'സമരം തീരില്ല. ഇപ്പോൾ അണഞ്ഞാലും പുകഞ്ഞുകൊണ്ടിരിക്കും, ആളിക്കത്തും'; തോമസ് ഐസക്
ലേബർ കോഡ് സൃഷ്ടിച്ച അരക്ഷിതാവസ്ഥയ്ക്കെതിരായ ചെറുത്തുനിൽപ്പ് രാജ്യത്തെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിൽ പുതിയൊരു ഘട്ടമായിത്തീരുമെന്ന് സിപിഎം നേതാവ് തോമസ് ഐസക്. അസംഘടിത മേഖലയിലെ തൊഴിലാളികളും സ്ത്രീ തൊഴിലാളികളുമായിരിക്കും ഈ മുന്നേറ്റത്തിന്റെ മുന്നിലെന്നും അദ്ദേഹം പറഞ്ഞു.ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം
' ലേബർ കോഡ് വന്നതോടെ ബിജെപിയും കോർപ്പറേറ്റുകളും വിചാരിച്ചത് ട്രേഡ് യൂണിയനുകളുടെ കഥ കഴിച്ചൂവെന്നാണ്. അവർക്ക് അർമാദിക്കാനുള്ള വകയുമുണ്ട്. 2006-2014 കാലത്ത് ശരാശരി ഒരു വർഷം 354 തൊഴിൽ തർക്കങ്ങളും 1.7 കോടി തൊഴിൽദിനങ്ങളുടെ നഷ്ടവുമാണ് ഉണ്ടായത്. എന്നാൽ ബിജെപി അധികാരത്തിൽ വന്നശേഷം 2015-2023 കാലത്ത് തൊഴിൽ തർക്കങ്ങളുടെ എണ്ണം 76 ആയും, തൊഴിൽനഷ്ട ദിനങ്ങൾ 30 ലക്ഷവുമായി താഴ്ന്നു. 2022-23-ൽ സെപ്തംബർ വരെയുള്ള കണക്കുവച്ച് തൊഴിൽ തർക്കങ്ങൾ 30-ഉം തൊഴിൽനഷ്ട ദിനങ്ങൾ 3.4 ലക്ഷവുമാണ്. ഇതിൽ ദേശീയ പണിമുടക്കങ്ങൾ ഉൾപ്പെടുന്നില്ല. അവ തൊഴിൽ തർക്കമല്ല, രാഷ്ട്രീയ പണിമുടക്കങ്ങൾ ആണെന്നാണ് ഔദ്യോഗിക ന്യായം. ഇവർക്കെല്ലാം നോയിഡയിലെ മിന്നൽ പണിമുടക്ക് ഞെട്ടിക്കുന്ന അനുഭവമായി.

ഏപ്രിൽ 7-ന് ഹോയിസറി കോംപ്ലക്സിനു മുന്നിൽ നിന്നു തുടങ്ങിയ പ്രക്ഷോഭം സമീപപ്രദേശത്തെ വ്യവസായശാലകളിലേയ്ക്ക് പരന്നു. ഏപ്രിൽ 13, 14 വ്യാപകമായ പൊലീസ് ബലപ്രയോഗവും തിരിച്ചടിയും നടന്നു. 300 പേർ അറസ്റ്റ് ചെയ്യപ്പെട്ടു. പാകിസ്ഥാന്റെ കരങ്ങളാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുന്നയിക്കപ്പെട്ടു. മിനിമം കൂലി ഉയർത്താൻ സർക്കാർ നിർബന്ധിതമായി. എന്നാലും പൂർവ്വനിലയിലേക്ക് നോയിഡ ഇപ്പോഴും തിരിച്ചുവന്നിട്ടില്ല. ചിത്രത്തിൽ കൊടുത്തിരിക്കുന്ന ഭൂപടത്തിൽ കഴിഞ്ഞ മൂന്ന് മാസങ്ങളിലായി വടക്കേ ഇന്ത്യയിലെ വിവിധ വ്യവസായ കേന്ദ്രങ്ങളിൽ ഇതുപോലെ സ്വയം പൊട്ടിപ്പുറപ്പെട്ട സമരങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്. നോയിഡയിലേതുപോലെ 29 പണിമുടക്കങ്ങൾ നടന്നിട്ടുണ്ട്. റിഫൈനറികൾ, സ്റ്റീൽ പ്ലാന്റുകൾ, തെർമ്മൽ പ്ലാന്റുകൾ, എഞ്ചിനീയറിംഗ് ഫാക്ടറികൾ, ഖനികൾ, പെയിന്റ് - ഫെർട്ടിലൈസർ ഫാക്ടറി, സിങ്ക് - സിമന്റ് ഫാക്ടറികൾ ഇവിടങ്ങളിലെല്ലാം സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. മിക്കവാറും എല്ലായിടത്തും അസംഘടിത കരാർ തൊഴിലാളികളാണ് സമരത്തിനിറങ്ങിയത്.
ഔപചാരികമായി നോട്ടീസ് കൊടുത്ത് നടത്തിയ സമരങ്ങൾ അല്ലാത്തതിനാൽ ഈ തൊഴിൽ തർക്കങ്ങൾ ഔദ്യോഗിക വ്യവസായ തർക്ക കണക്കുകളിൽ ഉൾപ്പെടില്ല. എന്നാൽ സമരങ്ങളുടെ കാലം അവസാനിച്ചൂവെന്ന് ഇന്ത്യാ സർക്കാരിന് സമാധാനിച്ചു മുന്നോട്ടു പോകാൻ കഴിയാത്തവിധം തൊഴിൽ സംഘർഷത്തെ രാഷ്ട്രത്തിനു മുന്നിൽ നോയിഡയിലെ മിന്നൽ പണിമുടക്ക് ഉയർത്തി. ഇതാണ് നോയിഡ പണിമുടക്കിന്റെ ചരിത്രപ്രസക്തി.
