'തന്ത്രിയെ അറസ്‌റ്റ് ചെയ്‌തു, എന്നാൽ മന്ത്രിയെ ചോദ്യം ചെയ്‌തത് എവിടെ വരെ ആയി?'; വിമർശിച്ച് സണ്ണി ജോസഫ്
കൊച്ചി: ശബരിമല സ്വർണപ്പാളി കേസിൽ തന്ത്രി അറസ്‌റ്റിലായതിന് പിന്നാലെ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നടപടി എടുക്കാത്തതിന് പ്രത്യേക അന്വേഷണ സംഘത്തെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ശബരിമല തന്ത്രി കണ്ഠരര് രാജീവരെ എസ്‌ഐടി അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ വിഷയത്തില്‍ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രചാരണം ശക്തമാക്കുകയാണ് കോൺഗ്രസ്.
ഇതിനാണ് ഇപ്പോൾ കെപിസിസി അധ്യക്ഷൻ തുടക്കമിട്ടിരിക്കുന്നത്. കടകംപള്ളിയുടെ അറസ്‌റ്റ് ഉൾപ്പെടെ ഉണ്ടായാൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ വലിയ ആയുധമാക്കാൻ സാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. ശബരിമലയില്‍ തന്ത്രിയെ അറസ്‌റ്റ് ചെയ്‌തത് അന്വേഷണത്തിന്റെ പുരോഗതിയാണെങ്കിലും മുൻ മന്ത്രിയെ ചോദ്യം ചെയ്‌തതിൽ എന്താണ് പുരോഗതിയെന്നാണ് കെപിസിസി അധ്യക്ഷൻ ചോദിക്കുന്നത്.

'മുൻ മന്ത്രിയുടെ ചോദ്യം ചെയ്യൽ എന്തായി? കടകംപള്ളിയുടെ അഭിമുഖം ആയിരുന്നോ എടുത്തത്. ഇനിയും ഉന്നതർ ഇതിലുണ്ട്. രാഷ്ട്രീയ നേതൃത്വത്തിലെ പലരേയും ഒഴിവാക്കുന്നു. ഇവരെ എല്ലാവരെയും പ്രതികളാക്കണം. ചുമതലയിലുള്ളവര്‍ അറിയാതെ എങ്ങനെ മോഷണം നടത്താന്‍ സാധിക്കുമെന്നും കോടതി പലവട്ടം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്' സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
തന്ത്രിയെക്കാൾ മുകളിലാണ് ദേവസ്വം ബോർഡ്. തന്ത്രിയും മന്ത്രിയും എല്ലാവരും ഉത്തരവാദികളാണ്. തന്ത്രിയെ നിയന്ത്രിക്കേണ്ടത് മന്ത്രി ആയിരുന്നു. അന്വേഷണത്തിൽ പൂർണ തൃപ്‌തിയില്ല. ഉത്തരവാദിത്തപ്പെട്ട എല്ലാവരെയും പ്രതികളാക്കാന്‍ അന്വേഷണ സംഘത്തിന് സാധിക്കണം. സര്‍ക്കാരുമായി ബന്ധമുള്ള അറസ്‌റ്റിലായവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
മുന്‍ എംഎല്‍എ ആയിരുന്ന എ പത്മകുമാര്‍, എന്‍ വാസു എന്നിവര്‍ക്ക് എതിരെ സിപിഎം ഒരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ല. ഇവർക്കതിരെ പാര്‍ട്ടി തലത്തില്‍ പോലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇവരെയെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും സ്വീകരിച്ച് പോരുന്നത്; സണ്ണി ജോസഫ് കണ്ണൂരിൽ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിൽ 110 സീറ്റെന്നത് മുഖ്യമന്ത്രിയുടെ ദിവാസ്വപ്‌നം മാത്രമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 110 സീറ്റിൽ ലീഡ് ചെയ്യുന്നു എന്ന് പറഞ്ഞത് ഇവിടുത്തെ മാധ്യമങ്ങളാണ്. മാധ്യമങ്ങളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിൽ ആണ് യുഡിഎഫ് വിലയിരുത്തലെന്നും കെപിസിസി അധ്യക്ഷൻ കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ സർക്കാരിനെതിരെ ശക്തമായ വികാരം ഉണർത്താനാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ശ്രമിക്കുന്നത്. തന്ത്രിയുടെ അറസ്‌റ്റിന് പ്രാധാന്യം നൽകാതെ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കൂടുതൽ കടുത്ത വാക്കുകൾ ഉപയോഗിച്ച് കൊണ്ട് ഇതിന്റെ സൂചനയാണ് കെപിസിസി അധ്യക്ഷൻ നൽകുന്നത്.












Click it and Unblock the Notifications