സുരേഷ് ഗോപി എവിടെ? അമിത് ഷാ വന്നിട്ടും ബിജെപി ഓഫീസ് ഉദ്ഘാടനത്തിനില്ല, മറുപടി ഇങ്ങനെ
തിരുവനന്തപുരം: ബിജെപി കേരള ഘടകത്തില്‍ അതൃപ്തി പുകയുന്നു. സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്ന ശേഷമാണിത്. കേരള ഘടകം പൂര്‍ണമായി കൃഷ്ണദാസ് പക്ഷമായി മാറി എന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. വി മുരളീധരന്‍, കെ സുരേന്ദ്രന്‍ എന്നിവരോട് അടുപ്പമുള്ളവര്‍ക്ക് മുഖ്യ പദവികള്‍ ലഭിക്കാത്തതാണ് അതൃപ്തിക്ക് കാരണം.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായി വന്ന നാലുപേരും സുരേന്ദ്രന്റെ മറുചേരിയിലുള്ളവരാണ്. ശോഭ സുരേന്ദ്രന്‍, എംടി രമേശ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായി. നവീകരിച്ച ബിജെപി സംസ്ഥാന ഓഫീസിന്റെ ഉദ്ഘാടനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നതിന് തൊട്ടുമുമ്പാണ് പട്ടിക പുറത്തുവന്നത്.

അമിത് ഷാ വന്ന ദിവസം, സംസ്ഥാന ഓഫീസ് ഉദ്ഘാടന ദിനത്തില്‍ പ്രതിഷേധം വേണ്ട എന്ന് കരുതി പല നേതാക്കളും മൗനം പാലിക്കുകയാണത്രെ. അമിത് ഷാ ഡല്‍ഹിയിലെത്തിയാല്‍ സംസ്ഥാനത്തെ ചില നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കുമെന്നാണ് വിവരം. അതേസമയം, ചില നേതാക്കള്‍ അതൃപ്തി പരോക്ഷമായി പ്രകടിപ്പിക്കുകയും ചെയ്തു.
സംസ്ഥാന വക്താക്കളായിരുന്ന യുവരാജ് ഗോകുല്‍, ഉല്ലാസ് ബാബു എന്നിവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ അതൃപ്തിയുടെ സൂചനയായി വിലയിരുത്തുന്നു. അമിത് ഷാ പങ്കെടുത്ത പരിപാടിയുടെ പുറത്ത് നിന്ന് എടുത്ത സെല്‍ഫി ആണ് യുവരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. അതേസമയം, ഉള്ളതു കൊണ്ട് തൃപ്തിപ്പെടണം എന്ന് അമ്മ പറഞ്ഞ കാര്യം സൂചിപ്പിച്ചാണ് ഉല്ലാസ് ബാബുവിന്റെ കുറിപ്പ്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും പുതിയ ഭാരവാഹി പട്ടികയില്‍ അതൃപ്തിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമിത് ഷാ വന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കാത്തതിന് കാരണം ഇതാണെന്നും പറയപ്പെടുന്നു. സംസ്ഥാന ഭാരവാഹിയായി സുരേഷ് ഗോപി ഒരാളെ നിര്‍ദേശിച്ചുവെന്നും അത് പരിഗണിച്ചില്ല എന്നുമാണ് അഭ്യൂഹങ്ങള്‍. എന്നാല്‍ ഇക്കാര്യം തള്ളിയാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പ്രതികരിക്കുന്നത്.
നേരത്തെ ഏറ്റ മറ്റൊരു പരിപാടിയുള്ളത് കൊണ്ടാണ് സംസ്ഥാന ഓഫീസ് ഉദ്ഘാടനത്തില്‍ സുരേഷ് ഗോപി പങ്കെടുക്കാത്തത് എന്ന് അവര്‍ പറയുന്നു. പങ്കെടുക്കാന്‍ സാധിക്കില്ല എന്ന് അമിത് ഷായെ സുരേഷ് ഗോപി അറിയിച്ചിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. വളരെ നേരത്തെ തീരുമാനിച്ച സംസ്ഥാന ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എന്ത് തടസം എന്നാണ് മറുവിഭാഗത്തെ ഉദ്ധരിച്ചുള്ള വാര്‍ത്തകള്‍.
എന്നാല്‍ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രഖേരന് മുന്നില്‍ കേന്ദ്ര നേതൃത്വം വച്ചിരിക്കുന്നത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയം നേടിത്തരണം എന്ന ഉത്തരവാദിത്തവും അദ്ദേഹത്തിനുണ്ട്. തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷന്‍ ഭരണം പിടിക്കണം, 10 മുന്‍സിപ്പാലിറ്റി ഭരണം, 21000 തദ്ദേശ വാര്‍ഡുകളുടെ വിജയം എന്നിവയാണ് ബിജെപി ടാര്‍ജറ്റ് ചെയ്യുന്നത്.












Click it and Unblock the Notifications