എന്താണ് രാജ്യവ്യാപകമായ ഈ പ്രക്ഷോഭ വേലിയേറ്റത്തിന്റെ പശ്ചാത്തലമെന്ത്? പുതിയ ലേബർ കോഡുകൾ സൃഷ്ടിച്ച അരക്ഷിതാവസ്ഥയുടെ പ്രതിഫലനമാണിത്. കോഡുകളുടെ ആത്യന്തികലക്ഷ്യം ട്രേഡ് യൂണിയനുകളെ ദുർബലപ്പെടുത്തുക എന്നുള്ളതാണ്. കരാർ തൊഴിലിനെ പ്രോത്സാഹിപ്പിക്കുകയും, തൊഴിൽതർക്ക നിയമം ബാധകമാക്കുന്ന പരിധി ഉയർത്തുകയും ചെയ്തു. എങ്കിലും ദേശവ്യാപകമായ മിനിമം വേജസും ചില തൊഴിൽ ആരോഗ്യ സുരക്ഷാ നടപടികളും വാഗ്ദാനം ചെയ്തിരുന്നു. രണ്ടാമത് പറഞ്ഞ ഒരുകാര്യവും നടപ്പാക്കിയില്ല.
സംഘടിത മേഖലയിലെ തൊഴിലാളികളിൽ 42 ശതമാനം ഇന്ന് കരാർ തൊഴിലാളികളാണ്. 90 ശതമാനം വ്യവസായ തൊഴിലാളികളും പല തൊഴിൽ സുരക്ഷിതത്വ വകുപ്പുകളും ബാധകമല്ലാത്ത ചെറുകിട സ്ഥാപനങ്ങളിലാണ്. ഘടനാപരമായ ഈ മാറ്റം കൊണ്ടുവരുന്നതിൽ ഭരണവർഗങ്ങൾ വിജയിച്ചു. പക്ഷേ, അവർ വാക്ക് പാലിച്ചില്ല. ഇതുവരെ ദേശീയ മിനിമം കൂലി പുതുക്കി നിശ്ചയിച്ചില്ല. ഇപ്പോഴും പണ്ടെങ്ങോ നിശ്ചയിച്ച 175 രൂപ പ്രതിദിന കൂലിയാണ് പ്രാബല്യം. ഏതാണ്ട് 5000 രൂപ പ്രതിമാസം. സംസ്ഥാനങ്ങളിൽ നിശ്ചയിച്ച മിനിമം കൂലി എല്ലായിടത്തും ഇതിനു മുകളിലാണ്. അതുതന്നെ ജീവിതച്ചെലവിന് തികയില്ല.
മിനിമം കൂലി ഉയർന്നില്ലെങ്കിലും പ്രവൃത്തി ദിനം എല്ലായിടത്തും 12-13 മണിക്കൂറായി നീണ്ടു. അതിനാകട്ടെ ഇരട്ടിക്കൂലി നൽകാനും മുതലാളിമാർ തയ്യാറല്ല. ഓവർടൈം അടക്കം 10000-15000 രൂപയാണ് നോയിഡയിൽ ലഭിക്കുന്നത്. ഗൾഫ് യുദ്ധത്തോടെ പാചകവാതകത്തിന്റെ വില കുത്തനെ ഉയർന്നത് ഒട്ടകത്തിന്റെ നടുവൊടിച്ച അവസാനത്തെ കച്ചിത്തുമ്പായി.
നോയിഡ തൊഴിലാളികളുടെ ഡിമാന്റ് കൂലി 18000-20000 രൂപയായി ഉയർത്തണമെന്നതാണ്. യുപി സർക്കാർ ഇപ്പോൾ ഉയർത്തിയിരിക്കുന്നത് 13690 മുതൽ 16868 രൂപ വരെയാണ്. സമരം തീരില്ല. ഇപ്പോൾ അണഞ്ഞാലും പുകഞ്ഞുകൊണ്ടിരിക്കും, ആളിക്കത്തും. കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർടികൾ നോയിഡ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ബിഎംഎസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും പിന്തുണയുണ്ട്. പക്ഷേ, ഇതുവരെ സിഐടിയു മാത്രമാണ് രണ്ടും കല്പിച്ച് എടുത്തു ചാടിയിട്ടുള്ളത്. ഡൽഹിയിൽ നിന്നുള്ള സിപിഐ(എം) പ്രവർത്തകരും നോയിഡയിലുണ്ട്.
ലേബർ കോഡ് സൃഷ്ടിച്ച അരക്ഷിതാവസ്ഥയ്ക്കെതിരായ ചെറുത്തുനിൽപ്പ് രാജ്യത്തെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിൽ പുതിയൊരു ഘട്ടമായിത്തീരും. അസംഘടിത മേഖലയിലെ തൊഴിലാളികളും സ്ത്രീ തൊഴിലാളികളുമായിരിക്കും ഈ മുന്നേറ്റത്തിന്റെ മുന്നിൽ.












Click it and Unblock the Notifications