വിമര്‍ശനത്തിന് നന്ദി; താങ്കള്‍ ഒരു കാര്യം വിട്ടു പോയി, തോമസ് ഐസക്കിന് ശശി തരൂരിന്റെ മറുപടി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട തന്റെ നിലപാടിനെ ചോദ്യം ചെയ്ത ധനമന്ത്രി തോമസ് ഐസക്കിന് മറുപടിയുമായി ശശി തരൂര്‍ എംപി രംഗത്ത്. തിരുവനന്തപുരം എയര്‍പോര്‍ട്ട് വിഷയത്തില്‍ നിലപാടിനെക്കുറിച്ച് ധനമന്ത്രിയുടെ സുചിന്തിതമായ വിമര്‍ശനത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ശശി തരൂരിന്റെ മറുപടി. എന്റെ അഭിപ്രായത്തില്‍ താങ്കള്‍ ഒരു കാര്യം വിട്ടു പോയി, അത് വരുമാനത്തെക്കുറിച്ചല്ല. അത് ഈ എയര്‍പോര്‍ട്ട് വികസനത്തെക്കുറിച്ചാണെന്ന് ശശി തരൂര്‍ പറയുന്നു.
ഏതായാലും താങ്കള്‍ വരുമാനത്തെക്കുറിച്ച് പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം പറയാന്‍ ഉദ്ദേശിക്കുന്നു. ദല്‍ഹി എയര്‍പോര്‍ട്ട് നടത്തുന്ന കണ്‍സോര്‍ഷ്യത്തിന്റെ മുഖ്യ ഭാഗമായ ജിഎംആര്‍ ഗ്രൂപ്പ് വരുമാനത്തിന്റെ 46% എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൊടുക്കാമെന്നാണ് കരാറില്‍ സമ്മതിച്ചിട്ടുള്ളത്. ഇത്ര വരുമാനം സര്‍ക്കാറിന് ഇതിന് മുന്‍പ് കൈവന്നിട്ടില്ല എന്ന സത്യം കൂടി മനസ്സിലാക്കേണ്ടതുണ്ടെന്ന് ശശി തരൂര്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിത്. കുറിപ്പിന്റെ പൂര്‍ണരൂപം..
പ്രിയപ്പെട്ട ഡോക്ടര്‍ തോമസ് ഐസക്,
തിരുവനന്തപുരം എയര്‍പോര്‍ട്ട് വിഷയത്തില്‍ എന്റെ നിലപാടിനെക്കുറിച്ച് താങ്കളുടെ സുചിന്തിതമായ വിമര്‍ശനത്തിന് നന്ദി. എന്റെ അഭിപ്രായത്തില്‍ താങ്കള്‍ ഒരു കാര്യം വിട്ടു പോയി, അത് വരുമാനത്തെക്കുറിച്ചല്ല. അത് ഈ എയര്‍പോര്‍ട്ട് വികസനത്തെക്കുറിച്ചാണ്. വികസനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എയര്‍പോര്‍ട്ടിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് നാട്ടുകാര്‍ക്കും ബിസിനസിനും കുറച്ച് കൂടി നല്ല സൗകര്യം ഒരുക്കുക എന്നതും നിക്ഷേപകരെ തിരുവനന്തപുരത്തേക്ക് ആകര്‍ഷിക്കുക എന്നതുമാണ്.
ഏതായാലും താങ്കള്‍ വരുമാനത്തെക്കുറിച്ച് പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം പറയാന്‍ ഉദ്ദേശിക്കുന്നു. ദല്‍ഹി എയര്‍പോര്‍ട്ട് നടത്തുന്ന കണ്‍സോര്‍ഷ്യത്തിന്റെ മുഖ്യ ഭാഗമായ ജിഎംആര്‍ ഗ്രൂപ്പ് വരുമാനത്തിന്റെ 46% എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൊടുക്കാമെന്നാണ് കരാറില്‍ സമ്മതിച്ചിട്ടുള്ളത്. ഇത്ര വരുമാനം സര്‍ക്കാറിന് ഇതിന് മുന്‍പ് കൈവന്നിട്ടില്ല എന്ന സത്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഇന്ന് മുംബൈയിലെയും ഡല്‍ഹിയിലെയും എയര്‍പോര്‍ട്ടുകളില്‍ നിന്ന് എഎഐക്ക് 2500 കോടി രൂപ പ്രതിവര്‍ഷം ലഭിക്കുന്നുണ്ട്. തിരുവനന്തപുരത്തെ സംബന്ധിച്ചിടത്തോളം, കുറച്ചധികം കൂടി പ്രയോജനങ്ങളുണ്ട്. നമ്മുടെ മോശമായ എയര്‍ കണക്ടിവിറ്റി കാരണം നിക്ഷേപകര്‍ പിന്‍വലിഞ്ഞ് നില്‍ക്കുന്‌പോള്‍ അവരെ നമ്മുടെ തിരുവനന്തപുരത്തേക്ക് ആകര്‍ഷിക്കുക എന്നതാണ് അത്. അതിന്റെ ഉപോല്പന്നങ്ങളാണ് നാട്ടുകാര്‍ക്ക് ജോലി ലഭിക്കുന്നതും ബിസിനസുകള്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ നികുതി വരവ് വര്‍ധിക്കുന്നതും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