പറന്നുവന്ന അശ്വതിയുടെ ഹാള്‍ടിക്കറ്റ്; കുരുവിയും പരുന്തും തലക്കെട്ടില്‍, കുളിര് നല്‍കും വാര്‍ത്ത

വാര്‍ത്തകള്‍ക്ക് പഞ്ഞമുള്ള ഒരു നാടല്ല കേരളം. രാഷ്ട്രീയമായാലും സാംസ്‌കാരികരം?ഗത്തെ വിശേഷങ്ങളായാലും സ്‌പോര്‍ട്‌സ് ആണെങ്കിലും സിനിമയാണെങ്കിലും വാര്‍ത്തകള്‍ ഇഷ്ടം പോലെ. വായനക്കാരും ധാരാളം. അങ്ങനെയുള്ള കേരളത്തില്‍ രണ്ട് സ്‌പെഷ്യല്‍ ന്യൂസുകളാണ് ഇപ്പോള്‍ ചര്‍ച്ച. ആ രണ്ട് വാര്‍ത്തകളിലും താരങ്ങള്‍ രണ്ട് പക്ഷികളാണ്. രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും ഒരു താരമത്യവും പറ്റാത്ത രണ്ട് പക്ഷികള്‍. ഒന്ന് കുരുവി, രണ്ടാമത്തേത് പരുന്ത്. കുരുവി നിയമകുരുക്കിന്റെ ഇര. പരുന്താകട്ടെ പ്രമോഷന്‍ കഥയിലെ വില്ലന്‍ ടേണ്‍ഡ് നായകന്‍.

ആദ്യം കൂട്ടത്തിലെ കുഞ്ഞന്‍ കുരുവിയുടെ കഥ. സംഭവം കണ്ണൂരിലാണ്. കൃത്യമായി പറഞ്ഞാല്‍ ഉളിക്കല്‍ ടൗണില്‍. രണ്ട് കടക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കേസും കൂട്ടവും കോടതിയിലെത്തി. കൂട്ടത്തിലൊരു തുണിക്കട കോടതി അടച്ചുപൂട്ടി. ആറ് മാസമായി കട പൂട്ടിയിട്ട്. ആ കടയുടെ ചില്ലുകൂടിന് മുകളിലൊരു വിടവുണ്ടായിരുന്നു. ഇത്തിരിക്കുഞ്ഞനായ കുരുവി അതിലൂടെ താഴെയിറങ്ങി. വല്ല ഉറുമ്പിനെയോ പ്രാണിയേയോ കണ്ടിട്ടാണോ എന്നറിയില്ല. എന്തായാലും ഇറങ്ങി. ഇത്തിരി കഴിഞ്ഞ് എന്നാല്‍ തിരിച്ചു പോയേക്കാം എന്ന് കരുതിയെങ്കിലും പറ്റിയില്ല...

sparrow-eagle

ഷട്ടറിനും ഗ്ലാസിനും ഇടയില്‍ കുരുവി പെട്ടു. കുറേ പെടാപാട്ടു പെട്ടു. പക്ഷേ പുറത്തേക്കിറങ്ങാന്‍ പറ്റിയില്ല. ദീനരോദനം കേട്ട് നാട്ടുകാരെത്തിയെങ്കിലും അവര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. കോടതി കയറിയ ,കോടതി പൂട്ടിയ കടമുറിയില്‍ അവരെങ്ങനെ കയറും? എന്തായാലും പറ്റുന്ന കാര്യം അവര്‍ ചെയ്തു. ഗ്ലാസിന് മുകളിലെ വിടവിലൂടെ ഭക്ഷണവും വെള്ളവും ഇറക്കി കൊടുത്തു. അങ്ങനെ കുരുവിക്ക് ജീവന്‍ കിടന്നു. ഒരിത്തിരി ജീവന്‍ വെക്കുമ്പോള്‍ കുരുവി പിന്നെയും ശ്രമിക്കും. നടക്കില്ല.

