'അതിജീവിതയ്ക്കൊപ്പം നിൽക്കുന്നത് ദ്രോഹമാണത്രേ! മാങ്കൂട്ടത്തിലിനേയും ന്യായീകരിച്ചു', അടൂർ പ്രകാശിന് വിമർശനം
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ച് കൊണ്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് നടത്തിയ പ്രസ്താവന വിവാദത്തിലായിരിക്കുകയാണ്. ദിലീപിന് നീതി ലഭിച്ചുവെന്നും സര്‍ക്കാര്‍ അപ്പീലിന് പോകുന്നത് ദിലീപിനെ ബുദ്ധിമുട്ടിക്കാനാണെന്നുമാണ് അടൂര്‍ പ്രകാശ് പ്രതികരിച്ചത്.
വിവാദമായതിന് പിന്നാലെ നിലപാടില്‍ അടൂര്‍ പ്രകാശ് മലക്കം മറിഞ്ഞു. നീതി കിട്ടിയില്ലെന്നും താന്‍ എന്നും അതിജീവിതയ്ക്ക് ഒപ്പമാണ് എന്നുമാണ് അടൂര്‍ പ്രകാശ് തിരുത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുളളവർ അടൂർ പ്രകാശിനെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്.
മന്ത്രി എംബി രാജേഷിന്റെ പ്രതികരണം: '' യുഡിഎഫ് കൺവീനറുടെ അതിരാവിലെയുള്ള 'സുഭാഷിതം' അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതരായിരുന്ന ചിലരെ പിന്തുണച്ചും, അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനത്തെ എതിർത്തും കേരളത്തിലെ പ്രതിപക്ഷത്തിന്റെ കൺവീനർ തന്നെ രംഗത്തുവന്നിരിക്കുകയാണ്. കേസിൽ പൂർണമായ നീതി നടപ്പിലാക്കണമെന്നത് നാടിന്റെ പൊതുവികാരമാണ്. സർക്കാർ അപ്പീൽ പോകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നാടാകെ ആഗ്രഹിക്കുന്നതാണത്.

എന്നാൽ അപ്പീൽ പോകുന്നത് ദ്രോഹമാണെന്നാണ് കൺവീനറുടെ കണ്ടെത്തൽ! അതായത് അതിജീവിതയ്ക്കൊപ്പം നിൽക്കുന്നത് ദ്രോഹമാണത്രേ! അപ്പോൾ യുഡിഎഫ് കൺവീനറുടെ പക്ഷം വ്യക്തമായില്ലേ. കൺവീനറുടെ പക്ഷമെന്നാൽ നയിക്കുന്ന മുന്നണിയുടെ പക്ഷം. ഇത് ഒറ്റപ്പെട്ട ഒരു സമീപനമല്ല എന്നതിന് തെളിവാണ് പാലക്കാട് എം എൽ എയുടെ കാര്യത്തിലുമുണ്ടായത്. ലൈംഗിക കുറ്റവാളിയായ അയാളെ ന്യായീകരിക്കാനും ഈ കൺവീനർ മുന്നോട്ടുവന്നിരുന്നു.
മാങ്കൂട്ടത്തിലിന്റെ അതിക്രമത്തിനിരയായ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടിത്തിക്കൊണ്ടുള്ള കൂട്ട സൈബർ ആക്രമണത്തിനുള്ള ധൈര്യം കിട്ടിയതും, ഇതുപോലുള്ള പിൻബലം കൊണ്ടായിരുന്നു. കോൺഗ്രസ് മുഖപത്രം എത്ര വീറോടെയാണ് ആ കുറ്റവാളിയെ ന്യായീകരിച്ചും മഹത്വവത്കരിച്ചും മുഖപ്രസംഗമെഴുതിയത്. മുഖപ്രസംഗം എഴുതി മഹത്വവത്കരിക്കുമ്പോൾ, അതിൽ ജോലി ചെയ്യാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായ വനിതകളെക്കുറിച്ചെങ്കിലും ഓർത്തോ? അത്രമേൽ അശ്ലീലമായ മുഖപ്രസംഗം അച്ചടിച്ചുവെച്ചതിൽ തരിമ്പെങ്കിലും ലജ്ജ തോന്നിയോ അവർക്ക്?
മങ്കൂട്ടത്തിലിനെതിരെ നിലപാടെടുത്ത കോൺഗ്രസിലെ എം എൽ എ മാരുൾപ്പെടെയുള്ള വനിതകളെ സൈബർ ഗുണ്ടകൾ എങ്ങനെയാണ് നേരിട്ടത് എന്ന് നാം കണ്ടതാണല്ലോ. കോൺഗ്രസിന്റെ ഉന്നതനേതാക്കളുടെ കുടുംബാംഗങ്ങൾ പോലും സൈബറിടത്തിൽ പിച്ചിച്ചീന്തപ്പെട്ടിട്ടില്ലേ? ആരെങ്കിലും പിന്തുണയ്ക്കാനുണ്ടായോ?
എന്നാൽ എൽ ഡി എഫ് സർക്കാരിന്റെ സമീപനം അതിജീവിതകൾക്കൊപ്പവും നീതിക്കൊപ്പവുമാണ്. അതുകൊണ്ടാണ് കൊച്ചിയിലെ കേസിൽ അപ്പീൽ പോകുന്നത്. അതുകൊണ്ടാണ് അതിജീവിതകളെ അധിക്ഷേപിച്ചവരെ കൽതുറങ്കിലടച്ചതും. കോൺഗ്രസ് നേതാക്കൾ എവിടെയും വേട്ടക്കാർക്കൊപ്പം ഓടുമ്പോൾ, എൽഡിഎഫ് സർക്കാർ ഇരകൾക്കും അതിജീവിതകൾക്കുമൊപ്പം നീതിക്ക് വേണ്ടി അടിയുറച്ചുനിൽക്കുന്നു. രണ്ട് സമീപനങ്ങൾ തമ്മിലുള്ള വ്യത്യാസം ജനങ്ങൾ കാണുന്നുണ്ട്''.












Click it and Unblock the Notifications