നടിയെ ആക്രമിച്ച കേസിൽ പുതിയ നീക്കം, അതിജീവിതയും പ്രോസിക്യൂഷനും ഒരുമിച്ച്, നീക്കം വിചാരണ തുടങ്ങാനിരിക്കെ
കൊച്ചി: നടിയെ ആക്രമിച്ച കേസ് ഏഴ് മാസം തുടരന്വേഷണം നടത്തി ക്രൈംബ്രാഞ്ച് ജൂലൈയിലാണ് അധിക കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ തുടര്‍ വിചാരണ നടപടികള്‍ എട്ട് മാസങ്ങള്‍ക്ക് ശേഷം ഇന്ന് ആരംഭിക്കുകയാണ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ.
Recommended Video
പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റരുതെന്ന് അതിജീവിത ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാലിത് പരിഗണിക്കപ്പെട്ടില്ല. ഇന്ന് വിചാരണ നടപടികൾ തുടങ്ങാനിരിക്കേ പ്രോസിക്യൂഷന്‌റെയും അതിജീവിതയുടേയും ഭാഗത്ത് നിന്ന് പുതിയ നീക്കമാണ് ഉണ്ടായിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന ആവശ്യം നേരത്തെ മുതല്‍ക്കെ തന്നെ അതിജീവിതയും പ്രോസിക്യൂഷനും ആവശ്യപ്പെടുന്നതാണ്. വനിതാ ജഡ്ജി വേണം എന്നുളള അതിജീവിതയുടെ ആവശ്യ പ്രകാരമാണ് എറണാകുളം സിബിഐ കോടതി ജഡ്ജിയായിരിക്കെ ഹണി എം വര്‍ഗീസിലേക്ക് ഈ കേസ് എത്തുന്നത്. എന്നാല്‍ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്യപ്പെട്ടു എന്നത് അടക്കമുളള വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം നടി ശക്തമായി ഉന്നയിച്ചത്.

ഹണി എം വര്‍ഗീസിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ സിബിഐ കോടതി മൂന്നിലെത്തുന്ന പുതിയ ജഡ്ജിയാവും കേസ് പരിഗണിക്കുക എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ കേസ് ഹണി വര്‍ഗീസിന്റെ ചുമതലയുളള എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാനാണ് തീരുമാനിച്ചത്.

ഇന്ന് കേസ് പരിഗണിക്കവെ ജഡ്ജ് ഹണി എം വര്‍ഗീസിന് മുന്നില്‍ പ്രോസിക്യൂഷനും അതിജീവിതയും ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസ് പരിഗണിക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കഴിയില്ല എന്നാണ് അതിജീവതയുടേയും പ്രോസിക്യൂഷന്റെയും വാദം. ഹൈക്കോടതി കേസ് കേള്‍ക്കാന്‍ അനുമതി നല്‍കിയത് സിബിഐ കോടതിക്കാണ് എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ജോലി ഭാരം കാരണം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കേസ് കൈമാറാനാകില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാട് എടുത്തിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയത് നിയമപരമായി ശരിയല്ല. തുടര്‍വാദം ഹണി എം വര്‍ഗീസ് കേള്‍ക്കരുതെന്നും അതിജീവിത ആവശ്യപ്പെടുന്നു.

നടിയെ ആക്രമിച്ച കേസ് ഏത് കോടതിയുടെ അധികാര പരിധിയിലാണ് എന്നത് തീരുമാനിക്കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അജകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഈ വിഷയത്തില്‍ പ്രതിഭാഗത്തിന് പറയാനുളളത് കേള്‍ക്കാന്‍ കോടതി സമയം അനുവദിച്ചിട്ടുണ്ട്. പ്രതിഭാഗം ആക്ഷേപം സമര്‍പ്പിച്ചതിന് ശേഷം ഈ മാസം 11ന് കേസ് കോടതി വീണ്ടും പരിഗണിക്കും.

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ലെന്നും താന്‍ നല്‍കിയ പല ഹര്‍ജികളിലും നീതിപൂര്‍വമായ നടപടി ഉണ്ടായില്ലെന്നും ആരോപിച്ച് അതിജീവിത നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റരുത് എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അതിജീവിത കത്ത് നല്‍കിയത്.

എന്നാല്‍ അതിജീവിതയുടെ ഈ ആവശ്യം ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് തള്ളി. നടിയെ ആക്രമിച്ച കേസില്‍ ഹണി എം വര്‍ഗീസ് തന്നെ വിചാരണ കോടതി ജഡ്ജിയായി തുടരുമെന്ന് പ്രത്യേക ഉത്തരവും പുറത്തിറക്കി. കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം സിബിഐ കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതായി ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും അറിയിച്ചു.












Click it and Unblock the Notifications