'എന്റെ പിഴ, എന്റെ വലിയ പിഴ'; സുരേഷ് ഗോപിയെ പിന്തുണച്ചതില്‍ തെറ്റുപറ്റി; ട്വീറ്റുമായി എന്‍എസ് മാധവന്‍
ബി ജെ പിയുടെ വിഷമയമായ അന്തരീക്ഷത്തില്‍ അദ്ദേഹത്തിന് അധിക കാലം നിലനില്‍ക്കാനാകുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചി: കഴിഞ്ഞ ദിവസം നടന്‍ സുരേഷ് ഗോപി നടത്തിയ പ്രസ്താവന വലിയ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. അവിശ്വാസികളുടെ സര്‍വ്വനാശത്തിനായി ശ്രീ കോവിലിന്റെ മുമ്പില്‍ നിന്ന് പ്രാര്‍ത്ഥിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഇതിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍.

പിന്തുണച്ചത് തെറ്റായിപ്പോയി
മുമ്പ് സുരേഷ് ഗോപിയെ പിന്തുണച്ചത് തെറ്റായിപ്പോയി എന്നാണ് അദ്ദേഹം ഏറ്റുപറഞ്ഞിരിക്കുന്നത്. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ എന്ന തലക്കെട്ടോടെ പഴയ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് അദ്ദേഹം രംഗത്തെത്തിയത്. 2021ലെ ലക്ഷദ്വീപ് വിഷയത്തില്‍ പൃഥിരാജിന് പിന്തുണയുമായി സുരേഷ് ഗോപി എത്തിയിരുന്നു. അന്ന് സുരേഷ് ഗോപിയെ അഭിനന്ദിച്ചു കൊണ്ടായിരുന്നു എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തത്.

മനുഷ്യത്വം എന്നത് തിളക്കമുള്ളതാണ്
സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് എതിരാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. രാഷ്ട്രീയം ഒഴികെ അദ്ദേഹത്തെ സംബന്ധിച്ചുള്ളതെല്ലാം നല്ലതാണ്. അദ്ദേഹത്തിന്റെ മനുഷ്യത്വം എന്നത് തിളക്കമുള്ളതാണ്. ഇപ്പോള്‍ തന്നെ നോക്കു, സുരേഷ് ഗോപി അല്ലാതെ മറ്റൊരു സൂപ്പര്‍ താരവും പൃഥിരാജിന് പിന്തുണയുമായി എത്തിയിട്ടില്ല.

തനിക്ക് പിഴവ് സംഭവിച്ചു
സ്വന്തം പാര്‍ട്ടിയായ ബി ജെ പി തന്നെ പൃഥിരാജിനെതിരെ സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്ന സാഹചര്യത്തില്‍ എന്നായിരുന്നു ട്വീറ്റ്. ബി ജെ പിയുടെ വിഷമയമായ അന്തരീക്ഷത്തില്‍ അദ്ദേഹത്തിന് അധിക കാലം നിലനില്‍ക്കാനാകുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് എന്‍ എസ് മാധവന്‍ തനിക്ക് പിഴവ് സംഭവിച്ചെന്ന് കുറിച്ചത്.

വിവാദ പരാമര്‍ശം
അതേസമയം, ശിവരാത്രി ആഘോഷ ചടങ്ങിനിടെയാണ് സുരേഷ് ഗോപി വിവാദ പരാമര്‍ശം നടത്തിയത്. അവിശ്വാസികളോട് തനിക്ക് സ്‌നേഹമില്ലെന്നും അവരുടെ സര്‍വനാശത്തിനായി പ്രാര്‍ത്ഥിക്കുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്. ലോകമെങ്ങുമുള്ള വിശ്വാസികളായ മനുഷ്യരെ ഞാന്‍ സ്‌നേഹിക്കുന്നു. എല്ലാ മതത്തിലെയും വിശ്വാസികളെ സ്‌നേഹിക്കും.

ശ്രീകോവിലിന് മുന്നില്‍ പ്രാര്‍ത്ഥിക്കും
എന്നാല്‍ അവിശ്വാസികളോട് സ്‌നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ അവകാശങ്ങളോട് നേര്‍ക്കുവരുന്ന ഒരു ശക്തിയോടും പൊറുക്കാനാവില്ല. അങ്ങനെ വരുന്നവരുടെ സര്‍വ നാശത്തിനായി ശ്രീകോവിലിന് മുന്നില്‍ പ്രാര്‍ത്ഥിക്കും. എല്ലാവരും അങ്ങനെ ചെയ്യണമെന്ന്ും സുരേഷ് ഗോപി പറഞ്ഞിരുന്നു.

അരെയാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞാല്‍
നമ്മുടെ ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും നിന്ദിക്കാന്‍ വരുന്ന ഒരാള്‍ പോലും സമാധാനത്തോടെ ജീവിച്ച് ഈ ലോകത്ത് അവസാനിപ്പിക്കാന്‍ അന്തരീക്ഷം ഒരുക്കിക്കൂടാ. ഞാന്‍ അരെയാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞാല്‍ അത് രാഷ്ട്രീയമായകും. അതുകൊണ്ട് പറയുന്നില്ല- സുരേഷ് ഗോപി പറഞ്ഞു.

വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറൽ
സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി പേര്‍ ഇതിനെതിരെ രംഗത്തെത്തുന്നുണ്ട്. സുരേഷ് ഗോപിയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചുമാണ് പലരും പ്രതികരിക്കുന്നത്. സുരേഷ് ഗോപിയുടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലാണ്.












Click it and Unblock the Notifications