കെ റയിലും സിൽവർ ലൈനും തിരിച്ചറിയാത്ത ആളാണോ തോമസ് ഐസക്?;വിമർശിച്ച് ശൂരനാട് രാജശേഖരൻ
ദില്ലി; കെ റയിലും സിൽവർ ലൈനും തിരിച്ചറിയാത്ത ആളാണോ ഡോ.തോമസ് ഐസക്കെന്ന് മുൻ കെ പി സി സി വൈസ് പ്രസിഡന്റും എ.ഐ.സി.സി അംഗവുമായ ഡോ. ശൂരനാട് രാജശേഖരൻ . "എന്തുകൊണ്ട് കെ റയിൽ " എന്ന പുസ്തകരചനയുമായി രംഗത്ത് വന്നിരിക്കുകയാണ് തോമസ് ഐസക്ക്. വിദഗ്ധനായ ഐസക്കിന് പോലും കെ റയിൽ എന്താണന്നോ സിൽവർ ലൈൻ എന്താണെന്നോ ഇതുവരെ മനസിലായിട്ടില്ലെന്ന് പുസ്തകത്തിന്റെ പേരു വായിച്ചപ്പോൾ മനസിലായെന്നും രാജശേഖരൻ പരിഹസിച്ചു.

സംസ്ഥാന ഗവൺമെന്റും കേന്ദ്ര റയിൽവേ മന്ത്രാലയവും ചേർന്നുള്ള ജോയിന്റ് വെഞ്ച്വറാണ് കേരള റയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ അഥവാ കെ റയിൽ . കെ റയിൽ കോർപ്പറേഷന്റെ കീഴിൽ നടക്കുന്ന വിവിധ പ്രൊജക്ടുകളാണ് തലശ്ശേരി-മൈസൂർ ന്യൂ ബ്രോഡ് ഗേജ് ലൈൻ, നിലമ്പൂർ -നഞ്ചഗുഡ് റയിൽവേ ലൈൻ, റോഡ് ഓവർ ബ്രിഡ്ജസ് തുടങ്ങിയവ. സിൽവർ ലൈൻ കെ റയിലിന്റെ കീഴിൽ നടക്കുന്ന മറ്റൊരു പ്രൊജക്ട് മാത്രമാണ്.തന്റെ ധനകാര്യ വിദഗ്ധത കൊണ്ട് സംസ്ഥാനത്തിന്റെ ആളോഹരി കടം 1 ലക്ഷം രൂപയും മൊത്തകടബാധ്യത മൂന്നേമുക്കാൽ ലക്ഷം കോടിയും ആക്കിയ ധനകാര്യ മന്ത്രിയാണ് ഐസക്ക് . പൂർത്തികരിക്കുമ്പോൾ 2 ലക്ഷം കോടി ചെലവാകുമെന്ന് പ്രതിക്ഷിക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ .
സംസ്ഥാനത്തെ ഇനിയും കുത്തുപാള എടുപ്പിക്കണമെന്നും തന്നെക്കാൾ കൂടുതൽ സംസ്ഥാനത്തെ കടക്കെണിയിലാക്കിയ ധനകാര്യ മന്ത്രി ബാലഗോപാൽ ആയിരിക്കണമെന്നും ലക്ഷ്യമിട്ടാണ് ഐസക്ക് പുസ്തകം എഴുതിയിരിക്കുന്നതെന്നും ഡോ. ശൂരനാട് പറഞ്ഞു. സംസ്ഥാനത്തിന്റെ റയിൽവേ പദ്ധതികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു കൊണ്ട് പ്രവർത്തിക്കുന്ന കേരള റയിൽ ഡവലപ്പ്മെന്റ് കോർപറേഷനോട് ആർക്കും എതിർപ്പില്ല. സംസ്ഥാനത്തെ രണ്ടായി കീറിമുറിച്ച് ജനങ്ങൾക്ക് താൽപര്യമില്ലാത്ത സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ കെ റയിൽ മുന്നിട്ടിറിങ്ങയതിനെയാണ് എതിർക്കുന്നത്.
സംസ്ഥാനത്തെ കടക്കെണിയിലാക്കുന്ന ,പാരിസ്ഥിതിക നാശം ഉണ്ടാക്കുന്ന സിൽവർ ലൈൻ പദ്ധതിക്കെതിരെ ജനങ്ങളോടൊപ്പം നിന്ന് ശക്തമായി നേരിടുമെന്നും സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും അതിനെതിരെ ജനങ്ങളെ ഒന്നായി അണിനിരത്തുമെന്നും രാജശേഖരൻ പറഞ്ഞു.












Click it and Unblock the Notifications