ചിത്രകലയെ പഠനോപകരണമാക്കി, നിറക്കൂട്ടുകളെ അറിവിന്റെ വഴികാട്ടിയാക്കി; ഇത് സുരേഷ് മാഷ് തീർത്ത മാതൃക
താനൂർ: ചിത്രകലയും മറ്റ് വിഷയങ്ങളിലെ പഠനവും തമ്മിൽ എന്ത് ബന്ധമാണെന്ന് ചോദിച്ചാൽ ഉത്തരം പറയാൻ നമ്മളൊന്ന് ബുദ്ധിമുട്ടും. എന്നാൽ മലപ്പുറം താനൂർ കാട്ടിലങ്ങാടിയിൽ നിന്നുള്ള അധ്യാപകനായ സുരേഷ് മാഷിനെ സംബന്ധിച്ച് അത് ഒറ്റവാക്കിൽ പറഞ്ഞ് തീർക്കാൻ കഴിയുന്ന ഒന്നല്ല. തന്റെ ഇരുപത്തിനാല് വർഷത്തെ അധ്യാപന ജീവിതമെന്ന തപസ്യയുടെ കർമ്മഫലമായിരിക്കാം, ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് വിജയികളിൽ ഒരാൾ അദ്ദേഹമായിരുന്നു.
നാല് വിഭാഗങ്ങളിലായി ഇരുപതോളം അധ്യാപകരെയാണ് അവാർഡിനായി തിരഞ്ഞെടുത്തത്, അതിൽ കലാധ്യാപകനെന്ന നിലയിൽ ശ്രദ്ധേയനായത് സുരേഷ് കാട്ടിലങ്ങാടി മാത്രമായിരുന്നു. താനൂർ കാട്ടിലങ്ങാടി ഹയർസെക്കൻഡറി സ്‌കൂളിലെ കലാധ്യാപകനായ സുരേഷ് മാഷ് തന്റെ അവാർഡ് നേട്ടത്തെ കുറിച്ചും അധ്യാപന ജീവിതത്തെ കുറിച്ചും വൺഇന്ത്യ മലയാളത്തോട് സംസാരിക്കുകയുണ്ടായി.

തന്റെ രണ്ട് പതിറ്റാണ്ട് നീണ്ട അധ്യാപക ജീവിതത്തിന് ഈ വർഷം തിരശീലയിടുകയാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരം ആരംഭിച്ചത്. കുട്ടികളുടെ പഠന രീതിയെ ലഘൂകരിക്കുന്നതിന് ഒപ്പം അവരിൽ കലാവബോധം കൂടി വളർത്തുക എന്ന ലക്ഷ്യമാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് സുരേഷ് മാഷ് പറയുന്നു.
കോഴിക്കോട്ടെ ഫൈൻ ആർട്‌സ് പഠനം വഴിത്തിരിവായി
പ്രീഡിഗ്രിക്ക് ശേഷമാണ് ഞാൻ കോഴിക്കോട് യൂണിവേഴ്‌സിറ്റിയിൽ ഫൈൻ ആർട്‌സ് പഠനത്തിനായി ചേരുന്നത്. നാട്ടിലെ അറിയപ്പെടുന്ന ചിത്രകാരൻ എന്ന ഖ്യാതിയോടെയായിരുന്നു അവിടേക്കുള്ള രംഗ പ്രവേശം. എന്നാൽ ക്ലാസ് പുരോഗമിക്കവേ എനിക്ക് മനസിലായി ഞാൻ അവിടെ ആദ്യ പത്തിൽ പോലും ഇടം നേടാൻ കഴിയാത്ത ഒരാളാണെന്ന്.
അത് എന്നിൽ വലിയൊരു അപകർഷതാ ബോധമാണ് സൃഷ്‌ടിച്ചത്. അവിടെ നിന്നും കഠിനാധ്വാനം ചെയ്‌തുകൊണ്ട് ക്ലാസിൽ മുൻനിരയിൽ എത്താൻ സാധിച്ചു. ഈ കാലഘട്ടത്തിലെ സുഹൃത്തുക്കളും അവരുമായുള്ള സമ്പർക്കവും ഒക്കെ പിന്നീട് കരിയറിൽ ഒരുപാട് ഗുണം ചെയ്‌തിരുന്നു എന്ന് പറയാതെ വയ്യ. അങ്ങനെയാണ് ചിത്രകലയെ കൂടുതൽ ഗൗരവമായി കാണാൻ തുടങ്ങിയത്.
തുടക്കം കൈയെഴുത്ത് മാസികയിലൂടെ
നാട്ടിലെ തന്നെ ചില ക്ലബുകൾ കേന്ദ്രീകരിച്ചുള്ള കൈയെഴുത്ത് മാസിക സുഹൃത്തുമായി ചേർന്ന് ആരംഭിച്ചിടത്താണ് തുടക്കം. അത് പിന്നീട് കൂടുതൽ വലിയ ക്യാൻവാസിലേക്ക് വളർന്നു. കോളേജ് പഠനകാലത്ത് അതിന്റെ പേരിനും രൂപത്തിനും ഒക്കെ പക്വത കൈവന്നു. ഇപ്പോഴും ഈ കൈയെഴുത്ത് മാസികകളുടെ ചില കോപ്പികൾ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പിന്നീട് തൂലിക എന്ന പേരിൽ ഒരു പരസ്യസ്ഥാപനവും നടത്തിയിരുന്നു.

