'നിലമ്പൂരിൽ സ്വരാജ് ജയിക്കും. അടുത്ത പത്തു മാസം മന്ത്രിയുമാകും'; പ്രവചനവുമായി ബിജെപി വക്താവ്
തിരുവനന്തപുരം; നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജ് വിജയിക്കുമെന്ന പ്രവചനവുമായി ബി ജെ പി വക്താവ് ഷാബു പ്രസാദ്. 2026 ലെ തെരഞ്ഞെടുപ്പോടെ കേരളത്തിൽ നടക്കാൻ പോകുന്ന യുഡിഎഫിന്റെ ശവമടക്കിന്റെ ഒരുക്കമാണ് നിലമ്പൂർ എന്നും ഷാബു പറഞ്ഞു. സ്വരാജ് 10 മാസം മന്ത്രിയായിരിക്കുമെന്നും ഷാബു പ്രവചിക്കുന്നു. ഫേസ്ബുക്കിൽ ഷാബു പങ്കിട്ട കുറിപ്പ് ഇങ്ങനെ
'നിലമ്പൂരിൽ സ്വരാജ് ജയിക്കും. അടുത്ത പത്തു മാസം അയാൾ മന്ത്രിയുമാകും... നിലമ്പൂർ സിപിഎമ്മിന്റെ ഉരുക്കു കോട്ടയാകും. കലാകാലങ്ങളായി കോൺഗ്രസ്സിന് വോട്ട് ചെയ്ത് കൊണ്ടിരുന്ന ക്രിസ്ത്യാനികളിലെ വലിയൊരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്യും അല്ലങ്കിൽ വിട്ട് നിൽക്കും. 2026 ലെ തെരഞ്ഞെടുപ്പോടെ കേരളത്തിൽ നടക്കാൻ പോകുന്ന യുഡിഎഫിന്റെ ശവമടക്കിന്റെ ഒരുക്കമാണ് നിലമ്പൂർ. മൂന്നാമൂഴത്തിലൂടെ സിപിഎമ്മിന്റെയും.

വാരരേ... എങ്ങും പോകല്ലേ... കോൺഗ്രസുകാരെ പറ്റിച്ച് മേടിച്ച കാശും ഗൾഫീന്ന് കിട്ടിയ ഐ ഫോണുകൾ വിറ്റ കാശും ഒക്കെ സൂക്ഷിച്ചു വെച്ചോ... അടുത്ത ഇലക്ഷനിൽ എടുത്ത് വീശാനുള്ളതാ... എന്നിട്ട് എട്ടു നിലയിൽ പൊട്ടി പണ്ടാരമടങ്ങീട്ടു വേണം അച്ഛനുണ്ടാക്കിയ റബറു തോട്ടത്തിലെ റബർ വെട്ടി സുഖമായിട്ടൊന്ന് ജീവിക്കാൻ. ലേ അൻവർ... എന്നെക്കൊണ്ട് ഇത്രയൊക്കെയേ ചെയ്യാൻ പറ്റൂ', ഷാബു പോസ്റ്റിൽ പറഞ്ഞു.
അതിനിടെ നിലമ്പൂരിലെ ഇടത്-വലത് മുന്നണികൾക്കെതിരെ ബി ജെ പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. നിലമ്പൂരിലെ ജനങ്ങൾക്കായി കേരളത്തിലെ ഇരുമുന്നണികളും ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വന്യമൃഗശല്യവും, അടിസ്ഥാന സൗകര്യ വികസനവും, മലയോര കർഷകരുടെ പ്രശ്നങ്ങളും ഉൾപ്പടെ ജനങ്ങളുടെ ഒരാവശ്യങ്ങൾക്കും അവർ പരിഹാരം കണ്ടിട്ടില്ല. പൊള്ളയായ വാഗ്ദാനങ്ങൾ നല്കി ജനങ്ങളെ വിഡ്ഢികളാക്കുകയും, അഴിമതി തുടരുകയും മാത്രമാണ് അവർ ചെയ്തത്. പ്രീണനത്തിൻ്റെയും അവസരവാദത്തിൻ്റെയും ഈ രാഷ്ട്രീയത്തിന് അവസാനമിടുകയാണ് എൻഡിഎയുടെ ലക്ഷ്യം. ഒപ്പം വികസിത നിലമ്പൂരും യാഥാർത്ഥ്യമാക്കും', രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അഡ്വ മോഹൻ ജോർജാണ് മണ്ഡലത്തിൽ എൻഡിഎയുടെ സ്ഥാനാർത്ഥി.
വാശിയേറിയ പോരാട്ടത്തിനാണ് ഇത്തവണ നിലമ്പൂരിൽ കളമൊരുങ്ങിയിരിക്കുന്നത്. യു ഡി എഫിന് വേണ്ടി ആര്യാടൻ ഷൗക്കത്താണ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 2700 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മണ്ഡലത്തിൽ അൻവർ വിജയിച്ചത്. ഇത്തവണ വിധിയെന്താകുമെന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications