ടത്ത് പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലേയും ഇടുക്കിയിലേയും മഴയിൽ അടുത്ത കാലാത്തായി മാറ്റം വന്നിട്ടുണ്ട്. ഏറെ നേരം പെയ്യുന്നതിന് പകരം അതിശക്തമായ ചെറിയ മേഘസ്ഫോടനം പോലുള്ള മഴയാണ് കാണുന്നത്. അങ്ങനെ വരുമ്പോൾ ചില ചെറു പ്രദേശങ്ങളിൽ ശക്തമായ വെള്ളം താഴോട്ട് തള്ളും. ആ വെള്ളം താഴോട്ട് ഒഴുകുമ്പോൾ മരങ്ങളും കല്ലുകളുമൊക്കെ ഡാം പോലെ വന്നാൽ അതിനേയും തള്ളിക്കൊണ്ട് വെള്ളം താഴേക്ക് പോകും. അങ്ങനെയാണ് ഇവിടേയും സംഭവിച്ചിരിക്കുന്നത്. നേരത്തേ ഉണ്ടായ ഉരുൾപ്പൊട്ടലിന്റെ അവശിഷ്ടമായുണ്ടായ കല്ലുകൾ മാത്രമല്ല, പുഴയുടെ അടിത്തട്ടിൽ മുൻപുണ്ടായ കല്ലുകൾ ഉൾപ്പെടെ ഇപ്പോഴത്തെ ഉരുൾപൊട്ടലിൽ താഴേക്ക് ഒഴുകിയിട്ടുണ്ട്.

രണ്ട് ദിവസം കൊണ്ട് ഏകദേശം 570 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഉരുൾപൊട്ടിയത് വനമേഘലയിലാണ്. അപ്പോൾ താഴേക്ക് വന്നത് പാറകഷ്ണങ്ങളും മരങ്ങളും മാത്രമല്ല വലിയ മരങ്ങളുമാണ്. ഇത് ഒഴുകി സീതമ്മക്കുണ്ട് പോലുള്ള സ്ഥലങ്ങളിൽ താത്കാലിക ജലസംഭരണി രൂപപ്പെടാൻ കാരണമായി. ഈ ഡാം പൊട്ടിയൊലിച്ച് ദുരന്തത്തിന്റെ ആഘാതം കൂടിയാത്.
സുരക്ഷിതമായതും അല്ലാത്തതുമായ നിരവധി പ്രദേശങ്ങൾ ഈ മേഖലയിൽ ഉണ്ട്. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. പുഞ്ചിരിമട്ടത്ത് ആപത്കരമായ സ്ഥിതിയാണ്. ചൂരൽമലയിൽ ബഹുഭൂരിഭാഗവും സുരക്ഷിതമാണ് ', ജോൺ മത്തായി മാധ്യമങ്ങളോട് പറഞ്ഞു.
ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും സംഘം വിശദമായ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രദേശത്തെ മണ്ണിന്റെയും പാറകളുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. വിദഗ്ധസംഘം 10 ദിവസത്തിനുള്ളിൽ തന്നെ സർക്കാരിന് റിപ്പോർട്ട് കൈമാറും. പഠന റിപ്പോർട്ട് കൈമാറിയതിന് ശേഷവും പ്രദേശത്ത് പരിശോധന നടത്തുമെന്ന് ജോൺ മത്തായി പറഞ്ഞു.
സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ വാട്ടര്‍ റിലേറ്റഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് (സി.ഡബ്ല്യൂ.ആര്‍.ഡി.എം.) പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും മേധാവിയുമായ ഡോ: ടി.കെ.ദൃശ്യ, സൂറത്ത്കല്‍ എന്‍ഐടി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശ്രീവല്‍സ കൊളത്തയാര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ താരാ മനോഹരന്‍, കേരള ദുരന്തനിവാരണ അതോറിട്ടി ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് ജി.എസ്. പ്രദീപ് എന്നിവരാണ് വിദഗ്ധ സംഘത്തിലുള്ളത്.












Click it and Unblock the Notifications