സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്‍: റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം പടം പൊളിഞ്ഞുപോയി: ജയരാജന്‍

കണ്ണൂർ: സ്വപന സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്‍ പഴയ കുപ്പിയിലെ പുതിയ വീഞ്ഞെന്ന് സി പി എം നേതാവ് എംവി ജയരാജന്‍. സത്യത്തിന്റെ കണികപോലും ഇല്ലാത്ത കള്ളക്കഥ തയ്യാറാക്കിയ പ്രതിയോ പ്രതിയുടെ ഉപദേശകരോ ഇത്ര പെട്ടെന്ന് ഇത് അവസാനിക്കുമെന്ന് കരുതിക്കാണില്ലെന്നും അദ്ദേഹം പറയുന്നു. പച്ചക്കള്ളം ലൈവ് ആയി നിലനിർത്താൻ ഒരു ക്രിമിനൽ കേസ് പ്രതിയും കൂട്ടുപ്രതികളായ പ്രതിപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും പാടുപെടുകയായിരുന്നു പീന്നീടുള്ള മണിക്കൂറുകളിൽ. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം പടം പൊളിഞ്ഞുപോയി. വാർത്തകൾ ഇനിയും വരാം. ഈ പ്രക്രിയകളൊക്കെ ആവർത്തിക്കുകയും ചെയ്യുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. എംവി ജയരാജന്റെ പ്രസ്താവനയിലുടെ പൂർണ്ണ രൂപം ഇങ്ങനെ..
സ്വർണ്ണക്കടത്ത് കേസ് പ്രതിയുടെ ചാനൽ വെളിപ്പെടുത്തൽ കാലഘട്ടം അവസാനിച്ചപ്പോൾ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ വെളിപ്പെടുത്തൽ. അതാണ് 30 കോടിയുടെ കഥ. പഴയ വീഞ്ഞ് പഴയ കുപ്പിയിൽ പുതിയലേബലോടെ മാർക്കറ്റിൽ ഇറക്കിയ പ്രതിയുടെ ചരിതത്തിന് ആയുസ്സുകൾ മണിക്കൂറുകൾ മാത്രം. സത്യത്തിന്റെ കണികപോലും ഇല്ലാത്ത കള്ളക്കഥ തയ്യാറാക്കിയ പ്രതിയോ പ്രതിയുടെ ഉപദേശകരോ ഇത്ര പെട്ടെന്ന് ഇത് അവസാനിക്കുമെന്ന് കരുതിക്കാണില്ല.

''മൂന്നുദിവസം മുമ്പ് ബാംഗ്ലൂരിലെ ഒരു ഹോട്ടലിൽ വെച്ച് വിജയ്പിള്ള എന്നയാളുമായി നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ സംസാരിക്കുന്നത് നിർത്തണമെന്നും അങ്ങനെ ചെയ്താൽ 30 കോടി രൂപ പ്രതിഫലം തരാമെന്നും യു.കെ.യിലേക്കോ മലേഷ്യയിലേക്കോ പോകാൻ വിസ നൽകാമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ദൂതനാണ് താനെന്നും വിജയ്പിള്ള പറഞ്ഞുവെന്നാണ് പ്രതി ലൈവിൽ പറഞ്ഞത്. സോഷ്യൽമീഡിയ ലൈവ് ആകുമ്പോൾ റിപ്പോർട്ടർമാരുടെ ചോദ്യമൊന്നും ഉണ്ടാവില്ലല്ലോ.
ചാനലുകൾ ഉടൻ സമയം പാഴാക്കാതെ നെട്ടോട്ടമോടി. പതിവ് കലാപരിപാടികളായ ബിജെപി കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളും ചാനൽ ചർച്ചയുമുണ്ടായി. എന്നാൽ ആരോപണവിധേയന്റെ പ്രതികരണം മണിക്കൂറുകൾക്കകം വന്നു. താനങ്ങനെ പറഞ്ഞിട്ടില്ലെന്നും എം.വി. ഗോവിന്ദൻ മാസ്റ്ററെ ചാനലിലും പത്രത്തിലും കണ്ട പരിചയം മാത്രമേ ഉള്ളൂവെന്നും നേരിട്ട് കണ്ടിട്ടില്ലെന്നും സ്വർണ്ണക്കള്ളക്കടത്തു കേസിലെ പ്രതിയെ കണ്ടത് വെബ്‌സീരീസുമായി ബന്ധപ്പെട്ട കാര്യത്തിനായിരുന്നു എന്നുമായിരുന്നു അത്.
ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി കർണ്ണാടക ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും മറ്റും ഇ മെയിലായി പരാതി അയച്ചിരുന്നു. പ്രസ്തുത പരാതിയിൽ ലൈവ് ആരോപണത്തിൽ ഉന്നയിച്ചതുപോലെ തന്നെ സമീപിച്ചയാളുടെ പേര് വിജയ്പിള്ള എന്നാണ് പറഞ്ഞിരുന്നത്. ജന്മഭൂമിയും മാതൃഭൂമിയും പക്ഷേ തിരക്കഥയ്ക്കനുസരിച്ച് പേര് തിരുത്തി രംഗത്ത് വന്നു. വിജേഷ് പിള്ള എന്നാക്കി തിരുത്തിയാണ് അവർ വാർത്തകൊടുത്തത്. സ്വപ്‌നയ്ക്ക് നാക്കുപിഴച്ചതാണെന്ന് മിനുട്ടുകൾക്കകം ഒക്കച്ചങ്ങായിമാർക്ക് മനസ്സിലായി!
വാർത്താസമ്മേളനമായിരുന്നെങ്കിൽ പ്രതിയുടെ നാവിലൂടെ തന്നെ അത് തിരുത്തിപ്പറയിപ്പിക്കാമായിരുന്നു. പക്ഷേ ഫേസ്ബുക്ക് ലൈവ് ആയതിനാൽ അത് നടന്നില്ല. പച്ചക്കള്ളം ലൈവ് ആയി നിലനിർത്താൻ ഒരു ക്രിമിനൽ കേസ് പ്രതിയും കൂട്ടുപ്രതികളായ പ്രതിപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും പാടുപെടുകയായിരുന്നു പീന്നീടുള്ള മണിക്കൂറുകളിൽ! അനുബന്ധ വാർത്തകളുടെ കുത്തൊഴുക്കായിരുന്നു പിന്നീടങ്ങോട്ട് ചാനലുകളിൽ. ഓൺലൈൻ മീഡിയകളും മത്സരിച്ചപ്പോൾ ന്യൂസ്ഫീഡുകളിൽ കള്ളങ്ങൾ മാത്രം നിറഞ്ഞു.
സിപിഐ(എം) സംസ്ഥാന സെക്രട്ടറി നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇക്കൂട്ടർക്ക് വാലുംചുരുട്ടി ഓടേണ്ടിവന്നു! റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം പടം പൊളിഞ്ഞുപോയി. വാർത്തകൾ ഇനിയും വരാം. ഈ പ്രക്രിയകളൊക്കെ ആവർത്തിക്കുകയും ചെയ്യും. അപ്പോഴും മാധ്യമധർമ്മത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെ നമുക്ക് വാതോരാതെ സംസാരിക്കാം.












Click it and Unblock the Notifications