തെലങ്കാനയിലെ കോൺഗ്രസിന്റെ മിന്നും വിജയത്തിന് കാരണം അതാണ്; രമേശ് ചെന്നിത്തല
തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയമാണ് കോൺഗ്രസ് സ്വന്തമാക്കിയത്. 119 അംഗ നിയമസഭയിൽ 63 സീറ്റിൽ മുന്നിലെത്തിയാണ് കോൺഗ്രസിന്റെ വിജയക്കുതിപ്പ്. മൂന്നാം തവണയും ഭരണത്തുടർച്ച സ്വപ്നം കണ്ട ബി ആർ എസ് വെറും 40സീറ്റിലേക്ക് ചുരുങ്ങി. അസദുദ്ദീൻ ഉവൈസിയുടെ എ ഐ എം ഐ എം ഏഴു സീറ്റിലും ബി ജെ പി എട്ടു സീറ്റിലുമാണ് മുന്നിട്ട് നിൽക്കുന്നത്.
അതേസമയം കോൺഗ്രസ് വിജയത്തിൽ പ്രതികരിക്കുകയാണ് ഇപ്പോൾ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന നേതാക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. സ്ഥാനാർത്ഥികളുടെ ജനസ്വാധീനവും പ്രചാരണ രംഗത്ത് പഴുതടച്ച രീതിയിലുള്ള നീക്കവും, സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും കഴിഞ്ഞതും വിജയത്തിലേക്ക് വേഗം കൂട്ടുകയായിരുന്നുവെന്ന് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ

'തെലുങ്കാന നിയമസഭാ തെരത്തെടുപ്പ് ഫലം പുറത്തു വരുമ്പോൾ പാർട്ടി സംസ്ഥാന ഭരണത്തിലേക്ക് നീങ്ങുകയാണ്. എഐസിസി നിർദ്ദേശപ്രകാരം അവിടെ 16 ദിവസക്കാലം നടത്തിയ പ്രചാരണത്തിൽ നിന്നു തന്നെ ജനവികാരം കോൺഗ്രസിന് അനുകൂലമാണ് എന്ന തിരിച്ചറിവ് ഉണ്ടായിരുന്നു. സ്ഥാനാർത്ഥികളുടെ ജനസ്വാധീനവും പ്രചാരണ രംഗത്ത് പഴുതടച്ച രീതിയിലുള്ള നീക്കവും, സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും കഴിഞ്ഞതും വിജയത്തിലേക്ക് വേഗം കൂട്ടുകയായിരുന്നു.
മറ്റൊരു പ്രധാന കാര്യം പ്രചാരണ രംഗത്ത് ഉണ്ടായ ഏകോപനമാണ് പ്രവർത്തകരും നേതാക്കളും ഒറ്റമനസോടെ എല്ലാം മറന്ന് ഇറങ്ങിയപ്പോൾ ജനങ്ങളിൽ കോൺഗ്രസ് ഉണ്ടാക്കിയെടുത്ത ആത്മവിശ്വാസമാണ് തെലുങ്കാനയിലെ മിന്നും വിജയം. എന്തായാലും പാർട്ടി വിശ്വസിച്ചേൽപ്പിച്ച ഉത്തരവാദിത്തം കൃത്യമായി നടപ്പിലാക്കി എന്ന സംതൃപ്തിയാണുള്ളത്. കോൺഗ്രസിന് ചരിത്ര വിജയം നൽകിയ തെലുങ്കാന സഹോദരങ്ങൾക് അഭിനന്ദനങ്ങൾ', അദ്ദേഹം പറഞ്ഞു.
അതേസമയം തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് ആശ്വസിക്കാനുള്ള വകയുള്ളത്. ഭരണം ഉണ്ടായിരുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും കനത്ത പരാജയമാണ് ഇത്തവണ കോൺഗ്രസ് രുചിച്ചത്. ഛത്തീസ്ഗഡിൽ ഭരണത്തുടർച്ച പ്രതീക്ഷിച്ചിരുന്നെങ്കിലും ബി ജെ പി ഇവിടെ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെയ്ക്കുകയായിരുന്നു. മധ്യപ്രദേശിലാകട്ടെ കോൺഗ്രസിനെ ബി ജെ പി നിലംതൊടീച്ചില്ല. 165 ഓളം സീറ്റുകളാണ് ഇവിടെ പാർട്ടി നേടിയത്. കോൺഗ്രസിന് ലഭിച്ചതാകട്ടെ വെറും 64 സീറ്റുകളും. 48 ശതമാനത്തോളം വോട്ടുകളാണ് പാർട്ടി ഇവിടെ സ്വന്തമാക്കിയത്.












Click it and Unblock the Notifications