അവര്‍ക്കൊന്നും പെണ്‍മക്കളില്ല; സിനിമാ സംഘടനകള്‍ക്കെതിരേ ഭാഗ്യലക്ഷ്മി; ഫെഫ്ക്കയില്‍ നിന്ന് രാജിവച്ചു
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനാക്കിയ ദിലീപിനെ തിരിച്ചെടുക്കാനുള്ള സിനിമ സംഘടനകളുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി. ദിലീപിനെ തിരിച്ചെടുക്കുമെന്ന സൂചന ഇന്നലെ ഫെഫ്ക നേതൃത്വം ഇന്നലെ നല്‍കിയിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതിലുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ഭാഗ്യലക്ഷ്മിയുടെ കടുത്ത നടപടി. ഫെഫ്കയുടെ സജീവ അംഗമാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി.
ഇന്നലെ വന്നത് കീഴ്‌ക്കോടതിയുടെ വിധി മാത്രമാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഇത് അന്തിമവിധിയായി തീര്‍പ്പ് കല്‍പ്പിച്ചുകൊണ്ട് അമ്മയും ഫെഫ്കയും പ്രൊഡ്യുസേഴ്‌സ് അസോസിയേഷനും ദിലീപിനെ തിരിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. സംഘടനാ നേതൃത്വത്തിനെതിരെ വളരെ രൂക്തമായും വൈകാരികമായും പ്രതികരിച്ചാണ് ഭാഗ്യലക്ഷ്മി രാജി പ്രഖ്യാപനം നടത്തിയത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍: അതിജീവിതയോടൊപ്പം ഒരു സംഘടന നില്‍ക്കുന്നില്ലെന്ന് തോന്നിയാല്‍ അവിടെ നിന്നിറങ്ങുകയല്ലാതെ വേറെ വഴിയില്ല. കാരണം അവരെല്ലാം സ്വാധീനമുള്ളവരോടൊപ്പമാണ് സഞ്ചരിക്കുന്നത് എന്നത് അതിജീവിതയുടെ വിഷയം വന്നപ്പോള്‍ മുതല്‍ ഞാന്‍ കണ്ടു കൊണ്ടിരിക്കുന്നതാണ്. ദിലീപിനെ വച്ച് സിനിമ ചെയ്യരുത് എന്ന് ഞാന്‍ പറഞ്ഞതാണ്. വിധി വരട്ടെ എന്നാണ് ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ കീഴ് കോടതി മാത്രമേ വിധി പറഞ്ഞിട്ടുള്ളൂ. അത് തെളിവുകളുടെ അഭാവത്തിലാണ്. അയാള്‍ പൂര്‍ണമായും നിരപരാധിയാണെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ പറയണമെങ്കില്‍ സുപ്രീം കോടതി പറയണം.
മൂന്ന് സംഘടനകളും അതിജീവിതമാരോടൊപ്പം നില്‍ക്കില്ല എന്നത് ഇന്നലെ വ്യക്തമായി. എത്ര വേഗത്തിലാണ് അവര്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. വിധി വന്നാല്‍ തന്നെ ജനറല്‍ കൗണ്‍സില്‍ കൂടി എല്ലാവരുടെയും അഭിപ്രായം അറിഞ്ഞശേഷം മാത്രമേ അയാളെ അംഗമായി സ്വീകരിക്കാന്‍ പാടുള്ളായിരുന്നു. അതിനു മുമ്പ് തിരിച്ചെടുക്കാന്‍ തീരുമാനിക്കാന്‍ നേതൃത്വത്തിന് ആരാണ് അധികാരം നല്‍കിയത്.
എനിക്കൊരു തീരുമാനമെടുക്കാന്‍ ആരുടെയും പിന്തുണ ആവശ്യമില്ല. ഇന്നലെ ഞാനും ഉറങ്ങിയിട്ടില്ല, അതിജീവിതയും ഉറങ്ങിയിട്ടില്ല. രാത്രി മുഴുവന്‍ ഞാന്‍ അവളെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല. ഞാന്‍ നേരം വെളുപ്പിച്ചു സ്വയം ആലോചിച്ച് എടുത്ത തീരുമാനമാണ് രാജി.
ഞാന്‍ രാജി വെച്ചില്ലെങ്കില്‍ അവളോടൊപ്പം സഞ്ചരിക്കുന്നു എന്നു പറയുന്നത് വെറും കള്ളമായി മാറും. അവളോടൊപ്പം ആ വീട്ടില്‍ ഇരിക്കുമ്പോള്‍ ഞങ്ങളെല്ലാം അനുഭവിച്ച ഒരു മാനസികാവസ്ഥയുണ്ട്. അത് ഇവര്‍ക്ക് മനസിലാകില്ല. കാരണം ഇവര്‍ സാധാരണ പുരുഷന്മാരാണ്. ഈ സംസാരിക്കുന്നവരൊന്നും പെണ്‍മക്കളുടെ അച്ഛന്മാര്‍ അല്ല. അവര്‍ക്ക് പെണ്ണിന്റെ മനസ് എന്താണെന്ന് അറിയില്ല. ഇവരാരും അവളെ അവിടെ പോയി കണ്ടിട്ടില്ല അവളെ ഒന്ന് ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ചിട്ടില്ലെന്നും ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു.












Click it and Unblock the Notifications