തിരുവല്ലയില്‍ യുവാവ് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു; 8 ദിവസമായി വെന്റിലേറ്ററിലായിരുന്നു

കൊച്ചി: തിരുവല്ലയിൽ പൊള്ളലേറ്റ വിദ്യാർത്ഥിനി മരിച്ചു. യുവാവ് പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ ഗുരുതര പരിക്കുകളോടെ എട്ട് ദിവസമായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു മരണം സംഭവിച്ചത്.
മാർച്ച് 13ന് യുവാവ് പെൺകുട്ടിയെ നടുറോഡിൽ കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നു. കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവാണ് പ്രതി. സംഭവത്തിന് പിന്നാലെ നാട്ടുകാർ പ്രതിയെ പോലീസിന് കൈമാറുകയായിരുന്നു.
ഇരുവരും പ്രണയത്തിലായിരുന്നെന്നും പെൺകുട്ടിക്ക് മറ്റൊരു പ്രണയം ഉണ്ടെന്ന സംശയത്തിന്റെ പേരിലാണ് തീ കൊളുത്തിയതെന്നും പോലീസ് പറയുന്നു. തിരുവല്ലയിൽ വച്ചു കണ്ടുമുട്ടിയ ഇരുവരും തമ്മിൽ സംസാരിച്ചു വാക്കേറ്റമുണ്ടായി. ഇതിനുപിന്നാലെ കുപിതനായ അജിൻ കൈവശമുണ്ടായിരുന്ന കുപ്പിയിൽ നിന്ന് പെട്രോളൊഴിച്ച് തീ കൊളുത്തുകായിരുന്നു.
ആദ്യം പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച രാവിലെ രക്തസമ്മര്‍ദ്ദം ഉയരുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്തു. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ്.