രണ്ട് ദിവസം കഴിഞ്ഞു. നൂലില്‍ കെട്ടിയിറക്കിയിട്ട അരിമണികളും വെള്ളവും കുടിച്ച് കുരുവി കഴിയുന്ന കഥ കളക്ടര്‍ അറിഞ്ഞു. സീല്‍ ചെയ്ത പൂട്ട് തുറക്കാന്‍ നിര്‍ദേശം നല്‍കി. അനുമതി കിട്ടിയ പഞ്ചായത്ത് സെക്രട്ടറി റെഡിയായി. ജില്ല ജഡ്ജി നിസാര്‍ അഹമ്മദും കുരുവിയുടെ മോചനം കാണാനെത്തി. അങ്ങനെ രണ്ട് ദിവസത്തെ ചില്ലുകൂട് താമസം അവസാനിപ്പിച്ച് ആ അങ്ങാടിക്കുരുവി തടി കഴിച്ചിലാക്കി. കുറച്ചു കാലം ടൗണിലെത്തിയതു കൊണ്ടാകും കേസും കൂട്ടവും അറിയാതെ പോയതെന്നും കുരുവിക്ക് ഈ അക്കടി പറ്റിയതെന്നും പരസ്പരം പറഞ്ഞ് ഉളിക്കല്‍ ടൗണിലെ നാട്ടുകാര്‍ അതൊരു കഥയുമാക്കി .

ഇനി പരുന്തിന്റെ കഥ. അത് കാസര്‍കോട്ടാണ്. ഗവ യു പി സ്‌കൂളില്‍ പ്രമോഷന് വേണ്ടിയുള്ള വകുപ്പുതല പരീക്ഷ എഴുതാന്‍ വന്നതായിരുന്നു നീലേശ്വരം സ്വദേശി അശ്വതി. വരാനിടയുള്ള ചോദ്യങ്ങള്‍, ഉത്തരങ്ങള്‍, സമയം കൃത്യമായി പാലിക്കുന്നതിനുള്ള നുറുങ്ങ് സൂത്രങ്ങള്‍ ഇതൊക്കെ ആലോചിച്ചാണ് അശ്വതി സ്‌കൂള്‍ വരാന്തയിലേക്ക് കയറിയത്. സ്‌കൂള്‍ കുട്ടികളുടെ ചങ്ങായി ആയ ഒരു കക്ഷി മുകളില്‍ ഇരുന്ന് കാര്യങ്ങളൊക്കെ നോക്കി വിലയിരുത്തുന്നുണ്ടെന്ന് അശ്വതി കണ്ടിരുന്നില്ല. ബാ?ഗ് സ്‌ട്രോങ് റൂമില്‍ വെച്ച് ഹാള്‍ ടിക്കറ്റും പേനയുമായി അശ്വതി പുറത്തിറങ്ങിയതും മുകളിലിരുന്ന ചങ്ങായി ഒറ്റക്കുതിപ്പിന് താഴെ എത്തി ഹാള്‍ ടിക്കറ്റ് റാഞ്ചിയതും പിന്നെ മേല്‍ക്കൂരയില്‍ പോയി ഇരിപ്പായതും എല്ലാം വളരെ പെട്ടെന്നായിരുന്നു.

അശ്വതി ഞെട്ടി. ശൂ ശൂ എന്നൊക്കെ കയ്യാട്ടി. പരീക്ഷ എഴുതാന്‍ വന്നവരില്‍ പലരും ഒപ്പമെത്തി. പല തന്ത്രങ്ങളും പയറ്റി. ഇതിലും വലുത് കണ്ട എന്നോടോ ബാലാ എന്ന മട്ടില്‍ പരുന്ത് ഇരുന്നു. അനങ്ങിയില്ല. എന്താ ഇവരീ കാണിക്കുന്നതെന്ന മട്ടില്‍ താഴേക്ക് ചുമ്മാ നോക്കിയിരുന്നു. കല്ലെടുത്ത് എറിയാന്‍ ആരൊക്കെയോ ഉപദേശിച്ചു. അശ്വതിക്ക് പക്ഷേ ധൈര്യം വന്നില്ല. പ്രമോഷന്‍ എന്ന സ്വപ്‌നം ഇപ്പോള്‍ മേല്‍ക്കൂരയിലെങ്കിലും ഇരിപ്പുണ്ട്. ടിയാന്‍ അതും കൊണ്ട് ദൂരേ പോയാലോ? അശ്വതി കയ്യും വീശിയുള്ള നില്‍പ് തുടര്‍ന്നു. ഏഴരക്കാണ് പരീക്ഷ തുടങ്ങുക. ആദ്യ ബെല്ലോടെ സഹായത്തിനെത്തിയ പരീക്ഷാര്‍ത്ഥികളില്‍ പലരും പോയി.

