വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ ടെസ്റ്റിംഗ് വ്യാപകമാക്കും; മൂന്നാം തരംഗം നേരിടാൻ സജ്ജമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് വ്യാപകമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. കൊവിഡിന്റെ മൂന്നാം തരംഗമുണ്ടായാല്‍ നേരിടാന്‍ കേരളം സജ്ജമാണെന്നും മുഖ്യമന്ത്രി അവലോകന യോഗത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തില്‍ അടുത്ത നാലാഴ്ച ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. ഇന്ന് ചേര്‍ന്ന കൊവിഡ് യോഗത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും സമ്പൂര്‍ണ അടച്ചിടല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ വാക്സിനേഷന്‍ മികച്ച രീതിയില്‍ നടത്തിയതിനാല്‍ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം ടെസ്റ്റ് ചെയ്യും. മറ്റു ജില്ലകളില്‍ വ്യാപകമായ ടെസ്റ്റിംഗ് നടത്തും. ആദ്യ ഡോസ് വാക്സിനേഷന്‍ എഴുപത് ശതമാനത്തില്‍ കൂടുതല്‍ പൂര്‍ത്തീകരിച്ച ജില്ലകള്‍ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്സിനേഷന്‍ പൂര്‍ണമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
നിലവില്‍ സംസ്ഥാനത്തിന്റെ പക്കല്‍ പതിനാറ് ലക്ഷം സിറിഞ്ചുകള്‍ ലഭ്യമാണ്. കൂടുതല്‍ സിറിഞ്ചുകള്‍ ലഭ്യമാക്കാനും സമാഹരിക്കാനും നടപടിയെടുക്കും. പത്ത് ലക്ഷം വാക്സിന്‍ ഡോസുകള്‍ കെ.എം എസ്. സി. എല്‍ നേരിട്ട് വാക്സിന്‍ ഉത്പ്പാദകരില്‍ നിന്ന് വാങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മറ്റു സ്വകാര്യ സ്ഥാപനങ്ങളും വഴി ഇത് നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനുകള്‍ അഞ്ച് ശതമാനത്തില്‍ കൂടുതലാണ്. ഈ ജില്ലകളില്‍ ജനിതക പഠനം നടത്താന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഓരോ തദ്ദേശ സ്ഥാപന അതിര്‍ത്തിയിലും എത്ര വാക്സിനേഷനുകള്‍ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
അതേസമയം, സംസ്ഥാനത്ത് നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാനാണ് ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായത്. പുതിയ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. രോഗം കൂടുതലുള്ള സ്ഥലങ്ങളില്‍ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. കടകളുടെ പ്രവര്‍ത്തനത്തിന് നിലവിലെ ഇളവുകള്‍ തുടരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം ശക്തമാക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. 100 മീറ്റര്‍ പരിധിയില്‍ അഞ്ചിലധികം കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്താല്‍ അതില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളും വീടുകളും മൈക്രോ കണ്ടെയിന്‍മെന്റ് സോണിലാകും.
ഇതിനിടെ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുകയാണ്. ഇന്ന് മാത്രം 24,296 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം തൃശൂര്‍ ജില്ലകളില്‍ കേസുകള്‍ 3000 കടന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,706 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,349 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ് -19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,757 ആയി.
കേരളം ഉള്‍പ്പടെ രോഗ വ്യാപനം കൂടിയ സംസ്ഥാനങ്ങളില്‍ കേന്ദ്രം മൂന്നാം തരംഗം ചൂണ്ടിക്കാണിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂന്നാം തരംഗത്തില്‍ കുട്ടികളില്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് കേന്ദ്രം നല്‍കിയ നിര്‍ദ്ദേശത്തില്‍ ചൂണ്ടിക്കാണിച്ചത്. പ്രത്യേക സമിതിയെ നിയോഗിച്ച് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയിരുന്നു.












Click it and Unblock the Notifications