സുരേഷ് ഗോപിയെ അധ്യക്ഷനാക്കാനുള്ള നീക്കം വെട്ടും; സുരേന്ദ്രന് വേണ്ടി രംഗത്തിറങ്ങി ബിഎൽ സന്തോഷ്
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയവും കുഴൽപ്പണ കേസും സംസ്ഥാന ബിജെപിയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാന ഘടകത്തിൽ നേതൃമാറ്റം നടത്താതെ പ്രതിച്ഛായ മിനുക്കാൻ സാധിക്കില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ മാറ്റി പുതുമുഖത്തെ അവതരിപ്പിക്കണമെന്നതാണ് ആവശ്യം. നടനും എംപിയുമായ സുരേഷ് ഗോപിയുടെ പേരാണ് പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തുന്നത്. എന്നാൽ സുരേന്ദ്രന്റെ കസേര ഉറപ്പിക്കാൻ മറുതലയ്ക്കൽ ശക്തമായ ശ്രമങ്ങളാണ് നടക്കുന്നത്.

നിയമസഭ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ തന്നെ കെ സുരേന്ദ്രനെ അധ്യക്ഷ പദത്തിൽ നിന്നും മാറ്റണമെന്ന ആവശ്യം കൃഷ്ണദാസ് പക്ഷം ഉയർത്തിയിരുന്നു. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സുരേന്ദ്രനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു അധ്യക്ഷനെ മാറ്റാനുള്ള ആവശ്യം എതിർപക്ഷം ശക്തമാക്കിയത്. എന്നാൽ അന്ന് ദേശീയ നേതൃത്വം സുരേന്ദ്രനൊപ്പം നിലയുറച്ചു.

എന്നാൽ സംസ്ഥാന നേതൃത്വത്തിന് പുതിയ മുഖം വണമെന്നതാണ് കഴിഞ്ഞ ദിവസം ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലും നേതാക്കൾ ആവർത്തിച്ചത്. ഇതോടെ ദേശീയ നേതൃത്വവും അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം. സുരേഷ് ഗോപി എംപിയുടെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രധാനമായി പരിഗണിക്കുന്നതെന്നാണ് വിവരം. സുരേഷ് ഗോപിയുടെ ജനകീയ മുഖം പാർട്ടിക്ക് ഗുണകരമാകുമെന്നാണ് അദ്ദേഹത്തിന് വേണ്ടി ആവശ്യം ഉയർത്തുന്നവർ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപിക്ക് വിജയിക്കാൻ സാധിച്ചില്ലേങ്കിലും അദ്ദേഹത്തിന് പ്രവർത്തകർക്കിടയിൽ വലിയ ഊർജം ഉണ്ടാക്കാൻ സാധിച്ചിരുന്നു. സംസ്ഥാനത്തെ സുരേഷ് ഗോപിയുടെ ഇടപെടലുകളും പ്രവർത്തനങ്ങളും വലിയ രീതിയിൽ സ്വീകാര്യത നേടുന്ന സാഹചര്യത്തിൽ ഇപ്പോൾ തന്നെ സുരേഷ് ഗോപിയെ നിയോഗിച്ചാൽ അത് കേരളത്തിൽ പാർട്ടിക്ക് വലിയ ബൂസ്റ്റാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം അധ്യക്ഷ പദവി ഏറ്റെടുക്കാൻ ഇല്ലെന്ന നിലപാടിലാണ് സുരേഷ് ഗോപി. നേരത്തേ തന്നെ അദ്ദേഹം നിലപാട് വ്യക്തമാക്കിയിരുന്നു. മുതിർന്ന നേതാക്കളെയാണ് പാർട്ടിയുടെ തലപ്പത്ത് ഇരിക്കാൻ നിയോഗിക്കേണ്ടതെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ സുരേഷ് ഗോപിയുടെ പേര് സജീവ ചർച്ചയായ സാഹചര്യത്തിൽ അദ്ദേഹത്തെ ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് ദേശീയ നേതൃത്വം.

സുരേഷ് ഗോപി അധ്യക്ഷ സ്ഥാനത്ത് എത്തുന്നതിനോട് അമിത് ഷായ്ക്ക് ഉൾപ്പെടെ വലിയ താത്പര്യം ഉണ്ട്. പാർട്ടിയുടെ മുഖമായി സുരേഷ് ഗോപിയെ സജീവമാക്കി നിർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നേരത്തേ സുരേഷിന് താത്പ്യമില്ലാഞ്ഞിട്ട് കൂടി ദേശീയ നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. സുരേഷ് ഗോപി വന്നാൽ സംസ്ഥാനത്ത് കൂടുതൽ നേതാക്കളെ പാർട്ടിയോട് അടുപ്പിക്കാമെന്നും അമിത് ഷാ കരുതുന്നുണ്ട്.
ഇതെന്ത് സുന്ദരിയാ ഈ അന്ന... ചുവപ്പഴകിൽ അന്ന ബെൻ..വൈറലായി പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ

അതേസമയം സുരേന്ദ്രനെ തന്നെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാതിരിക്കാനുള്ള തന്ത്രങ്ങൾ മുരളീധര പക്ഷം ആരംഭിച്ച് കഴിഞ്ഞു. സുരേന്ദ്രനെ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് ദേശീയ നേതൃത്തോട് സംഘടന സെക്രട്ടറി ബിഎൽ സന്തോഷ് ആവശ്യപ്പെട്ടു. ഇപ്പോൾ സുരേന്ദ്രനെ മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് ബിഎൽ സന്തോഷ് അറിയിച്ചത്. സംസ്ഥാനത്ത് പാർട്ടിയെ താഴെ തട്ടിൽ വളർത്താൻ സുരേന്ദ്രന് സാധിച്ചിട്ടുണ്ടെന്നും പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെ ബിഎൽ സന്തോഷ് അറിയിച്ചിട്ടുണ്ട്.

അതിനിടെ സുരേഷ് ഗോപി തയ്യാറായില്ലേങ്കിൽ ക സുരേന്ദ്രന് പകരം ആർഎസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ പേര് ആർഎസ്എസ് നിർദ്ദേശിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ തന്റെ പേര് പരിഗണിക്കുന്നതായി അറിയില്ലെന്നായിരുന്നു തില്ലങ്കേരി പ്രതികരിച്ചത്. താൻ ഇപ്പോൾ ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റാണ്. മാത്രമല്ല സുരേന്ദ്രൻറെ കാലാവധി തീർന്നിട്ടില്ല. കാലാവധി തീർന്നാൽ സംഘടന സംവിധാനം ആലോചിച്ച് തീരുമാനിക്കുമെന്നും വത്സന്‍ തില്ലങ്കേരി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications