വാനരന്മാര്‍, അക്കര ഇക്കര; അധിക്ഷേപവുമായി സുരേഷ് ഗോപി, കടുത്ത ഭാഷയില്‍ ഡിസിസി
തൃശൂര്‍: വ്യാജ വോട്ട് വിവാദത്തില്‍ ഏറെ നാള്‍ക്ക് ശേഷം പ്രതികരിച്ച് തൃശൂര്‍ എംപിയും നടനുമായ കേന്ദ്രമന്ത്രി സുരേഷ് ഗോപി. പരിഹാസവും അധിക്ഷേപവും അടങ്ങിയതായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ആരോപണം ഉന്നയിച്ചവരെ വാനരന്മാര്‍ എന്നാണ് സുരേഷ് ഗോപി വിശേഷിപ്പിച്ചത്. ഇതിന് ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഡിസിസി അധ്യക്ഷന്‍ രംഗത്തുവന്നു.
തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്, മുന്‍ എംപി ടിഎന്‍ പ്രതാപന്‍, മുന്‍ എംഎല്‍എ അനില്‍ അക്കര തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളാണ് പ്രധാനമായും വോട്ട് വിവാദത്തില്‍ ആരോപണവുമായി രംഗത്തുവന്നിരുന്നത്. ദിവസങ്ങള്‍ ഏറെയായിട്ടും സുരേഷ് ഗോപി വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. ഇന്ന് തൃശൂരില്‍ എത്തിയ വേളയില്‍ നടത്തിയ ആദ്യ പ്രതികരണത്തിലാണ് അധിക്ഷപത്തോടെയുള്ള മറുപടി.

സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും വോട്ടുകള്‍ സംബന്ധിച്ച വിവാദത്തിന് പിന്നാലെ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഇരട്ട വോട്ടും വ്യാജ വോട്ടും തെളിവ് സഹിതം കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. ഇവര്‍ക്കെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മറുപടി പറയുമെന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ മന്ത്രിയാണെന്നും അദ്ദേഹം വിശദീകരിച്ചു.
രാവിലെ ഗുരുവായൂരില്‍ പോയ ശേഷമാണ് സുരേഷ് ഗോപി തൃശൂരിലെ ശക്തന്‍ തമ്പുരാന്റെ പ്രതിമയില്‍ മാല ചാര്‍ത്താന്‍ എത്തിയത്. ശേഷമായിരുന്നു മാധ്യമങ്ങളോട് സംസാരിച്ചത്. ''നിങ്ങള്‍ ഉന്നയിച്ച എല്ലാ വിഷയങ്ങള്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്ന് മറുപടി പറയും. എന്തുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞില്ല, മറുപടി പറയേണ്ടത് അവരാണ്. ഞാന്‍ മന്ത്രിയാണ്. ആ ഉത്തരവാദിത്തം കൃത്യമായി നടത്തുന്നുണ്ടെന്നും'' സുരേഷ് ഗോപി പറഞ്ഞു.
''മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ചോദ്യങ്ങളുണ്ടെങ്കില്‍ അവിടെ ചോദിച്ചോളൂ. അല്ലെങ്കില്‍ സുപ്രീം കോടതിയില്‍ പോയി ചോദിക്കാം. ഇവിടെ നിന്ന് കുറച്ച് വാനരന്മാര്‍ ഇറങ്ങിയല്ലോ. ഓരോ ഉന്നയിക്കലുമായിട്ട്. അവരൊക്കെ അങ്ങോട്ട് പോട്ടെ. അക്കര ആയാലും ഇക്കര ആയാലും അവിടെ പോയി ചോദിക്കാന്‍ പറ'' എന്നും സുരേഷ് ഗോപി പറഞ്ഞു.
വാരന്മാര്‍, അക്കര ഇക്കര തുടങ്ങിയ സുരേഷ് ഗോപിയുടെ പരാമര്‍ശങ്ങളാണ് വിവാദമായത്. വ്യാജ വോട്ട് സംബന്ധിച്ച് യാതൊന്നും സുരേഷ് ഗോപി പറഞ്ഞില്ല. എല്ലാം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ചോദിക്കൂ എന്നാണ് പ്രതികരണം. ഇതിനെതിരെ കടുത്ത ഭാഷയില്‍ ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് രംഗത്തുവന്നു. സുരേഷ് ഗോപി കണ്ണാടിയില്‍ നോക്കിയാണ് പറയുന്നത് എന്ന് അദ്ദേഹം തിരിച്ചടിച്ചു.
സുരേഷ് ഗോപി ഇത്രയും ദിവസം വായ തുറന്നിരുന്നില്ല. ഇപ്പോള്‍ തുറന്നപ്പോള്‍ തൃശൂരിലെ ജനങ്ങളെ അപമാനിക്കുന്ന തരത്തിലായത് ഖേദകരമാണ്. ഇത്തരം വാക്കുകള്‍ സുരേഷ് ഗോപി ഉപയോഗിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ സംസ്‌കാരമാണ് കാണിക്കുന്നത്. അതേ രീതിയില്‍ മറുപടി പറയാന്‍ കോണ്‍ഗ്രസുകാരായ തങ്ങളുടെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.












Click it and Unblock the Notifications