'സുരേഷ് ഗോപി ആശ വർക്കർമാർക്ക് മുത്തം കൊടുത്താലും കുഴപ്പമില്ല'; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എന്നാൽ ജനങ്ങൾ ആശാവർക്കർമാർക്കൊപ്പമാണ്. സുരേഷ് ഗോപി ആശ വർക്കർമാർക്ക് മുത്തം കൊടുത്താലും തെറ്റില്ല, കേരള ജനത ഒറ്റക്കെട്ടായാണ് ആശാവർക്കർമാർക്ക് മുത്തം കൊടുക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപി എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയുംകൂടി കൊടുത്തോ എന്നറിയില്ലെന്ന സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥിന്റെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു സുരേന്ദ്രൻ.

'കേരളം ഒറ്റക്കെട്ടായി കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കേണ്ടവരാണ് ആശ വര്‍ക്കര്‍മാര്‍. എന്താ തെറ്റുള്ളത്? ഞങ്ങള്‍ അതില്‍ ഒരു അശ്ലീലവും കാണുന്നില്ല. സുരേഷ് ഗോപി കുട കൊടുത്താല്‍ മാത്രമല്ല, മുത്തം കൊടുത്താലും തെറ്റില്ല. മുത്തം കൊടുക്കാന്‍ യോഗ്യരായിട്ടുള്ളവരാണ് ആശാ വര്‍ക്കര്‍മാര്‍. അതിൽ അശ്ലീലം കാണുന്നവർ സാമൂഹ്യവിരുദ്ധരാണ്. കൊവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമേകിയവരാണ് ആശാവർക്കർമാർ', ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് സമരം ഉദ്ഘാടനം ചെയ്ത് സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്രം കൊടുക്കുന്ന പണമല്ലാതെ എന്ത് പണമാണ് സംസ്ഥാനം ആരോഗ്യമേഖലയ്ക്ക് നീക്കിവെച്ചത്? എൻ എച്ച് എം കൊടുക്കുന്ന ഫണ്ടല്ലാതെ എന്താണ് സംസ്ഥാനത്തിൻ്റെ നീക്കിയിരിപ്പ്? ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിൽ 16% തുകയാണ് കേരളത്തിന് അധികമായി അനുവദിച്ചത്. ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യം. സഹിഷ്ണുതയില്ലാതെയാണ് സർക്കാർ ആശാവർക്കർമാരോട് പെരുമാറുന്നത്. അത് വകവെച്ചു തരാൻ ബി ജെ പി ഒരുക്കമല്ല.
തൊഴിലുറപ്പ് പദ്ധതിയുടെ കാര്യം പോലെ ആശാവർക്കർമാരുടെ കാര്യത്തിലും സി പി എം കളളപ്രചരണമാണ് നടത്തുന്നത്. കേന്ദ്രത്തിന് കണക്ക് കൃത്യമായി കൊടുക്കാതെ കേന്ദ്ര അവഗണനയെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ് സംസ്ഥാന സർക്കാർ. ഒരു രൂപ കേരളത്തിന് കിട്ടേണ്ടത് കേന്ദ്രം തടഞ്ഞ് വെച്ചിട്ടില്ല. പിണറായി വിജയനും വീണാ ജോർജും എല്ലാം കേന്ദ്രത്തിൻ്റെ തലയിലിട്ട് രക്ഷപ്പെടാൻ നോക്കേണ്ട. വ്യാജപ്രചരണത്തിലൂടെ സമരം അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്, സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രൻ, സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ എന്നിവർ സംസാരിച്ചു.












Click it and Unblock the Notifications