
ഗവര്‍ണര്‍ക്കെതിരായ നിയമോപദേശം; സര്‍ക്കാര്‍ ചെലവഴിച്ചത് 46.90 ലക്ഷം രൂപ
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരായ നിയമ നടപടികള്‍ക്കായി നിയമോപദേശത്തിന് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കുന്നത് ലക്ഷക്കണക്കിന് രൂപ. തടഞ്ഞ് വെച്ച ബില്ലുകള്‍ ഉള്‍പ്പെടെ നിയമസഭ പാസാക്കിയ ബില്ലുകളെ സംബന്ധിച്ച് നിയമോപദേശം തേടിയതിന് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 46.90 ലക്ഷം രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ 11 ബില്ലുകളാണ് നിയമസഭ പാസാക്കിയിരുന്നത്. ഇതില്‍ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്‍ അടക്കമുള്ള 4 ബില്ലുകള്‍ക്കും കഴിഞ്ഞ വര്‍ഷം നിയമസഭ പാസാക്കിയ രണ്ട് ബില്ലുകള്‍ക്കും ഗവര്‍ണര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടുണ്ടായിരുന്നില്ല.

ഇതില്‍ ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടികളെ സംബന്ധിച്ച് നിയമോപദേശം നല്‍കിയതിനാണ് ഇത്രയും ഫീസ്. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഫാലി എസ് നരിമാന് മാത്രം നിയമോപദേശത്തിന് നല്‍കിയത് 30 ലക്ഷം രൂപയാണ്. അഡ്വ. സുഭാഷ് ശര്‍മയ്ക്ക് 9.90 ലക്ഷം രൂപയും സഫീര്‍ അഹമ്മദിന് 3 ലക്ഷവും നല്‍കി.

ക്ലാര്‍ക്ക് വിനോദ് കെ ആനന്ദിന് 3 ലക്ഷവും പ്രതിഫലമായി നല്‍കിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദേശം അനുസരിച്ചാണ് തുക അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. കേരള നിയമസഭ ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമോപദേശം എഴുതി നല്‍കുന്നതിനാണ് ഫീസ് കൈമാറുന്നത് എന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.
എന്നേയും ഒത്തുകളിയേയും ബന്ധിപ്പിക്കരുത്; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വീണ്ടും ധോണി

പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതിന് ശേഷം ഇത് രണ്ടാം തവണയാണ് ഫാലി എസ് നരിമാനില്‍ നിന്ന് നിയമോപദേശം തേടുന്നത്. കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ള റിട്ട് ഹര്‍ജിയില്‍ ഒന്നാം എല്‍ ഡി എഫ് സര്‍ക്കാര്‍ നരിമാനില്‍ നിന്ന് നിയമോപദേശം തേടിയിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണം എന്ന ഇ ഡിയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകാന്‍ 15.50 ലക്ഷം രൂപയാണ് കപില്‍ സിബലിന് സര്‍ക്കാര്‍ അനുവദിച്ചത്.