തന്റെ പ്രമോഷന്റെ കാര്യത്തില്‍ ഏതാണ്ട് ഒരു തീരുമാനമായി എന്നുറപ്പിച്ച് സങ്കടത്തോടെ മടങ്ങാന്‍ തുടങ്ങുമ്പോള്‍ അശ്വതിയുടെ മുന്നിലേക്ക് ഹാള്‍ ടിക്കറ്റ് പറന്നിറങ്ങി. അവസാന ബെല്ലടിക്കുന്നതിന് തൊട്ടുമുമ്പ്. അവിശ്വാസത്തോടെ സന്തോഷത്തോടെ മുകളിലേക്ക് നോക്കി ഒന്ന് ചിരിച്ച് അശ്വതി പരീക്ഷാമുറിയിലേക്ക് പോയി. ഇതൊക്കെ എന്ത് എന്ന മട്ടില്‍ പരുന്ത് അവിടെ തന്നെ ഇരുന്നു. ഒരു തമാശ കാണിക്കാനും പാടില്ലേ, വാട്ടീസ് ദിസ് എന്ന് ഉള്ളില്‍ ചോദിച്ച് കൊണ്ട്.

Take a Poll

സ്‌കൂളിലെ സ്ഥിരം പഠിതാവാണ് പരുന്ത് കുറച്ച് കാലമായി. ഇടക്ക് ബോറടിക്കുമ്പോള്‍ പിള്ളേരുടെ ആരുടെയെങ്കിലും ഒക്കെ പേനയും പെന്‍സിലുമൊക്കെ തട്ടിയെടുക്കാറുണ്ട്. കുറച്ച് കഴിഞ്ഞ് എന്നാ പിടിച്ചോ എന്ന മട്ടില്‍ തിരിച്ചുകൊടുക്കും. കുറച്ച് സ്‌നേഹം കാണിക്കുന്ന വികൃതിപ്പിള്ളേരുടെ കയ്യില്‍ വന്നിരിക്കും ചിലപ്പോള്‍. ആരെയും ഉപദ്രവിച്ചിട്ടില്ല. സ്‌കൂളിലെ പഠിത്തം കഴിഞ്ഞ് പോരെ ജോലിയും പ്രമോഷനും ഒക്കെ എന്ന വീണ്ടുവിചാരം കൊണ്ടാവും പരുന്ത് ഹാള്‍ ടിക്കറ്റ് കേടില്ലാതെ തിരിച്ചുകൊടുത്തത് എന്നാണ് സ്‌കൂളിലെ കുട്ടികളും അധ്യാപകരും പറയുന്നത്.

എന്തായാലും മലബാര്‍ ഭാ?ഗത്ത് ഇപ്പോള്‍ കുട്ടികള്‍ക്ക് പറഞ്ഞു നടക്കാനാണെങ്കിലും മുതിര്‍ന്നവര്‍ക്ക് ചിരിക്കാനാണെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുന്ന അസുഖമുള്ളവര്‍ക്ക് ഭാവന പൂത്തു വിടരാനും ഇപ്പോള്‍ രണ്ട് കഥകള്‍ കൂടിയായി. കുരുവിക്കഥയും പരുന്തുകഥയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+