'രക്ഷിക്കണേ, ഞങ്ങൾ പോകുന്നേയെന്ന സൗദയുടെ നിലവിളി, പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച'; അട്ടമല വാർഡ് അംഗം പറയുന്നു
'സൗദയുടെ നിലവിളിയും രക്ഷിക്കണേയെന്ന കരച്ചിലും ഇപ്പോഴും എന്റെ ചെവിയിൽ നിന്ന് പോയിട്ടില്ല. വീടിന് പുറത്തിറങ്ങിയപ്പോൾ കേട്ടത് ഭയാനകമായൊരു ശബ്ദമായിരുന്നു. ഉറക്കെ ബഹളം വെച്ചു ഞാൻ, സമീപത്തുള്ളവരെല്ലാം എന്റെ വീട്ടിലേക്ക് ഓടി വന്നു. അവരെ ടെറസിലേക്ക് മാറ്റി, അപ്പോഴേക്കും ഉരുൾപൊട്ടി വന്നിരുന്നു', ഞെട്ടലും വേദനയും പങ്കുവെച്ച് അട്ടമല വാർഡ് അംഗം എൻകെ സുകുമാരൻ വിശദീകരിച്ചു. ഉരുൾപൊട്ടലിൽ മുണ്ടക്കൈയിലേയും ചൂരൽമലയിലേയും കല്ലും മരങ്ങളുമെല്ലാം ഒഴുകിയെത്തിയത് അട്ടമലയിലേക്കായിരുന്നു. ഇവിടെ നിന്ന് രണ്ട് ദിവസമായി നടത്തിയ തിരച്ചിൽ 38 ഓളം മൃതദേഹങ്ങളാണ് കണ്ടെടുത്ത്.
ആദ്യം ഉരുൾപൊട്ടിയപ്പോൾ തന്നെ ആളുകളെ മാറ്റാൻ ശ്രമം നടത്തിയതിനാൽ അട്ടമല പ്രദേശത്ത് വലിയ തോതിൽ ജീവഹാനി സംഭവിച്ചില്ലെന്ന് സുകുമാരൻ പറഞ്ഞു. നാല് മരണങ്ങളാണ് ഇവിടെ നടന്നത്. 8 പേരെ കാണാതായി. പ്രദേശത്ത് അടിഞ്ഞ് കൂടിക്കടക്കുന്ന ചളിയിൽ നിന്നും മരങ്ങൾക്കിടയിൽ നിന്നുമെല്ലാമാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇനിയും കൂടുതൽ മേഖലകളിൽ തിരച്ചിൽ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. ദുരന്ത ദിവസം നടത്തിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

'പുലർച്ചെ 1.50 ഓടെയാണ് ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. വാർഡ് തല ഗ്രൂപ്പുകൾ ഉണ്ട് നമ്മുക്ക്. എന്റെ വാർഡിലെ അംഗമാണ് സൗദ. അവർ അടുത്ത വാർഡിലാണ് വിവാഹം കഴിച്ച് താമസിക്കുന്നത്. സൗദ ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് മെസേജ് ഇടുകയായിരുന്നു. സുകുവേട്ട ഓടി വരണേ , രക്ഷിക്കണേ, ഞങ്ങളെല്ലാവരും പോകുവാണ്, എനിക്കൊന്നും കാണുന്നില്ല, ചുറ്റും മരങ്ങളാണ് എന്ന് പറഞ്ഞ് കരയുകയായിരുന്നു അവർ. ഇത് കേട്ട് പുറത്തിറങ്ങി ടോർച്ച് അടിച്ച് നോക്കിയപ്പോൾ ഭയാനകമായൊരു ശബ്ദമാണ് കേട്ടത്. അപ്പോൾ തന്നെ ഞാൻ ബഹളം വെച്ചു. ബഹളം കേട്ട് വീടിന് ചുറ്റും ഉള്ളവർ ഓടി വന്ന്. മുകളിലുള്ള എന്റെ വീട്ടിലെ തിണ്ടിൽ അവരെ കയറ്റി നിർത്തി, വേഗം എല്ലാവരേയും ടെറസിലേക്ക് മാറ്റി. അതുകൊണ്ടാണ് എന്റെ വാർഡിൽ വലിയ ദുരന്തം ഒഴിവായത്. വാർഡിന്റെ മുക്കാൽ ഭാഗവും പുഴയോട് ചേർന്നുള്ള പ്രദേശങ്ങളാണ്.
ഉരുൾപൊട്ടൽ ശബ്ദം കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് ഏകദേശം മനസിലാകും. ശബ്ദം കേട്ടപ്പോൾ തന്നെ ആളുകൾ വളരെ പെട്ടെന്ന് പ്രദേശത്ത് നിന്ന് മാറി. അതിനാലാണ് പലരും രക്ഷപ്പെട്ടത്. അട്ടമലയിൽ ഇപ്പോൾ ഹിറ്റാച്ചിയും മറ്റ് യന്ത്രങ്ങളുമൊക്കെ എത്തിച്ചുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്ന് പല മേഖലകളായി തിരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. മേഖലയിൽ നിന്നും 68 ഓളം വീടുകളാണ് നഷ്ടമായത്. എന്റെ വാർഡിൽ നിന്ന് നാല് പേരാണ് മരിച്ചത്. എട്ട് പേരെ കാണാതായി. മുണ്ടക്കൈയിൽ നിന്നും ചൂരൽമലയിൽ നിന്നും ഒഴുകിയെത്തിയ 38 ഓളം മൃതദേഹങ്ങൾ ആണ് അട്ടമലയിൽ നിന്നും കണ്ടെടുത്തത്.
മുണ്ടക്കൈ പൂർണമായും തകർന്ന നിലയിലാണ്. ചൂരൽമലയും അട്ടമലയും പകുതി തകർന്നു. മുണ്ടക്കൈയിലേക്കുള്ള ബെയ്ലി പാലത്തിന്റെ പണി ഉച്ചയോടെ പൂർത്തിയാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. അതുകഴിഞ്ഞാൽ കൂടുതൽ യന്ത്രങ്ങളെത്തിച്ച് രക്ഷാപ്രവർത്തനം വളരെ വേഗത്തിൽ നടത്താൻ സാധിക്കുമെന്നാണ് കരുതുന്നത്', സുകുമാരൻ പറഞ്ഞു.












Click it and Unblock the Notifications