'പ്രണയക്കെണികള്‍ പെണ്‍കുട്ടികള്‍ക്ക് ചതിക്കുഴികളാകുന്നു'; ആശങ്കാജനകമെന്ന് തലശേരി ബിഷപ്പ്
കണ്ണൂര്‍: പെണ്‍കുട്ടികള്‍ പ്രണയക്കെണിയില്‍ കുടുങ്ങുന്നത് ആശങ്കാജനകമാണെന്ന് തലശേരി അതിരൂപത ബിഷപ്പ് മാര്‍ ജോസഫ് പംപ്ലാനിയുടെ ഇടയലേഖനം. ഈസ്റ്റര്‍ ദിനത്തില്‍ ഇടവകകളിലെ പള്ളികളില്‍ വായിക്കുന്നതിനുള്ള ഇടയലേഖനത്തിലാണ് പംപ്ലാനിയുടെ പ്രതികരണം. സ്ത്രീധന സമ്പ്രദായം നിര്‍ത്തലാക്കണം, പിതൃസ്വത്തില്‍ ആണ്‍-പെണ്‍ മക്കള്‍ക്ക് തുല്യാവകാശം നല്‍കണമെന്നും ഇടയലേഖനത്തില്‍ വ്യക്തമാക്കുന്നു.
പ്രണയക്കെണികള്‍ പെണ്‍കുട്ടികള്‍ക്ക് ചതിക്കുഴികളാകുന്ന സംഭവങ്ങള്‍ ആശങ്കാജനകമാണെന്ന് ഇടയലേഖനത്തില്‍ പറയുന്നു. സ്ത്രീധന സമ്പദ്രായം സഭ നിര്‍ത്തലാക്കണം. നിയമവിരുദ്ധമായി സ്ത്രീധന സമ്പദ്രായം നമ്മുടെ സമുദായത്തില്‍ പലരൂപത്തിലും നിലനില്‍ക്കുന്നത് അപമാനകരമാണ്. ഏറ്റവും വലിയ ധനം സ്ത്രീ തന്നെയാണ് എന്ന ചിന്ത ശക്തിപ്പെടണമെന്നും ഇടയലേഖനത്തില്‍ വ്യക്തമാക്കുന്നു.

പിതൃസ്വത്തില്‍ ആണ്‍മക്കള്‍ക്ക് അവകശാങ്ങളുള്ള പോലെ പെണ്‍മക്കള്‍ക്കും തുല്യ അവകാശമുണ്ട്. സുപ്രീം കോടതി വിധി ഇനിയും നമ്മുടെ സമുദായം വേണ്ട രീതിയില്‍ ഉള്‍ക്കൊണ്ടിട്ടില്ല. ആണ്‍മക്കളെ പോലെ പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യ അവകാശം ഉറപ്പുവരുത്തുന്നതിലൂടെ കല്യാണസമയത്തെ ആഭരണധൂര്‍ത്തിന് അറുതിവരുത്താന്‍ കഴിയുമെന്നും ഇടയലേഖനത്തില്‍ പറയുന്നു.
സ്ത്രീകളെ ആദരിക്കുന്നതില്‍ നമ്മുടെ രാജ്യവും സംസ്‌കാരവും നിലവില്‍ ഏറെ പിന്നിലാണ്. സഭയിലും സമുദായത്തിലും സ്ത്രീകള്‍ അവഗണന നേരിടുന്ന കാര്യം വിസ്മരിക്കാനാവില്ല. കാലാന്തരത്തില്‍ കായിക ബലത്തിന്റെ പിന്തുണയില്‍ പുരുഷാധിപത്യം സമൂഹത്തില്‍ ശക്തിപ്പെട്ടു. ദാമ്പത്യ സമ്പത്തുമായി ബന്ധിപ്പിക്കുന്ന സ്ത്രീധന വിരുദ്ധ സമ്പ്രദായം പൂര്‍ണമായും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
സ്ത്രീധന സമ്പ്രദായം സ്ത്രീകളെ മാത്രമല്ല, പുരുഷന്മാരെയും ബാധിക്കുന്നുണ്ട്. 35 വയസ് കഴിഞ്ഞിട്ടും വിവാഹിതരാകാത്ത നാലായിരത്തോളം വിവാഹാര്‍ത്ഥികളായ പുരുഷന്മാര്‍ നമ്മുടെ ഇടയിലുണ്ട്. ഇവരുടെ വിവാഹലോചനകള്‍ നല്ല പ്രായത്തില്‍ സ്ത്രീധന വിഷയത്തില്‍ തട്ടി മുടങ്ങിയതാണെന്ന് അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
സ്ത്രീധനത്തിനുള്ള സ്വരുക്കൂട്ടാനുള്ള വ്യഗ്രതയില്‍ ജോലി സമ്പാദിച്ച ശേഷവും വിവാഹത്തിന് വേണ്ടി കാത്തിരിക്കാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാവുകയാണ്. ഗാര്‍ഹിക പീഡനങ്ങളും പെണ്‍കുട്ടികളോടുള്ള വിവേചനവും കുടുംബത്തെ കുറിച്ചുള്ള ദൈവിക പദ്ധതികളും തകിടം മറിക്കുന്ന തിന്മകളാണ്. അമ്മമാരുടെയും സഹോദരിമാരുടെയും മക്കളുടെയും കണ്ണ് നിറയാതിരിക്കാനുള്ള കരുതല്‍ വേണമെന്നും ഇടയലേഖനത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം, നേരത്തെ നടത്തിയ ചില രാഷ്ട്രീയ പ്രസ്താവനകളെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടം നേടിയ ബിഷപ്പാണ് തലശേരി അതിരൂപത ബിഷപ്പ് മാര്‍ ജോസഫ് പംപ്ലാനി. റബ്ബര്‍ വില 300 രൂപയാക്കി ഉയര്‍ത്തിയാല്‍ ബി ജെ പിയുടെ പക്ഷത്ത് നില്‍ക്കുമെന്നാണ് ബിഷപ്പ് പറഞ്ഞത്. കത്തോലിക്ക കോണ്‍ഗ്രസ് തലശേരിയില്‍ സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു ബിഷപ്പിന്റെ പ്രസ്താവന. കേരളത്തില്‍ ഒരു എം പി പോലുമില്ലെന്ന ബി ജെ പിയുടെ വിശമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications