അന്ന് ആടുകളെ വിറ്റ പണം, ഇന്ന് ചായക്കടയിലെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക്; വയനാടിനെ ചേർത്ത് പിടിച്ച് സുബൈദ
2018-ലെ വെള്ളപൊക്കത്തില്‍ തന്‍റെ ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത സുബൈദുമ്മയെ കേരളത്തിന് അങ്ങനെ പെട്ടെന്നൊന്നും മറക്കാനാകില്ല. ഇപ്പോഴിതാ വയനാടിന്റെ കണ്ണീരൊപ്പാനും മുന്നിട്ടിറങ്ങിയിരിക്കുകയാണവർ. ചായക്കടയിൽ നിന്ന് ലഭിച്ച വരുമാനമാണ് വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അവർ സംഭാവന ചെയ്തത്. ചവറ എംഎൽഎ സുജിത് പിള്ളയാണ് ഇത് സംബന്ധിച്ച് കുറിപ്പ് പങ്കുവെച്ചത്.
'അന്ന് ആടുകളെ വിറ്റ പണം, ഇന്ന് ചായക്കടയിലെ വരുമാനം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ചായക്കടയിൽ നിന്ന് കിട്ടിയ വരുമാനം കൈമാറി പള്ളിത്തോട്ടം സ്വദേശിനി സുബൈദ ഉമ്മ. വയനാട് ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി 10,000 രൂപയാണ് സുബൈദ ഉമ്മ കൈമാറിയത്. കളക്‌ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക് നേരിട്ട് തുക കൈമാറുകയായിരുന്നു.
പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തിയാണ് സുബൈദ ഉമ്മ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. വെള്ളപ്പൊക്കസമയത്ത് ആടുകളെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു', കുറിപ്പിൽ പറഞ്ഞു.

അതേസമയം വിദ്വേഷ പ്രചരണത്തെയെല്ലാം തളളിക്കൊണ്ട് വയനാടിനായി മലയാളികളാകെ കൈകോർക്കുന്ന കാഴ്ചയാണ് ചുറ്റും. ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സംഭാവന നൽകുന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാൺ ജ്വല്ലേഴ്സ് ഉടമ കല്ല്യാണ രാമൻ എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞം പോർട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായ വാഗ്ദാനം നൽകിയിട്ടുണ്ട്.
കൂടാതെ കെഎസ്എഫ്ഇ അഞ്ചു കോടി രൂപയും കനറാ ബാങ്ക് ഒരുകോടി രൂപയും കെ എം എം എൽ 50 ലക്ഷം രൂപയും വനിത വികസന കോർപ്പറേഷൻ 30 ലക്ഷം രൂപയും, ഔഷധി ചെയർ പേഴ്സൺ ശോഭന ജോർജ്ജ് 10 ലക്ഷം രൂപയും നൽകി. തമിഴ് ചലച്ചിത്ര നടൻ വിക്രം 20 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
അതിനിടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരണം നടത്തിയവർക്കെതിരെ പോലീസ് കേസ് എടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 192, 45, ദുരന്തനിവാരണ നിയമത്തിലെ 51 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. സാമൂഹ്യമാധ്യമമായ എക്സിൽ 'കോയിക്കോടൻസ് 2.0' എന്ന പ്രൊഫൈലിൽ നിന്നായിരുന്നു തെറ്റായ പ്രചരണം ഉണ്ടായത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളിക്കളയണമെന്ന തരത്തിലായിരുന്നു കുറിപ്പ്.












Click it and Unblock the Notifications