കാസർകോട് നഗരസഭയിൽ നികുതി സ്വീകരിക്കാന്‍ ആളില്ല..വട്ടം കറങ്ങി നികുതിദായകർ
കാസര്‍കോട്: വീടുകളുടേയും കെട്ടിടങ്ങളുടേയും നികുതിയില്‍ ഭീമമായ വര്‍ധനവിനൊപ്പം ഉദ്യോഗസ്ഥരുടെ വട്ടംകറക്കലും ജനങ്ങള്‍ക്ക് ഇരട്ടി ദുരിതമാവുന്നു. വല്ല വിധേനയും അടക്കാനുള്ള നികുതിയുമായി കാസര്‍കോട് നഗരസഭാ ഓഫീസിലെത്തിയാല്‍ മണിക്കൂറുകള്‍ കാത്ത് നിന്നാലും കൗണ്ടര്‍ തോറും ഓടി പണമടക്കാനാകാതെ മടങ്ങിവരേണ്ടതായി പലരും പരാതിപ്പെട്ടു.
ഏറെ കാത്ത് നിന്നിട്ടും നികുതി അടക്കാനാവാതെ മടങ്ങുന്നവരുടെ നീരസം ബഹളത്തിനിടയാക്കുന്നു. മാന്വല്‍ റസീതി നല്‍കുന്ന ബില്‍ കളക്ടര്‍മാര്‍ വലിയ തുക സ്വീകരിക്കാന്‍ കമ്പ്യൂട്ടറൈസ്ഡ് കൗണ്ടറിലേക്ക് അയക്കുമ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മടക്കി അയക്കുന്നതായും പറയുന്നു. ബില്‍ കളക്ടര്‍മാര്‍ മുട്ടിയുരുമ്മിയുള്ള ടേബിളുകളില്‍ ഇരുന്നാണ് നികുതി സ്വീകരിക്കുന്നത്. ഏതൊക്കെ വാര്‍ഡുകളിലെ നികുതിയാണ് സ്വീകരിക്കുന്നതെന്നറിയാതെ ടേബിളിന് മുന്നില്‍ ഏറെ നേരം ക്യൂ നിന്ന് തങ്ങളുടെ ഊഴമെത്തുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുകയാണെന്ന് നികുതിദായകര്‍ പറയുന്നു.

ഇന്നലെ ഉച്ചതിരിഞ്ഞ് ചില ടേബിളുകള്‍ ഒഴിഞ്ഞുകിടക്കുന്നതും നികുതി സ്വീകരിക്കുന്നതിലെ മെല്ലെപ്പോക്കിന് ആക്കം കൂട്ടി. ഡ്യൂട്ടി സമയത്ത് കസേരയില്‍ നിന്ന് ചിലര്‍ മുങ്ങുന്നത് കൃത്യതയോടെ ജോലി ചെയ്യുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കാണ് വിനയാകുന്നത്. നികുതി ദായകരുടെ ശകാരത്തിന് പലപ്പോഴും ഇവര്‍ ഇരയാകേണ്ടിവരുന്നു. ടാക്‌സ് വര്‍ധനവിലെ വ്യക്തതയില്ലായ്മയും നേരത്തെ അടച്ച നികുതിയുടെ മുഴുവന്‍ വിവരങ്ങളും കമ്പ്യൂട്ടറിലേക്ക് മാറ്റിത്തീരാത്തതും നികുതി പിരിവിന് പ്രയാസമുണ്ടാക്കുന്നു.
ഇന്ന് രാവിലെയും നികുതി അടക്കാനെത്തിയവര്‍ തടസ്സവാദങ്ങള്‍ കേട്ട് നീരസം പ്രകടിപ്പിച്ചു. കാസര്‍കോട് നഗരസഭയില്‍ നികുതി സ്വീകരിക്കാന്‍ ഒറ്റ കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതേ കൗണ്ടറില്‍ തന്നെയാണ് വ്യാപാര ലൈസന്‍സടക്കമുള്ള മറ്റു രേഖകള്‍ പുതുക്കാനും ഫീസടക്കാനും സൗകര്യമുള്ളത്.
ഇത് തിരക്കേറിയ സമയങ്ങളില്‍ അനിയന്ത്രിത ക്യൂവിന് ഇടയാക്കുന്നു. പുതിയ വര്‍ഷത്തെ ഡി ആന്റ് ഒ വ്യാപാര ലൈസന്‍സ് ഫൈനില്ലാതെ പുതുക്കാനുള്ള തിയതി സര്‍ക്കാര്‍ ഈമാസം 15വരെ നീട്ടിയത് ആശ്വാസമായെങ്കിലും വിവിധ ആവശ്യങ്ങള്‍ക്ക് ഓഫീസിലെത്തുന്നവര്‍ക്ക് സുഗമമായി കാര്യങ്ങള്‍ ചെയ്തുകിട്ടുന്നതിന് സൗകര്യമേര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നു.












Click it and Unblock the Notifications