മറക്കാനാവാത്ത കണ്ണൂർ കാലം
അധ്യാപകനായി ആദ്യമായി സ്ഥിരം പോസ്‌റ്റിങ് കിട്ടിയത് കണ്ണൂരിലെ ചെറുപുഴയ്ക്ക് അടുത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു. ആറ് മാസം മാത്രമേ അവിടെ ജോലി ചെയ്യേണ്ടി വന്നുള്ളൂ. എങ്കിലും അത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലഘട്ടമായിരുന്നു. അവിടെ നിന്നാണ് പലതും പഠിച്ചത്. പിന്നീട് കണ്ണൂരിലെ കണ്ണപുരത്ത് പതിനൊന്നു വർഷത്തോളം ജോലി ചെയ്‌തു.
അധ്യാപനം വെറും വക്കിൽ ഒതുക്കാതെയുള്ള യാത്ര
കലാധ്യാപകർ കാര്യമായ പരീക്ഷണങ്ങൾക്ക് മുതിരാത്ത കാലത്തായിരുന്നു ഞാൻ കൂടുതൽ ഇത്തരം വിഷയങ്ങളിൽ തൽപര്യം കാട്ടിയത്. കുട്ടികൾക്ക് വേണ്ടി പാഠങ്ങൾ ലഘൂകരിക്കാൻ ചിത്രങ്ങളുടെയും അതുപോലെയുള്ള ആശയങ്ങളോടെയും ഉള്ള പഠനം പലപ്പോഴും ഗുണം ചെയ്‌തു, പല അധ്യാപകർക്ക് ഒപ്പവും ഇത്തരം ക്ലാസുകൾ നടത്തുകയും ചെയ്‌തു.
ക്ലാസ് തലത്തിലുള്ള എഴുത്ത് മാസിക, കുട്ടികളുടെ രചനകൾ കൂടി ചേർത്തുള്ള സ്‌കൂൾ പത്രങ്ങൾ, വിശേഷ ദിവസങ്ങളെ അടിസ്ഥാനമാക്കി കൊണ്ടുള്ള പ്രത്യേക പോസ്‌റ്ററുകൾ എന്നിങ്ങനെ വിദ്യാർത്ഥികളെ ചിത്രകലയിലൂടെ കൂടുതൽ പഠനത്തിലേക് ആകർഷിക്കാനും അതിനൊപ്പം തന്നെ കലാവബോധം വളർത്താനും കഴിഞ്ഞു.

മാറിയ കാലത്തും കുട്ടികൾ സർഗാത്മകത കൈവെടിഞ്ഞിട്ടില്ല
സാങ്കേതികമായി ചില മാറ്റങ്ങൾ ഉണ്ടെങ്കിലും കുട്ടികളിലെ കലകളോടുള്ള താത്പര്യം ഒരിക്കലും കുറയുന്നില്ല. മൊബൈൽ ഫോൺ പോലെയുള്ള ടെക്‌നോളജികളെ മാറ്റി നിർത്തിക്കൊണ്ട് പുതിയ കാലത്തിന്റെ കഥകൾ പറയാൻ നമുക്ക് കഴിയില്ലെന്നതാണ് സത്യം. അതുകൊണ്ട് തന്നെ ആ നിലയ്ക്ക് നോക്കുമ്പോൾ കുട്ടികളുടെ സർഗാത്മക ശേഷിയിൽ എന്തെങ്കിലും കുറവ് സാങ്കേതിക വിദ്യയുടെ ആവിർഭാവത്തോടെ ഉണ്ടായെന്ന് നമുക്ക് കരുതാൻ കഴിയില്ല.

എല്ലാവരെയും കലാകാരന്മാർ ആക്കാൻ കഴിയില്ല
ചിത്രകലയിൽ കേവലം ശരാശരി മാത്രമായിരുന്ന ഞാൻ കഠിനാധ്വാനത്തിലൂടെയാണ് ഈ നിലയിലേക്ക് വളർന്നത്. ഒരിക്കലും എല്ലാ കുട്ടികളെയും കലാകാരൻമാർ ആക്കുക എന്ന ലക്ഷ്യമല്ല ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലുള്ളത്. കുട്ടികളിൽ കലയെ കുറിച്ചുള്ള അവബോധം വളർത്തിയെടുക്കുക എന്നത് തന്നെയാണ്.












Click it and Unblock the Notifications