സാധാരണ പെയ്യേണ്ട മഴയിൽ 47 ശതമാനം കുറവ്; കാലവർഷത്തിൽ ഇനി ആശങ്ക എന്തെല്ലാം?
ടൗട്ടെയും യാസുമെല്ലാം സാധാരണയിലുമധികം വേനൽമഴയ്ക്ക് കാരണമായപ്പോൾ കാലവർഷവും ശക്തിപ്രാപിക്കുമെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ
തിരുവനന്തപുരം: സ്ഥിരതയില്ലാത്ത ഒരു തെക്ക് പടിഞ്ഞാറൻ കാലവർഷമാണ് ഇത്തവണ സംസ്ഥാനത്ത് പെയ്തുകൊണ്ടിരിക്കുന്നത്. ടൗട്ടെയും യാസുമെല്ലാം സാധാരണയിലുമധികം വേനൽമഴയ്ക്ക് കാരണമായപ്പോൾ കാലവർഷവും ശക്തിപ്രാപിക്കുമെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. എന്നാൽ കാലവർഷം ആരംഭിച്ചതോടെ നില മാറി.

മെയ് അവസാനത്തോടെ തന്നെ എത്തുമെന്ന് കരുതിയ കാലവർഷം ജൂൺ ആദ്യ വാരം ആരംഭിച്ചതിന് ശേഷം മാത്രമാണ് പെയ്തുതുടങ്ങിയത്. ജൂൺ 19 വരെ കേരളത്തിൽ ഭേദപ്പെട്ട മഴ ലഭിച്ചെങ്കിലും പിന്നീട് തെളിഞ്ഞ കാലാവസ്ഥയാവുകയായിരുന്നു. കാലവർഷത്തിനിടെയുണ്ടാകുന്ന മൺസൂൺ ബ്രേക്ക് കണ്ടീഷൻ എന്ന പ്രതിഭാസമാണ് പിന്നീടുള്ള ആഴ്ചകളിൽ കേരളത്തിൽ കണ്ടത്.

ജൂലൈ ആദ്യ വാരത്തോടെ വീണ്ടും മഴ ലഭിച്ച് തുടങ്ങിയെങ്കിലും ഇടവിട്ടും ക്രമംതെറ്റിയുമാണ് ഇപ്പോഴും മഴ പെയ്യുന്നത്. ഇത് കനക്കുമോയെന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. 2019ൽ ലഭിച്ചതുപോലെ ഒരു ഇടവേളയ്ക്ക് ശേഷം മഴ ഘട്ടം ഘട്ടമായി കനക്കാനുള്ള സാധ്യത തള്ളികളയുന്നില്ലെങ്കിലും അതിശക്തമായ ഒരു കാലവർഷം ഇനി കേരളത്തിൽ പ്രതീക്ഷിക്കുന്നില്ല.

എന്നാൽ ഇത് വരൾച്ചയിലേക്ക് നയിക്കുമെന്ന ആശങ്കയും കാലാവസ്ഥ നിരീക്ഷണ വിദഗ്ധർ തള്ളി കളയുന്നു. അതിന് പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത് സാധാരണയിലുമധികമായി ലഭിച്ച വേനൽ മഴയാണ്. ഇത് സംസ്ഥാനത്തെ ശുദ്ധജല ക്ഷാമം ഒഴിവാക്കും. കേരളത്തിലെ പല മഴവെള്ള സംഭരണികളും ജലാശയങ്ങളിലും ഉപയോഗത്തിനാവശ്യമായ വെള്ളമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കാലവർഷക്കാറ്റിന്റെ സഞ്ചാര ദിശയിൽ പെട്ടന്നുണ്ടായ നേരിയ വ്യതിയാനമാണ് മഴ കുറയാൻ കാരണമായതെന്ന് കൊച്ചി സർവകലാശാല റഡാർ റിസർച്ച് സെന്ററിലെ കലാവസ്ഥ ശാസ്ത്രജ്ഞൻ ഡേോ എം.ജി മനോജ് പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലയിൽ പെട്ടെന്ന് സംഭവിച്ച മാറ്റമാണു കാറ്റിന്റെ വ്യതിയാനത്തിനു വഴിയൊരുക്കിയത്. മേയ് അവസാനത്തോടെ സമുദ്രത്തിലുണ്ടായ ചുഴലി കാലവർഷക്കാറ്റിനെ വലിച്ചെടുക്കുന്ന പ്രതിഭാസവുമുണ്ടായി.
Recommended Video

അതേസമയം കേരളത്തിൽ നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇതോടെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം ഇതോടെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്ക് പുറമേ ശനിയാഴ്ചയും ഇടുക്കിയിലും കണ്ണൂരിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് അറിയിപ്പിൽ പറയുന്നു.












Click it and Unblock the Notifications