'വിവരമുള്ള മലയാളികൾ പിന്നെ കോൺഗ്രസിനെ എങ്ങനെ പിന്തുണയ്ക്കും'; മുരളീധരന്റെ പ്രസ്താവനയിൽ റഹീം
തിരുവനന്തപുരം: എഴുത്തും വായനയുമുള്ളവരോടുള്ള പേടി കോണ് കെ മുരളീധരന്‍ എം പിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് എഎ റഹീം എം പി. പുതിയ കാലത്തിനും ഇന്നത്തെ കേരളത്തിനും യോജിക്കാത്ത പാർട്ടിയാണ് കോൺഗ്രസ്സ് എന്നാണ് കെ മുരളീധരൻ പറഞ്ഞു വയ്ക്കുന്നതെന്നും എഴുത്തും വായനയും കാഴ്ചപ്പാടുമില്ലാത്തവർ നേതൃത്വം നൽകുന്ന ഒരു പാർട്ടിയ്ക്ക് എങ്ങനെ ആധുനിക കാലത്തെ കേരളത്തെ മുന്നോട്ട് നയിക്കാൻ കഴിയുമെന്നും റഹീം ഫേസ്ബുക്കിൽ ചോദിച്ചു. റഹീമിന്റെ കുറിപ്പ് ഇങ്ങനെ-

'എഴുത്തും വായനും ഉള്ളവരെ നമ്മുടെ പ്രസ്ഥാനത്തിന് പേടിയാണ്
അങ്ങനെയുള്ളവർ വന്നാൽ എന്തെങ്കിലും ആകും എന്ന പേടിയാണ്." ശ്രീ കെ മുരളീധരന്റെ പ്രതികരണമാണിത്. കോൺഗ്രസ്സിൽ എഴുത്തും വായനയുമുള്ള
ആളുകളെ അടുപ്പിക്കാറില്ല എന്ന സത്യമാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തിയത്.
അപ്പോൾ;വിവരമുള്ള മലയാളികൾക്ക് പിന്നെയെങ്ങനെ കോൺഗ്രസ്സിനെ പിന്തുണയ്ക്കാൻ കഴിയും ?
എഴുത്തും വായനയും കാഴ്ചപ്പാടുമില്ലാത്തവർ നേതൃത്വം നൽകുന്ന ഒരു പാർട്ടിയ്ക്ക് എങ്ങനെ ആധുനിക കാലത്തെ കേരളത്തെ മുന്നോട്ട് നയിക്കാൻ കഴിയും?
ചുരുക്കത്തിൽ, പുതിയ കാലത്തിനും,ഇന്നത്തെ കേരളത്തിനും യോജിക്കാത്ത പാർട്ടിയാണ് കോൺഗ്രസ്സ് എന്നാണ് ശ്രീ കെ മുരളീധരൻ പറഞ്ഞു വയ്ക്കുന്നത്', പോസ്റ്റിൽ റഹീം പറഞ്ഞു.
ഇന്നലെ കോഴിക്കോട് വെച്ചായിരുന്നു മുരളീധരന്റെ പ്രതികരണം. പ്രസ്ഥാനത്തിന് ഒരു തകരാറുള്ളത് എഴുത്തും വായനും ഉള്ളവരെയൊക്കെ പേടിയാണ് എന്നായിരുന്നു മുരളീധരന്റെ പരാമർശം. അങ്ങനെയുള്ളവർക്ക് വിവരം കൂടുമോ? അവർ വന്നാൽ പാർട്ടിയിൽ എന്താകും കാര്യങ്ങൾ എന്നടക്കമാണ് നേതാക്കളുടെ ആശങ്കയെന്നും മുരളീധരൻ പറഞ്ഞിരുന്നു. അതേസമയം അടുത്ത് തന്നെ ഒരു കോൺഗ്രസ് നേതാവ് കൂടി ബി ജെ പിയിലേക്ക് പോയേതക്കുമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിനെതിരേയും മുരളീധരൻ പ്രതികരിച്ചിരുന്നു.
'ന്യൂനപക്ഷവോട്ടുകൾ സമാഹരിക്കാൻ വേണ്ടി മുഖ്യമന്ത്രി പറയുന്ന കല്ലുവെച്ച നുണ അടുത്ത് തന്നെ ഒരു നേതാവ് ബി ജെ പിയിലേക്ക് പോകുമെന്നതാണ്. അപ്പോൾ നമ്മുക്ക് എടയിൽ സംശയമാണ് ആരെങ്കിലും പോകുമോയെന്ന്. ഞാൻ ധൈര്യമായി പറയും ഒരു നേതാവും പോകില്ലെന്ന്. കാരണം ഇവിടെ കെ സുരേന്ദ്രനും വി മുരളീധരനുമൊക്കെ ഉള്ളിടത്തോളം കാലം കേരളത്തിലെ ബി ജെ പി പച്ചപിടിക്കില്ലെന്ന് അറിയാൻ പാഴൂർപടി വരെ പോകേണ്ട കാര്യമൊന്നുമില്ല', എന്നായിരുന്നു മുരളീധരൻ കോഴിക്കോട് പറഞ്ഞത്.












Click it and Unblock the Notifications