സുരേഷ് ഗോപി മകൾക്ക് കൊടുത്തത് 13 കോടിയുടെ റോൾസ് റോയ്സോ?; കൈയ്യിലുള്ള കാറിന്റെ വില പറഞ്ഞ് നടൻ
തൃശൂർ; ഇത്തവണ തൃശൂർ കൂടെ പോരുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. പാർട്ടി എ ക്ലാസ് മണ്ഡലമായ കണക്കാക്കിയിട്ടുള്ള ഇവിടെ സുരേഷ് ഗോപിയിലൂടെ അട്ടിമറി വിജയമാണ് നേതൃത്വം സ്വപ്നം കാണുന്നത്. നടന്റെ സ്വീകാര്യതയും ജനപ്രീതിയുമെല്ലാം വോട്ടായി മാറുമെന്ന് പാർട്ടി കരുതുന്നു.
കഴിഞ്ഞ ലോക്ലഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വേണ്ടി സുരേഷ് ഗോപി നേടിയ വോട്ടുകളും ബി ജെ പിയുടെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിലും ബി ജെ പിയുടെ വോട്ട് ഉയർത്താൻ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്ത് പിന്നാലെ എന്തുവിലകൊടുത്തും മണ്ഡലം പിടിക്കാനുള്ള സർവ്വസന്നാഹങ്ങളുമായി ബി ജെ പി യും സുരേഷ് ഗോപിയും മണ്ഡലത്തിൽ പ്രചരണത്തിൽ സജീവമായി കഴിഞ്ഞു. മുക്കിലും മൂലയിലും വോട്ടർമാരെ നേരിട്ട് കണ്ട് മുന്നേറുകയാണ് നടൻ.

അതിനിടയിൽ ഇപ്പോഴിതാ പ്രചരണത്തിനിടയിലുള്ള സുരേഷ് ഗോപിയുടെ ഒരു വീഡിയോ ആണ് വൈറലാകുന്നത്. കല്ല്യാണ്‍ ടെക്സ്റ്റൈല്‍സ് ഉടമ പട്ടാഭിരാമന്‍ ഉൾപ്പെടെയുള്ളവരോട് വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിൽ തന്റെ കൈയ്യിലുള്ള കാറിന്റെ വിലയെ കുറിച്ചും മകളുടെ വിവാഹത്തിന് റോൾസ് റോയ്സ് കാറുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെ കുറിച്ചെല്ലാം സുരേഷ് ഗോപി പറയുന്നുണ്ട്.
'വലിയൊരു സ്ഥാനത്തേക്ക് കയറാൻ പോകുമ്പോൾ കുറച്ച് വെയിലൊക്കെ കൊള്ളണം കേട്ടോ', എന്ന് പട്ടാഭിരാമൻ സുരേഷ് ഗോപിയോട് പറയുകയായിരുന്നു. ഇതിന് ഞങ്ങൾ സിനിമക്കാർ എല്ലാവരും വളരെ അധികം വെയിൽ കൊള്ളുന്നവരാണെന്നായി സുരേഷ് ഗോപി.
നിങ്ങൾക്ക് കിട്ടുന്ന വരുമാനം കിട്ടിയാൽ ഞങ്ങൾ ഫുള‍് ടൈം വെയിൽ കൊള്ളാം എന്നായിരുന്നു ഇതിനോട് പട്ടാഭിരാമന്റെ മറുപടി. ഇതോടെ തന്റെ കൈയ്യിലുള്ള ഏറ്റവും വിലകൂടിയ കാറിന്റെ വില ഒരു കോടി 10 ലക്ഷമാണെന്നും സ്വാമിയുടെ കാറിന് എത്ര വിലയുണ്ടെന്നും സുരേഷ് ഗോപി ചോദിച്ചു. മാത്രമല്ല തന്റെ മകളുടെ വിവാഹത്തിന് റോൾസ് റോയ്സ് ഉപയോഗിച്ചതിനെ കുറിച്ചും സുരേഷ് ഗോപി പറഞ്ഞു.
'എന്റെ മകളോ ഞാനോ ആഗ്രഹിച്ചതല്ല, സ്വാമിയുടെ ചേട്ടന്റെ മകൻ രാജേഷാണ് അവൾക്ക് വിവാഹത്തിന് വരാൻ റോൾസ് റോയ്സ് അറേഞ്ച് ചെയ്ത് കൊടുത്ത്. നാട്ടുകാര് വിചാരിച്ചത് ഞാൻ മരുമകന് വാങ്ങിക്കൊടുത്തെന്നാണ്. എന്റെ കൈയ്യിൽ ഇല്ലാത്തത് കൊണ്ടാണ്. 13 കോടി ഞാൻ ഈ ജൻമം വിചാരിച്ചാൽ നടക്കില്ല', സുരേഷ് ഗോപി പറഞ്ഞു.












Click it and Unblock the Notifications