എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് 40% പാഠഭാഗം മാത്രം, പരീക്ഷകള്‍ 17ന് ആരംഭിക്കും!!
തിരുവനന്തപുരം: സംസ്ഥാന കരിക്കുലം കമ്മിറ്റി എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് 40 ശതമാനം പാഠഭാഗങ്ങളില്‍ ഊന്നല്‍ നല്‍കാന്‍ തീരുമാനിച്ചു. കൊവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് ക്ലാസുകള്‍ നടക്കാതെ വന്നതോടെയാണ് ഈ ക്രമീകരണം. വിദ്യാര്‍ത്ഥികളുടെ പഠനം ഭാരം കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം. മുഴുവന്‍ മാര്‍ക്കിനുമുള്ള ചോദ്യങ്ങള്‍ ഈ 40 ശതമാനം പാഠഭാഗങ്ങളില്‍ നിന്നുള്ളതായിരിക്കും. ഉത്തരങ്ങള്‍ തിരഞ്ഞെടുത്ത് എഴുതാനും സാധിക്കും.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത തലയോഗമാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.
രാവിലെ പ്ലസ്ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എല്‍സി പരീക്ഷയും നടക്കും. പ്ലസ്ടു പ്രായോഗിക പരീക്ഷാ തിയതികള്‍ പിന്നീട് പ്രഖ്യാപിക്കും. പരീക്ഷകളുടെ വിശദമായ ടൈംടേബില്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാ ഫീസ് സംബന്ധിച്ച വിശദാംശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇവ അതാത് സ്‌കൂളില്‍ നിന്നും ലഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. അതേസമയം പരീക്ഷാ സമയം നീട്ടി നല്‍കും.
അതേസമയം ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് ഉത്തരമെഴുതാന്‍ അവസരം നല്‍കുന്നതിനായി അധിക ചോദ്യങ്ങള്‍ അനുവദിക്കും. ചോദ്യങ്ങള്‍ വായിച്ച് മനസ്സിലാക്കാന്‍ കൂടുതല്‍ കൂള്‍ ഓഫ് ടൈമും ഉണ്ടായിരിക്കും. ജനുവരി ഒന്ന് മുതലുള്ള ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് നടത്തുക. മാര്‍ച്ച 16 വരെ ക്ലാസുകള്‍ ഉണ്ടാകും. എഴുത്ത് പരീക്ഷയ്ക്ക് ശേഷം പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായി ഒരാഴ്ച്ച സമയം നല്‍കും. മാതൃകാപരീക്ഷകളും വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുമുള്ള കൗണ്‍സിലിംഗും സ്‌കൂള്‍ തലത്തില്‍ നടത്തും.