'ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ'; പശു ആലിംഗന ദിനം, കേന്ദ്രത്തെ ട്രോളി വി ശിവൻകുട്ടി

തിരുവനന്തപുരം: പ്രണയ ദിനം 'പശു ആലിംഗന ദിന'മായി ആചരിക്കണമെന്ന കേന്ദ്ര നിർദ്ദേശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. പശു ചിത്രങ്ങളും സെൽഫികളും ട്രോളുകളുമെല്ലാം സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഇപ്പോഴിതാ കേന്ദ്രനിർദ്ദേശത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തിയിരിക്കുകയാണ്.
നാടോടിക്കാറ്റ് എന്ന സിനിമയിലെ രംഗം പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ പരിഹാസം-' ഇച്ചിരി തവിട്..ഇച്ചിരി തേങ്ങാപിണ്ണാക്ക്... ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ...!', പോസ്റ്റിൽ മന്ത്രി കുറിച്ചു.
ഫെബ്രുവരി 14 ന് 'കൗ ഹഗ് ഡേ' ആചരിക്കുന്നത് മൃഗങ്ങളോടുള്ള അനുകമ്പ വളർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
'പശു ഇന്ത്യൻ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണെന്നും നമ്മുടെ ജീവൻ നിലനിർത്തുന്നുവെന്നും കന്നുകാലി സമ്പത്തിനെയും ജൈവവൈവിധ്യത്തെയും പ്രതിനിധീകരിക്കുന്നുവെന്നും നമുക്കെല്ലാം അറിയാം.മനുഷ്യരാശിക്ക് എല്ലാ ഐശ്വര്യങ്ങളും സമ്പദ് സമൃദിയും നൽകുന്നതിനാലാണ് പശു കാമധേനു എന്നും ഗോമാതയെന്നും അറിയപ്പെടുന്നത്', വകുപ്പ് സർക്കുലറിൽ പറയുന്നു.
മാത്രമല്ല പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറക്കാൻ കാരണമായിരിക്കുകയാണെന്നും ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകുമെന്ുമാണ് കേന്ദ്ര മൃഗസംരക്ഷണ ബോർജിന്റെ സർക്കുലറിൽ വ്യക്തമാക്കുന്നത്.
ഫെബ്രുവരി 14 ന് വാലന്റൈൻസ് ദിനം ആഘോഷിക്കുന്നതിനെതിരെ നേരത്തേ തന്നെ ഹൈന്ദവ സംഘടനകൾ രംഗത്തെത്തിയിരുന്നു. വാലന്റൈൻസ് ഡേ നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ലെന്നാണ് ഇക്കൂട്ടരുടെ വാദം. വാലന്റൈൻസ് ദിനത്തിൽ കമിതാക്കൾക്കെതിരെ ഇക്കൂട്ടർ അക്രമം അഴിച്ചുവിടാറുണ്ട്.












Click it and Unblock the Notifications