'എച്ച്ആർഡിഎസുമായി ബിജെപിയിക്ക് ബന്ധമില്ല'; സ്വപ്നയുടെ നിയമനത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ രംഗത്ത്
കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് നിയമനം നൽകിയതിൽ പ്രതികരിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എച്ച് ആർ ഡി എസ് എന്ന എൻ ജി ഒയുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് കെ സുരേന്ദ്രൻ വ്യക്തമാക്കിയത്. സി പി എമ്മിന് സ്‌ഥാപനവുമായി ബന്ധമുണ്ടെന്ന് സുരേന്ദ്രൻ ഉന്നയിക്കുന്നു.
സി പി എം നേതാവും എം എൽ എയുമായ എം എം മണിയാണ് സ്ഥാപനത്തിന്റെ തൊടുപുഴയിലെ ഓഫീസ് ഉത്ഘാടനം ചെയ്തത്. ഓഫീസിന്റെ ലോഗോ പ്രകാശനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
ബി ജെ പി ബന്ധമുള്ള സംഘടനയിൽ സ്വപ്നയുടെ നിയമനം ചർച്ചയായ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ പ്രതികരിച്ച് രംഗത്ത് എത്തിയത്.

കെ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ; -
'എസ് എഫ് ഐ യുടെ ഒരു മുൻ നേതാവാണ് സ്വപ്നക്ക് ജോലി ശരിയാക്കി നൽകിയത്. സി പി എമ്മി ന്‍റെ ഉന്നതനായ നേതാവാണ് ഇപ്പോൾ അദ്ദേഹം. ബി ജെ പി ക്ക് സ്ഥാപനവുമായി ബന്ധമില്ല.' അതേസമയം, സ്വപ്ന സുരേഷ് എച്ച് ആർ ഡി എസ് എന്ന സന്നദ്ധ സംഘടനയിൽ സി എസ് ആർ ഡയറക്ടറായാണ് കഴിഞ്ഞ ദിവസമാണ് ജോലിയിൽ പ്രവേശിച്ചത്. ദില്ലി ആസ്ഥാനമായാണ് ഇത് പ്രവർത്തിക്കുന്നത്. ബി ജെ പി നേതാവും കൊല്ലത്ത് നിന്നുള്ള മുൻ കോൺഗ്രസ് എം പി യുമായ എസ് കൃഷ്ണകുമാർ ചെയർമാനായ എൻ ജി ഒയാണ് എച്ച് ആർ ഡി എസ്.

അതേസമയം, ഈ മാസം പതിനൊന്നാം തീയതി ആയിരുന്നു പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച് ആർ ഡി എസ് എന്ന എൻ ജി ഒ സി എസ് ആർ ഡയറക്ടറായി സ്വപ്ന സുരേഷിന് നിയമന ഉത്തരവ് ലഭിച്ചത്. എച്ച് ആർ ഡി എസിന്റെ തൊടുപുഴ ഓഫീസിൽ എത്തിയ സ്വപ്ന കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ചു. പാലക്കാട് അട്ടപ്പാടിയിൽ അടക്കം ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന ആണ് എച്ച് ആർ ഡി എസ്. സ്വപ്ന സുരേഷിന്‍റെ ജോലി വിദേശ കമ്പനികളിൽ നിന്ന് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് കണ്ടെത്തി നൽകുക എന്നാതാണ്.

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ പിന്മാറിയിരുന്നു. ഇക്കഴിഞ്ഞ ദിവസമായിരുന്നു അഭിഭാഷകന്റ പിൻമാറ്റം. കൊച്ചി എന്‍.ഐ.എ കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടെ പിന്മാറുകയാണെന്ന് അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. വക്കാലത്ത് ഒഴിയുന്നതിന്റെ കാരണം വ്യക്തമാക്കാനാവില്ലെന്നും അഭിഭാഷകനായ സൂരജ് ടി. ഇലഞ്ഞിക്കല്‍ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിലെ വിവാദ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ ഇഡി വീണ്ടും ചോദ്യം ചെയ്യാൻ സ്വപ്ന സുരേഷിന് നോട്ടീസ് നൽകിയിരുന്നു. ഇതിൽ ഹാജരാകാനിരിക്കെയാണ് അഭിഭാഷകൻ പിൻമാറിയത്.

എൻഐഎ റെയ്ഡിൽ പിടിച്ചെടുത്ത സ്വർണ്ണാഭരണങ്ങളും, വിദേശ കറൻസികളുമടക്കമുള്ള രേഖകൾ വിട്ട് തരണം എന്ന സ്വപ്നയുടെ ഹർജി കൊച്ചി എൻഐഎ കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി. അഭിഭാഷകൻ പിൻമാറിയ സാഹചര്യത്തിലാണിത്. അതേസമയം, തനിക്ക് നിയമനം നേടിത്തന്നത് ശിവശങ്കറാണെന്നും ഇപ്പോള്‍ അത് നിഷേധിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സ്വപ്‌ന നേരത്തെ പറഞ്ഞിരുന്നു. ശിവശങ്കര്‍ പറഞ്ഞിട്ടാണ് താന്‍ രാജിവെച്ചതെന്നും സ്വപ്ന വ്യക്തമാക്കി. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചു എന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണ്. സ്വപ്ന നൽകിയ അഭിമുഖത്തിൽ ഇത് ആരോപിച്ചിരുന്നു.












Click it and Unblock the Notifications