ആലപ്പുഴയിൽ കൊല്ലപ്പെട്ടത് സുഭദ്ര തന്നെ; തിരിച്ചറിഞ്ഞത് മകൻ, മാത്യൂസും ശർമ്മിളയും ഒളിവിൽ
ആലപ്പുഴ: എറണാകുളം കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്ര കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം. ആലപ്പുഴ കലവൂരിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ മൃതദേഹം സുഭദ്രയുടേത് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. സുഭദ്രയുടെ മക്കളായ രഞ്ജിത്തും രാധാകൃഷ്‌ണനും ആലപ്പുഴയിൽ എത്തി മൃതദേഹം സുഭദ്രയുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. സുഭദ്രയുടെ കാലിലെ ബാൻഡേജ് ഉൾപ്പെടെ മക്കൾ തിരിച്ചറിഞ്ഞു. മുട്ടുവേദനയ്ക്ക് സുഭദ്ര സ്ഥിരമായി ബാൻഡേജ് ഉപയോഗിച്ചിരുന്നു. മൃതദേഹ ഭാഗത്തിൽ നിന്നും ഇതുൾപ്പെടെ ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് മരിച്ചത് സുഭദ്ര തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. ഈ വീട്ടിൽ കഴിഞ്ഞിരുന്ന ശർമ്മിളയും സുഹൃത്ത് മാത്യൂസും ഒളിവിലാണ്. കേസിൽ നേരത്തെ ഒരാൾ പോലീസ് കസ്‌റ്റഡിയിൽ ആയിരുന്നു. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. തുടർന്ന് മണ്ണ് നീക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഇതിന് പിന്നാലെ എറണാകുളത്ത് നിന്ന് വയോധികയെ കൂട്ടികൊണ്ട് പോവുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. നാലാം തീയതി സുഭദ്രയെ കൂട്ടിക്കൊണ്ട് പോവുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന സുഭദ്രയുടെ കൈവശം സ്വര്‍ണാഭരങ്ങളും പണവും ഉണ്ടെന്ന് ശര്‍മിളയ്ക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് പോലീസ് കരുതുന്നത്.
ശർമ്മിളയാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാര എന്നാണ് പോലീസ് കരുതുന്നത്. ഉഡുപ്പി സ്വദശിയായ ഇവർ നാല് വർഷം മുൻപാണ് കൊച്ചിയിൽ എത്തിയത്. കൃത്യത്തിൽ ഇവരുടെ പങ്കളിയായ മാത്യൂസിന് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവം പോലീസ് അറിഞ്ഞതോടെ ഇരുവരും മുങ്ങുകയായിരുന്നു എന്നാണ് നിഗമനം.
കൊല്ലപ്പെട്ട സുഭദ്ര നേരത്തെ ഒരു ഹോസ്‌റ്റൽ നടത്തിയിരുന്നുവെന്നും അവിടെയായിരുന്നു ശർമ്മിള താമസമെന്നും വിവരമുണ്ട്. അങ്ങനെയാണ് ശർമ്മിളയുമായി ഇവർ അടുത്തതെന്നാണ് സൂചന. സുഭദ്രയുടെ വീട്ടിലും ഇവർ താമസിച്ചിട്ടുണ്ട്. അങ്ങനെയാണ് ആലപ്പുഴയിലെ വീട്ടിലേക്ക് സുഭദ്രയെ കൊണ്ട് പോവുന്നതും അവിടെ വച്ച് മാത്യൂസിനെ പരിചയപ്പെടുന്നതും.
ആലപ്പുഴയിലെ വീട്ടിൽ എത്തിയെങ്കിലും മൂന്ന് ദിവസങ്ങൾ കഴിഞ്ഞാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് കരുതുന്നത്. ചോദ്യം ചെയ്യലിനായി പോലീസ് വിളിപ്പിച്ചതിന് പിന്നാലെയാണ് ശര്‍മ്മിളയും മാത്യൂസും ഒളിവിൽ പോയതെന്നാണ് വിവരം. ഇനി ഇരുവരെയും കണ്ടെത്തിയാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.












Click it and Unblock the Notifications