ജസ്‌റ്റിസ് നിതിൻ ജംദാർ കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി എത്തും; ശുപാർശയുമായി സുപ്രീം കോടതി കൊളീജിയം
ന്യൂഡൽഹി: ജസ്‌റ്റിസ് നിതിൻ ജംദാറിനെ കേരള ഹൈകോടതി ചീഫ് ജസ്‌റ്റിസായി നിയമിക്കാൻ ശുപാർശ നൽകി സുപ്രീം കോടതി കൊളീജിയം. നിലവിൽ ബോംബെ ഹൈകോടതി ആക്റ്റിംഗ് ചീഫ് ജസ്‌റ്റിസണ് നിതിൻ ജംദാര്‍. 2012 ജനുവരി 23നാണ് ജസ്‌റ്റിസ് നിതിൻ ജംദാറിനെ ബോംബെ ഹൈക്കോടതി ജഡ്‌ജിയായി നിയമിച്ചത്. ജസ്‌റ്റിസ് ആശിഷ് ജെ ദേശായി 2024 ജൂലൈ 4ന് വിരമിച്ചതിനെ തുടർന്ന് കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് നിതിൻ ജംദാറിനെ നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്‌തത്. ഈ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ കേരള ഹൈക്കോടതിയിലെ മുപ്പത്തിയൊമ്പതാം ചീഫ് ജസ്‌റ്റിസ് ആയിരിക്കും നിതിൻ ജംദാർ. 2023 മെയിലാണ് ബോംബെ ഹൈക്കോടതിയിലെ ആക്‌ടിംഗ് ചീഫ് ജസ്‌റ്റിസായി അദ്ദേഹത്തെ നിയമിച്ചത്.

ജസ്‌റ്റിസ് ആശിഷ് ദേശായ് വിരമിച്ച ശേഷം ജസ്‌റ്റിസ് എ മുഹമ്മദ് മുസ്‍താഖ് ആണ് കേരളം ഹൈക്കോടതിയിലെ ആക്‌ടിംഗ് ചീഫ് ജസ്‌റ്റിസായി ചുമതല വഹിക്കുന്നത്. അതേസമയം സോലാപൂരിൽ ഒരു അഭിഭാഷക കുടുംബത്തിൽ ജനിച്ച നിതിൻ ജംദാർ ബോംബെ ഹൈക്കോടതിയിൽ വിവിധ മേഖലകളിൽ പ്രാക്‌ടീസ് ചെയ്‌തു വന്ന ശേഷമാണ് ജഡ്‌ജിയായി നിയമിതനായത്.
അതിനിടെ സുപ്രീം കോടതിയിലേക്ക് പുതുതായി രണ്ട് ജഡ്‌ജിമാരെ കൂടി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്‌തിട്ടുണ്ട്. ജമ്മു കശ്‌മീർ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് എൻ കോടിസ്വർ സിംഗ്, മദ്രാസ് ഹൈക്കോടതി ആക്‌ടിംഗ് ചീഫ് ജസ്‌റ്റിസ് ആർ മഹാദേവൻ എന്നിവരെയാണ് സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്‌തത്.
ജസ്‌റ്റിസ് അനിരുദ്ധാ ബോസ്, ജസ്‌റ്റിസ് എഎസ് ബൊപ്പണ്ണ എന്നിവർ വിരമിച്ചതിെനെ തുടർന്ന് സുപ്രീം കോടതിയിൽ രണ്ട് ഒഴിവുകളാണ് നിലവിലുണ്ടായിരുന്നത്. ഈ ഒഴിവുകൾ നികത്താനാണ് പുതിയ രണ്ട് ജഡ്‌ജിമാരുടെ നിയമന ശുപാർശ കൊളീജിയം നടത്തിയത്. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് കൊളീജിയത്തിന് നേതൃത്വം നൽകുന്നത്.
സുപ്രീം കോടതിയിൽ വടക്കുകിഴക്കൻ മേഖലയുടെ പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മണിപ്പൂരിൽ നിന്നുള്ള കോടിസ്വർ സിംഗിനെ ശുപാർശ ചെയ്യുന്നതെന്നാണ് കൊളീജിയം പ്രമേയത്തിൽ പറയുന്നത്. മണിപ്പൂരിൽ നിന്ന് സുപ്രീം കോടതി ജഡ്‌ജി സ്ഥാനത്തേക്ക് എത്തുന്ന ആദ്യ വ്യക്തി കൂടിയാവും കോടിസ്വർ സിംഗ്.
തമിഴ്‌നാട്ടിൽ നിന്നുള്ള പിന്നാക്ക സമുദായത്തിൽപ്പെട്ട ജസ്‌റ്റിസ് മഹാദേവന്റെ നിയമനം ബെഞ്ചിന് വൈവിധ്യം കൊണ്ടുവരുമെന്നും പ്രമേയത്തിൽ പറയുന്നു. പിന്നോക്ക വിഭാഗക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജസ്‌റ്റിസ് മഹാദേവനെ സുപ്രീം കോടതി ജഡ്‌ജിയായി നിയമിക്കുന്നതെന്നും അത് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications