തരൂരിനെ കാണാന്‍ രണ്ടര മണിക്കൂര്‍
തിരുവനന്തപുരം: എന്തൊക്കെ പറഞ്ഞാലും തിരുവനന്തപുരത്തെ ഗ്ലാമര്‍ സ്ഥാനാര്‍ത്ഥി കേന്ദ്രമന്ത്രി ശശി തരൂര്‍ തന്നെ. ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ എങ്ങനെ രംഗത്തിറങ്ങണമെന്നും അദ്ദേഹത്തിന് നന്നായി അറിയാം.
പ്രചാരണ പരിപാടികള്‍ക്കിടെ മാധ്യമങ്ങളെ പരമാവധി മാറ്റി നിര്‍ത്തിക്കൊണ്ടായിരുന്നു തരൂര്‍ മാര്‍ച്ച് 25 ന് തന്റെ റോഡ് ഷോക്ക് ഇറങ്ങിയത്. പൂര്‍ണമായും 'കോണ്‍ഗ്രസ് വത്കരിച്ച' തുറന്ന ജീപ്പില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്തും പ്രസംഗിച്ചും തരൂര്‍ മുന്നേറുന്നു.

നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന തരൂരിനെ കണ്ടുകിട്ടാന്‍ പക്ഷേ മണിക്കൂറുകള്‍ കാത്ത് നി്ല്‍ക്കേണ്ടി വന്നു. ഉച്ചക്ക് കൊടും ചൂടില്‍ സ്ഥാനാര്‍ത്ഥിയെ കാത്തിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലര്‍ മുറുമുറുക്കുന്നും ഉണ്ടായിരുന്നു.
ബാലരാമപുരത്തിനടുത്ത് നെല്ലിമൂട്ടില്‍ ആയിരുന്നു പ്രശ്‌നം. ഉച്ചക്ക് ഒരുമണിയോടെ തരൂര്‍ സ്ഥലത്തെത്തിയെങ്കിലും പിന്നീട് അടിയന്തര ചര്‍ച്ചയുണ്ടെന്ന് പറഞ്ഞ് പോയതാണ്. തിരിച്ചെത്തിയത് മൂന്നരക്കും. ഭക്ഷണം പോലും കഴിക്കാതെ കാത്തിരുന്ന പ്രവര്‍ത്തകര്‍ മുഷിയാതിരിക്കുമോ... പക്ഷേ സ്ഥാനാര്‍ത്ഥിയെത്തിയപ്പോള്‍ പ്രവര്‍ത്തകരുടെ ദേഷ്യവും വിഷമവും ഒക്കെ പമ്പ കടന്നു.
നാടാര്‍ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് എതിര്‍ സ്ഥാനാര്‍ത്ഥിയായ ബെന്നറ്റ് എബ്രഹാമിന്റെ പ്രവര്‍ത്തനങ്ങള്‍. നാടാര്‍ സമുദായത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് നെയ്യാറ്റിന്‍കര. ഒറ്റക്കിറങ്ങിയാല്‍ വോട്ട് വീഴില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് മണ്ഡലത്തിലെ എംഎല്‍എ ആയ ശെല്‍വരാജിനേയും കൂട്ടിയായിരുന്നു ഉച്ചക്ക് ശേഷം തരൂരിന്റെ പ്രചാരണം. ഭാസ്‌കര്‍ നഗറില്‍ എത്തിയപ്പോഴാണ് ശെല്‍വരാജ് പ്രചാരണ വാഹനത്തില്‍ തരൂരിനൊപ്പം എത്തിയത്.
ഭാര്യ സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണം തരൂരിനെ സ്ത്രീ വോട്ടര്‍മാരില്‍ നിന്ന് അകറ്റും എന്ന രീതിയില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ സ്വീകരണ കേന്ദ്രങ്ങളിലെ സ്ത്രീ സാന്നിധ്യം ഈ പ്രചാരണത്തെ മറികടക്കുന്നതായിരുന്നു.
കുട്ടികളോട് ചിരിച്ചും, പ്രവര്‍ത്തകര്‍ക്ക് ഷാളുകള്‍ എറിഞ്ഞ് കൊടുത്തും ഒക്കെ തരൂര്‍ സജീവമായിരുന്നു. തുറന്ന വാഹനത്തില്‍ കൊടും ചൂടിന്റെ വൈഷമ്യങ്ങളൊന്നും തന്നെ അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നില്ല.












Click it and Unblock the Notifications