ശാസ്ത്രമല്ല, വിശ്വാസമാണ് പ്രധാനം, അബദ്ധം പറ്റിയെന്ന് സമ്മതിച്ച് സ്പീക്കർ മാപ്പ് പറയണം; സുകുമാരൻ നായർ
കോട്ടയം: ശാസ്ത്രമല്ല,വിശ്വാസമാണ് പ്രധാനമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.ഷംസീറിന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ ഹൈന്ദവ വിരോധമാണ്. സ്പീക്കർ ഹൈന്ദവ ജനതയോട് മാപ്പ് പറയണമെന്നും സുകുമാരൻ നായർ പറഞ്ഞു.എൻഎസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വാഴപ്പള്ളി മഹാദേവക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഭഗവാന്മാരുടെ ആയിക്കോട്ടെ മനുഷ്യരുടെ ആയിക്കോട്ടെ ഏതു സംരംഭം തുടങ്ങിയാലും അതിനു പ്രാരംഭം കുറിക്കുന്ന ഒരു മഹാ വിശ്വാസമാണിത്. അതിനെതിരെ സർക്കാരിൽ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന,അതായത് അസംബ്ലിയുടെ സ്പീക്കർ സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ അതിനെതിരെ പ്രതികരിച്ചത് നാം ആരാധിക്കുന്ന ഈശ്വരനെ അങ്ങേയറ്റം അധിക്ഷേപിച്ചുകൊണ്ടും അപമാനിച്ചുകൊണ്ടുമാണ്. അത് കേരളത്തിലെ ഹൈന്ദവ ജനതയുടെ ചങ്കിന് തറച്ചിരിക്കുകയാണ്. അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും മാർഗമില്ല.

ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം കേരളത്തിലെ എല്ലാ മതങ്ങളെയും ഒരുപോലെ സ്നേഹിച്ചു കൊണ്ട് എല്ലാവരോടും സഹവർത്തിത്വത്തോട് കൂടി ഒരു മതവിഭാഗത്തെയും വിമർശിക്കാതെ അവർക്കുള്ള ആരാധനാ സ്വാതന്ത്ര്യം എല്ലാം ശരിവച്ചു കൊണ്ട് മുന്നോട്ടു പോകുന്ന ഒരു പാരമ്പര്യമാണ് ഹൈന്ദവന്റേത്. അത് പൂർണമായും പാലിച്ച് പോരുന്നുണ്ട്. മാത്രമല്ല ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടയാൾ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് ഇത്ര നിന്ദ്യവും നീചവുമായി നമ്മൾ ആരാധിക്കുന്ന ഈശ്വരനെ അപമാനിക്കാൻ ശ്രമിച്ചാൽ എല്ലാ തരത്തിലും വിട്ടുവീഴ്ചയില്ലാത്ത എതിർപ്പിനെ അവർ നേരിടേണ്ടി വരും. അതിനുള്ള തുടക്കമാണ് ഇത്.
എൻ എസ് എസ്, ഹിന്ദു സംഘടനകൾ, ആർഎസ്എസ്, ബിജെപി അങ്ങനെ എല്ലാ വിഭാഗത്തിൽപ്പെട്ട ഹൈന്ദവരും ഇതിനെതിരെ വളരെ സജീവമായി രംഗത്തുവന്നിട്ടുണ്ട്. അവരോടൊപ്പം എൻഎസ്എസും ഈ കാര്യത്തിൽ യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.കാരണം ഇത് വിശ്വാസത്തിന്റെ കാര്യമാണ്.
ശബരിമല വിഷയത്തിൽ ആദ്യം മുതൽ അന്തം വരെ ആ മുന്നേറ്റം വിജയത്തിലെത്തിക്കാൻ മുന്നിൽ നിന്ന പ്രസ്ഥാനമാണ് നായർ സർവീസ് സൊസൈറ്റി. അതും വിശ്വാസത്തിന്റെ പേരിലാണ് അങ്ങനെയൊരു നിലപാടെടുത്തത്. ഇതും അങ്ങനെയൊരു നിലപാടെടുത്തിരിക്കുകയാണ് എൻഎസ്എസ്. അതിന്റെ സൂചനയെന്നോണം ഇന്ന്, ഓഗസ്റ്റ് 2 വിശ്വാസസംരക്ഷണ ദിനമായി കേരളം മുഴുവൻ ആചരിച്ച് കൊണ്ടിരിക്കുകയാണ്.
യാതൊരു പ്രകോപനവുമുണ്ടാക്കാതെ അവനവന്റെ വിശ്വാസത്തെ മുറുക്കിപ്പിടിച്ചുകൊണ്ട്, അവരവരുടെ പ്രദേശത്ത് ഏറ്റവും അടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ രാവിലെ കൂടുകയും ഭഗവാനെ പ്രാർഥിക്കുകയും വഴിപാടുകൾ നടത്തുകയും ഇതിനു വേണ്ട ശക്തി ഞങ്ങൾക്ക് തരണേ എന്ന് ഭഗവാനോട് പറയുകയും ചെയ്യുക എന്നുള്ളതാണ് ഇതിന്റെ ആത്യന്തികമായ ലക്ഷ്യം . അതിന്റെ തുടക്കം ഇവിടെ കുറിച്ചു കഴിഞ്ഞു.
ഞാൻ സ്പീക്കർ രാജിവയ്ക്കണമെന്ന് ഒന്നും പറഞ്ഞില്ല. അതൊക്കെ മാധ്യമസൃഷ്ടിയോ അല്ലെങ്കിൽ മറ്റേതെങ്കിലും സൃഷ്ടിയോ ആണ്. ഇത്രയും മോശമായ രീതിയിൽ സംസാരിച്ച ജനപ്രതിനിധികളുടെ ജനപ്രതിനിധി ആ സ്ഥാനത്ത് തുടരാൻ അർഹനല്ല എന്നു ഞാൻ പറഞ്ഞു, രാജിവയ്ക്കാൻ പറഞ്ഞില്ല. ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറഞ്ഞുകൊണ്ട് ഇതിൽ നിന്നും രക്ഷപ്പെടാനാണ് അവരോട് ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്യാത്ത പക്ഷം സർക്കാർ ഈ വികാരത്തെ മാനിച്ചുകൊണ്ട് ആവശ്യമായ മേൽ നടപടി സ്വീകരിക്കണമെന്നുമാണ് നമ്മൾ പറഞ്ഞത്. അതായത് ഹൈന്ദവ ജനതയോട് മാപ്പു പറയണം എന്നുള്ള കാര്യത്തിൽ യാതൊരു മാറ്റവുമില്ല. എനിക്ക് അബദ്ധം പറ്റി എന്ന് സമ്മതിച്ചു കൊണ്ട് മാപ്പു പറയണം.'-സുകുമാരൻ നായർ പറഞ്ഞു.












Click it and Unblock the Notifications